National
സോണിയയുടെ വിവാദ ജീവചരിത്ര പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരണത്തിന്
ന്യൂഡല്‍ഹി: യു പി എ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതിരുന്ന, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജീവിതത്തെ കുറിച്ച് വിവാദ പരാമര്‍ശങ്ങളടങ്ങിയ പുസ്തകം പ്രസിദ്ധീകരണത്തിന്. സ്പാനിഷ് എഴുത്തുകാരന്‍ ജാവിയര്‍ മോറോയുടെ “ദ് റെഡ് സാരി” എന്ന പുസ്തകം റോളി ബുക്‌സാണ് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നത്. 2010ലാണ് പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നിഷേധിച്ചത്.
2010ല്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഔദ്യോഗിക വിലക്ക് ഇല്ലായിരുന്നെങ്കിലും അനുകൂല സാഹചര്യമായിരുന്നില്ല. തുടര്‍ന്ന് ഇത് ശരിയായ സമയമല്ലെന്നും ഇന്ത്യയില്‍ പ്രസിദ്ധീകരിക്കാന്‍ താത്പര്യമില്ലെന്നും കാണിച്ച് സ്പാനിഷ് പ്രസാധകരായ പ്ലനേറ്റ എഴുതുകയായിരുന്നു. ഭരണമാറ്റത്തെ തുടര്‍ന്ന് സോണിയയുടെ അഭിഭാഷകര്‍ക്ക് കത്തെഴുതുകയും അവര്‍ അനുമതി നല്‍കിയിട്ടുമുണ്ടെന്ന് റോളി ബുക്‌സ് പ്രസാധകന്‍ പ്രമോദ് കപൂര്‍ പറഞ്ഞു.
1991ല്‍ ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഇന്ത്യ വിടാന്‍ സോണിയ ഒരുങ്ങിയതായി പുസ്തകത്തിലുണ്ട്. 1975ല്‍ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുമ്പോള്‍ കേന്ദ്ര ബിന്ദുവായിരുന്നത് സോണിയയായിരുന്നെന്നും പരാമര്‍ശമുണ്ട്. ഈ പുസ്തകം ഇറ്റലിയിലും സ്‌പെയിനിലും വന്‍ വിജയമായിരുന്നു. അഞ്ച് ലക്ഷം കോപ്പികളാണ് വിറ്റ് പോയത്.
കള്ളവും അര്‍ധസത്യവും അബദ്ധങ്ങളും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളും പൂര്‍ണമായും ഭാവനയില്‍ നെയ്‌തെടുത്ത സംഭാഷണങ്ങളും അടങ്ങിയതാണ് പുസ്തകമെന്ന് സോണിയയുടെ അഭിഭാഷകര്‍ അറിയിച്ചു.
ഇന്ത്യ വിടാന്‍ ആഗ്രഹിച്ചുവെന്ന പരാമര്‍ശത്തില്‍ സോണിയ ഏറെ വേദനിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹിന്ദി പഠിക്കുന്നതിനെ കുറിച്ച് പരാതിയുള്ളതായും പുസ്തകത്തിലുണ്ട്. കുടുംബത്തിലെ കലഹത്തെ കുറിച്ചും സോണിയയും മനേകാ ഗാന്ധിയും തമ്മിലുള്ള ബന്ധം തകര്‍ന്നതിനെ കുറിച്ചും പുസ്തകം വിവരിക്കുന്നു. ഈയടുത്ത തിരഞ്ഞെടുപ്പുകളില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് ഏറെ ആഘാതമുണ്ടാക്കുന്നതായിരിക്കും പുസ്തകം.