Sports
മെസി ട്രിക്കില്‍ ബാഴ്‌സ
മാഡ്രിഡ്: ലോകഫുട്‌ബോളര്‍ പട്ടം ക്രിസ്റ്റ്യാനോക്ക് മുന്നില്‍ തുടരെ അടിയറ വെച്ചത് മെസിയെ ഉണര്‍ത്തിയോ ? സ്പാനിഷ് ലാ ലിഗയില്‍ ഡിപ്പോര്‍ട്ടിവോ ല കൊരുനയുടെ തട്ടകത്തില്‍ ബാഴ്‌സലോണക്ക് മെസി മിന്നും ജയമൊരുക്കിയത് ഹാട്രിക്ക് നേടിക്കൊണ്ട് (4-0). ബാഴ്‌സക്കായി മെസി നേടുന്ന മുപ്പതാം ഹാട്രിക്കായിരുന്നി ഇത്. അതു പോലെ ലാ ലിഗയിലെ ഇരുപത്തിരണ്ടാമത്തെയും. ലി ലിഗയിലെ ഇതിഹാസ താരങ്ങളായ ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ, ടെല്‍മോ സാറ എന്നിവരുടെ 22 ഹാട്രിക്കുകളുടെ റെക്കോര്‍ഡിനൊപ്പമെത്തിയ മെസിക്ക് മുന്നില്‍ 23 ഹാട്രിക്കുമായി റയലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുണ്ട്. ലാ ലിഗ സീസണില്‍ പത്തൊമ്പത് ഗോളുകള്‍ പൂര്‍ത്തിയാക്കിയ ദിവസം മെസിക്ക് മറ്റൊരു അസുലഭനിമിഷം കൂടിയാണ്. ബാഴ്‌സക്കായി കളിക്കാനിറങ്ങിയ 340 ാം മത്സരത്തില്‍ 340 ഗോളുകള്‍ !
10, 33, 62 മിനുട്ടുകളിലായിരുന്നു മെസിയുടെ ഹാട്രിക്ക്. ബാഴ്‌സയുടെ നാലാം ഗോള്‍ എതിരാളികള്‍ സമ്മാനിച്ചതായിരുന്നു. എണ്‍പത്തിമൂന്നാം മിനുട്ടില്‍ ഡാ സില്‍വ ജൂനിയറാണ് സെല്‍ഫ് ഗോള്‍ നാണക്കേടൊരുക്കിയത്.
ഹെഡറിലൂടെയാണ് മെസി ഡിപ്പോര്‍ട്ടിവോയുടെ വല ആദ്യം കുലുക്കിയത്. രണ്ടാം ഗോള്‍ ബ്രസീലിയന്‍ കൂട്ടുകാരന്‍ നെയ്മറിന്റെ പാസില്‍ നിന്ന്. ഗോള്‍കീപ്പര്‍ ഫാബ്രിസിയോ അഗോസ്റ്റോയുടെ തലക്ക് മുകളിലൂടെ മനോഹരമായി ചിപ് ചെയ്താണ് മെസി രണ്ടാം ഗോള്‍ ആഘോഷിക്കാന്‍ നെയ്മറിനെ മാടിവിളിച്ചത്. നിലം പറ്റെ ഷോട്ടിലൂടെ മൂന്നാം ഗോള്‍.
ബാഴ്‌സ അവസാനം നേടിയ എട്ട് ലീഗ് ഗോളുകളില്‍ ആറും മെസിയുടെ വകയായിരുന്നു.
പത്തൊമ്പത് ലീഗ് മത്സരങ്ങളില്‍ എന്റിക്വെയുടെ ടീം പതിനാലാം ജയമാണ് കുറിച്ചത്. 44 പോയിന്റുമായി ബാഴ്‌സയിപ്പോള്‍ ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാമതുള്ള റയലുമായി ഒരു പോയിന്റിന്റ് വ്യത്യാസം. ഒരു മത്സരം കുറച്ച് കളിച്ച റയലിന് ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരമുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡ് 2-0ന് ഗ്രനഡയെ തോല്‍പ്പിച്ചപ്പോള്‍ റയല്‍ 3-0ന് ഗെറ്റഫെയെയും തകര്‍ത്തു.