Connect with us

Kerala

കലാകിരീടം കോഴിക്കോടും പാലക്കാടും പങ്കിട്ടു

Published

|

Last Updated

കോഴിക്കോട്: കലയുടെ മിഠായിത്തെരുവില്‍ കോഴിക്കോടും പാലക്കാടും കിരീട മധുരം പങ്കിട്ടു. ഏഴ് സുന്ദരരാത്രികള്‍ക്കൊടുവില്‍ വിരുന്നുകാരും വീട്ടുകാരും 916 എന്ന മാന്ത്രിക സംഖ്യയില്‍ ഒപ്പമെത്തിയാണ് കനകകീരീടത്തില്‍ ഒരുമിച്ചു തൊട്ടത്. ആദ്യ ദിനം തൊട്ടേ മുന്നില്‍ക്കയറിയ പാലക്കാടിനൊപ്പം അവസാന ലാപ്പില്‍ കുതിച്ചോടിയാണ് കോഴിക്കോടെത്തിയത്. ആദ്യ ആറ് മാസം കോഴിക്കോടും അടുത്ത ആറ് മാസം പാലക്കാടും സ്വര്‍ണക്കപ്പ് സൂക്ഷിക്കും.
ഫോട്ടോ ഫിനിഷിംഗിലേക്ക് നീണ്ട മഹാമേളയുടെ വിധിപ്രഖ്യാപനത്തിനായി നിറഞ്ഞ സദസ്സ് മണിക്കൂറുകളോളം ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്. സമാപന സമ്മേളനത്തിനായി അതിഥികളെത്തിയിട്ടും ജേതാക്കളാരെന്നറിഞ്ഞില്ല. മണിക്കൂറുകളോളം മാറിമറിഞ്ഞ ഫലം തുല്യതയിലെത്തിയപ്പോഴേക്കും സമാപന സമ്മേളനം തുടങ്ങിയിരുന്നു. പത്മശ്രീ ജയറാം ജേതാക്കളെ പ്രഖ്യാപിച്ചപ്പോള്‍ ക്രിസ്ത്യന്‍ കോളജിലെ പ്രധാന വേദി അക്ഷരാര്‍ഥത്തില്‍ ഇളകിമറിഞ്ഞു. വിജയികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ട്രോഫികള്‍ സമ്മാനിച്ചു. 916 പോയിന്റ് നേടിയ ആദ്യ ജില്ലക്കാര്‍ക്ക് പിറകില്‍ 899 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തെത്തി. 889 പോയിന്റുള്ള കണ്ണൂരാണ് മൂന്നാമത്. 870 പോയിന്റുള്ള മലപ്പുറം നാലാം സ്ഥാനവും 860 പോയിന്റുള്ള എറണാകുളം അഞ്ചാമതുമെത്തി. അറബിക് കലോത്സവത്തില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട്, ആലപ്പുഴ ജില്ലകള്‍ 95 പോയിന്റ് പങ്കിട്ട് ഒന്നാം സ്ഥാനത്തെത്തി. 91 പോയിന്റ് നേടിയ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. സംസ്‌കൃതോത്സവത്തില്‍ 95 പോയിന്റുമായി കോഴിക്കോട്, കൊല്ലം, തൃശൂര്‍, എറണാകുളം ജില്ലകള്‍ ഒപ്പമെത്തി. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് രണ്ടാമത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 116 പോയിന്റ് നേടി ആലത്തൂര്‍ ഗുരുകുലം ബി എസ് എസ് സ്‌കൂള്‍ മുന്നിലെത്തി. 108 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച് എസ് എസ് രണ്ടാം സ്ഥാനം നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 155 പോയിന്റ് നേടി കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച് എസ് എസ് ഒന്നാമതും 116 പോയിന്റുമായി മാന്നാര്‍ ബോയ്‌സ് എച്ച് എസ് എസ് രണ്ടാമതുമെത്തി. 56ാം സ്‌കൂള്‍ കലോത്സവം നടക്കുന്ന എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോ കുന്നപ്പള്ളിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല കലോത്സവ പതാക കൈമാറി.

 

1 . Palakkad : 916
2 . Kozhikode : 916
3 . Thrissur : 899
4 . Kannur : 889
5 . Malappuram : 870
6 . Ernakulam : 860
7 . Alappuzha : 846
8 . Kottayam : 844
9 . Kollam : 839
10 . Thiruvananthapuram : 833
11 . Kasaragod : 832
12 . Wayanad : 811
13 . Pathanamthitta : 748
14 . Idukki : 720

Point Details

Latest