Connect with us

Ongoing News

ഐപിഎല്‍ ഒത്തുകളിയില്‍ മെയ്യപ്പന് പങ്കെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ബി സി സി ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെട്ട എന്‍ ശ്രീനിവാസന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. ബി സി സി ഐയുടെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്ക് ശ്രീനിവാസന്‍ മത്സരിക്കുന്നതിന് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തി. ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയുമായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ സഹ ഉടമയായ രാജ് കുന്ദ്ര എന്നിവര്‍ ഐ പി എല്‍ വാതുവെപ്പ് കേസില്‍ കുറ്റക്കാരാണെന്നും ജസ്റ്റിസുമാരായ ടി എസ് ഠാക്കൂര്‍, ഫക്കീര്‍ മുഹമ്മദ് ഇബ്‌റാഹിം ഖലീഫുല്ല എന്നിവരടങ്ങിയ ബഞ്ച് വിധിച്ചു.

ഇരുവര്‍ക്കും നല്‍കേണ്ട ശിക്ഷ ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ മൂന്നംഗ സമിതിയെയും നിയമിച്ചു. ജസ്റ്റിസുമാരായ അശോക് ബാന്‍, ആര്‍ വി രവീന്ദ്രന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഐ പി എല്‍ വാതുവെപ്പ് കേസില്‍ ശ്രീനിവാസന് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിലുള്ള വാണിജ്യ താത്പര്യം കണക്കിലെടുത്ത് ശ്രീനിവാസനോട് ബി സി സി ഐയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. ശ്രീനിവാസന്‍ എം ഡിയായ ഇന്ത്യ സിമന്റ്‌സ് കമ്പനിക്ക് ചെന്നൈ ടീമില്‍ പങ്കാളിത്തമുണ്ട്. ഇത് ഒഴിവാകുകയാണെങ്കില്‍ ശ്രീനിവാസന് മത്സരിക്കാനായേക്കും. ശ്രീനിവാസന് ബി സി സി ഐ നേതൃസ്ഥാനത്തെത്താന്‍ 2008ല്‍ കൊണ്ടുവന്ന ഐ പി എല്‍ നിയമഭേദഗതി കോടതി റദ്ദാക്കി.
ബി സി സി ഐയുടെ ഭരണനിര്‍വഹണത്തിലുള്ളവര്‍ക്ക് ഐ പി എല്‍ ടീം ഉടമസ്ഥരാകാമെന്നും നിയമ ഭേദഗതി വരുത്തിയിട്ടുണ്ട്. ഐ പി എല്‍ ടീം സ്വന്തമാക്കാന്‍ ബി സി സി ഐയുടെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയ നടപടിയെ സുപ്രീം കോടതി അപലപിച്ചു. ആറ് ആഴ്ചക്കുള്ളില്‍ ബി സി സി ഐ തിരഞ്ഞെടുപ്പ് നടത്തണമെന്നും വ്യക്തിതാത്പര്യങ്ങളുള്ളവര്‍ മത്സരിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയും യഥാക്രമം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും ടീം ഒഫീഷ്യലുകളാണെന്നും ഇവര്‍ക്ക് വാതുവെപ്പുമായി നേരിട്ട് ബന്ധമുണ്ടെന്നും വ്യക്തമായതായി കോടതി നിരീക്ഷിച്ചു. മെയ്യപ്പന് ചെന്നൈ ടീമുമായി ബന്ധമില്ലെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ കോടതി തള്ളി.
ടീം അംഗങ്ങള്‍ക്കും ഉടമകള്‍ക്കുമൊപ്പം ടീമിനെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര അന്വേഷണ സമിതിയാകും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. ഇതോടെ ചെന്നൈ, രാജസ്ഥാന്‍ ടീമുകളുടെ ഭാവി അനിശ്ചിതത്വത്തിലായി. ഐ പി എല്‍ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ സുന്ദര്‍ രാമനെതിരെയുള്ള ആരോപണങ്ങളും മൂന്നംഗ സമിതി അന്വേഷിക്കും.
വാതുവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച മുദ്ഗല്‍ കമ്മിറ്റി ശരിയായ രീതിയിലാണ് അന്വേഷണം നടത്തിയതെന്നും സമിതിയുടെ കണ്ടെത്തലുകള്‍ പുനഃപരിശോധിക്കേണ്ടതില്ലെന്നും കോടതി വിലയിരുത്തി. ബി സി സി ഐ പൊതുസ്ഥാപനമാണ്. ബി സി സിയുടെ നടപടികള്‍ നീതിന്യായ വ്യവസ്ഥക്ക് വിധേയമാണെന്നും 130 പേജുള്ള വിധിന്യായം വായിക്കുന്നതിനിടെ കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധിയോട് പ്രതികരിക്കാന്‍ എന്‍ ശ്രീനിവാസന്‍ തയ്യാറായിട്ടില്ല.
സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബി സി സി ഐ അധ്യക്ഷനുമായിരുന്ന ശരത് പവാര്‍ പ്രതികരിച്ചു.