National
ഒബാമക്ക് ദൃശ്യവിരുന്നൊരുക്കുന്നത് 'റഷ്യ'
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ സേനകള്‍ ഒരുക്കുന്ന ദൃശ്യവിസ്മയങ്ങളില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമക്ക് ആസ്വദിക്കേണ്ടി വരിക റഷ്യന്‍ പെരുമ. റഷ്യയുമായി ഇന്ത്യക്ക് പതിറ്റാണ്ടുകള്‍ പഴക്കമുള്ള സൈനിക ബന്ധമുള്ളതിനാലാണിത്. അമേരിക്കന്‍ നിര്‍മിത പോര്‍വിമാനങ്ങളും മറ്റും ഉണ്ടെങ്കിലും അവ വളരെ കുറച്ചേയുള്ളൂ.
90 മിനുട്ട് നീണ്ടുനില്‍ക്കുന്ന പരേഡില്‍ അമേരിക്കന്‍ നിര്‍മിത പി81 സമുദ്ര നിരീക്ഷണ പോര്‍വിമാനം, സി-130ജെ വിമാനം, സി-17 ഗ്ലോബ്മാസ്റ്റര്‍ ഹെവി ലിഫ്റ്റ് എയര്‍ക്രാഫ്റ്റ് എന്നിവയുടെ അഭ്യാസപ്രകടനം ഉണ്ടാകും. റിപ്പബ്ലിക് ദിന പരേഡില്‍ ഇവയുടെ കന്നി പ്രകടനമാണ് ഇന്നുണ്ടാകുക. എന്നാല്‍ അഭ്യാസ പ്രകടനത്തിന് തുടക്കം കുറിച്ച് ആകാശത്ത് ത്രിവര്‍ണ പതാക വിരിയിക്കുന്നത് റഷ്യന്‍ മിഗ് ഹെലികോപ്ടറുകളാണ്. അതേസമയം, റഷ്യയില്‍ കൊണ്ടുവന്ന ടി-90 ഭീഷ്മ ടാങ്ക് പരേഡ് നടത്തുന്നുണ്ടാകും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അര്‍ജുന്‍ എം ബി ടിയുടെ നിര്‍മാണം വൈകിയതിനെ തുടര്‍ന്നാണ് ഇത് കൊണ്ടുവന്നത്. റഷ്യന്‍ രണ്ടാം തലമുറ നിരയില്‍ പെട്ട ബി എം പി- രണ്ട് (ശരത്) ടാങ്കുമുണ്ടാകും പിന്നില്‍. കുഴിബോംബുകള്‍ കണ്ടെത്താനുള്ള ടി-72 ടാങ്കും റഷ്യന്‍ നിര്‍മിതമാണ്. തുടര്‍ന്ന് ലോകത്തിലെ വേഗമേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പ്രദര്‍ശനമുണ്ടാകും. റഷ്യയുടെ എന്‍ പി ഒ മഷിണോസ്‌ട്രോയീനയുടെയും ഇന്ത്യയുടെ ഡി ആര്‍ ഡി ഒയുടെയും സംയുക്ത സംരഭത്തിലാണ് ബ്രഹ്‌മോസ് പിറന്നത്.
അന്തര്‍വാഹിനി, കപ്പല്‍, വിമാനം, കര എന്നിവയില്‍ നിന്ന് ബ്രഹ്‌മോസ് വിക്ഷേപിക്കാം. ആകാശാഭ്യാസത്തില്‍ പ്രധാന ആകര്‍ഷണമായ സുഖോയ്-30 എം കെ ഐയും റഷ്യയുടെ സഹകരണത്തോടെയുള്ളതാണ്. നാവിക സേനയുടെ മിഗ്-29കെയും ഇതിന് ശേഷം അഭ്യാസം നടത്തും. 1980ല്‍ വ്യോമസേന 50 മിഗ്-29 ഓര്‍ഡര്‍ ചെയ്തതോടെ ഇന്ത്യയാണ് ഇതിന്റെ അന്താരാഷ്ട്ര ഉപഭോക്താവ്.