Kerala
പാലക്കാടന്‍ കാറ്റില്‍ സാമൂതിരി കോട്ട ഇളകി; പക്ഷേ വീണില്ല
പാലക്കാടന്‍ കാറ്റില്‍ സാമൂതിരി കോട്ട ഇളകിയെങ്കിലും വീണില്ല. കൗമാര കലാമേളയില്‍ കോഴിക്കോടിന്റെ ആധിപത്യത്തിന് മറ്റൊരു ചരിതം സ്വന്തം തട്ടകത്തില്‍ കുറിക്കപ്പെട്ടു. അവസാന നിമിഷം വരെ പാലക്കാടുമായി ഇഞ്ചോടിഞ്ച് പോരാടി കിരീടം പങ്കുവെച്ച കോഴിക്കോട് ഇതിനകം 16 തവണ കലാകിരീടത്തില്‍ മുത്തമിട്ടു.
2007 മുതല്‍ കനകകിരീടവുമായി കോഴിക്കോട് ജൈത്രയാത്ര തുടരുകയാണ്. തുടര്‍ച്ചയായി ഒമ്പത് തവണ കിരീടം കോഴിക്കോടന്‍ മണ്ണില്‍ എത്തി. 2007 ലെ കണ്ണൂരില്‍, 2008ല്‍ കൊല്ലം, 2009ല്‍ തിരുവനന്തപുരം, 2010ല്‍ കോഴിക്കോട്, 2011 ല്‍ കോട്ടയം, 2012ല്‍ തൃശൂര്‍, 2013ല്‍ മലപ്പുറം, 2014ല്‍ പാലക്കാട് എന്നിവിടങ്ങളിലെല്ലാം കോഴിക്കോടന്‍ വെന്നിക്കൊടി പാറി. ഇത്തവണ സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ ഒമ്പതാം കിരീടം പൂര്‍ത്തിയാക്കിയപ്പോള്‍ അവര്‍ക്കൊപ്പം പാലക്കാടും ഉണ്ടായി.
പാലക്കാട് മൂന്ന് തവണയാണ് കലാകിരീടം നേടിയത്. 2006ല്‍ എറണാകുളത്തു നടന്ന കലോത്സവത്തിലാണ് പാലക്കാട് ജില്ല അവസാനമായി ചാമ്പ്യന്മാരായത്. 2005ലെ തിരൂര്‍ കലോത്സവത്തിലും ഇവര്‍ക്കായിരുന്നു കിരീടം. കഴിഞ്ഞ തവണ പാലക്കാട്ടു നടന്ന കലോത്സവത്തില്‍ ഫോട്ടോഫിനിഷിലായിരുന്നു കോഴിക്കോട് ഇവരെ മറികടന്നത്. സ്വന്തം തട്ടകത്തില്‍ നിന്ന് കീരീടവുമായി പോന്നവരുടെ മണ്ണിലെത്തി കീരീടം തിരിച്ചു പിടിച്ച് വാശി തീര്‍ക്കുകയായിരുന്നു കരിമ്പനയുടെ നാട്ടുകാര്‍ക്കായി.