National
ആണവ ബാധ്യത: ഇന്‍ഷ്വറന്‍സ് നിധി കൃത്യമായ കീഴടങ്ങല്‍
ന്യൂഡല്‍ഹി: ശതകോടി ഡോളറുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആണവ കരാറിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യയും അമേരിക്കയും നടത്തിയത് പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തെ നോക്കുകുത്തിയാക്കുന്ന നീക്കുപോക്കുകള്‍. യു പി എ സര്‍ക്കാറിന്റെ കാലത്ത് പാസ്സാക്കിയ ആണവ ബാധ്യതാ ബില്‍ പ്രകാരം വിദേശ കമ്പനികള്‍ സപ്ലേ ചെയ്യുന്ന ആണവ സാമഗ്രികളുടെ തകരാറ് കൊണ്ട് ദുരന്തങ്ങള്‍ ഉണ്ടായാല്‍ പരമാവധി 1500 കോടി നഷ്ടപരിഹാരം നല്‍കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ടായിരുന്നു. ഇരകള്‍ക്ക് കോടതിയില്‍ പോകാനും സാധിക്കുമായിരുന്നു. എന്നാല്‍ ഇത് മറികടക്കാന്‍ ഇന്‍ഷ്വറന്‍സ് നിധി എന്ന പുതിയ സംവിധാനം കൊണ്ടുവരാനാണ് ഇന്നലെ ഒബാമയും മോദിയും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായത്. എന്നുവെച്ചാല്‍ ആണവ അപകട ബാധ്യത ഇന്ത്യയുടെ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ചുമലിലേക്ക് വരുന്നു. തുച്ഛമായ പ്രീമിയത്തിന്റെ പുറത്ത് കമ്പനികള്‍ ബാധ്യതയില്‍ നിന്ന് പൂര്‍ണമായി രക്ഷപ്പെടുകയാണ്. ഇതുവഴി, ആണവ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന അമേരിക്കയുടെ പിടിവാശി വിജയിച്ചിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
ആണവ സങ്കേതങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെയോ മറ്റ് വിദേശരാജ്യങ്ങളെയോ അനുവദിക്കില്ലെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചുവെന്ന് പറയുന്നത് വലിയ കാര്യമല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്‍ഡ് യൂസ് കരാറില്‍ ഇന്ത്യ ഒപ്പു വെച്ചിട്ടില്ലാത്ത സ്ഥിതിക്ക് നിലവില്‍ തന്നെ ഇത്തരം പരിശോധന സാധ്യമല്ലെന്നതാണ് വസ്തുത.
ആണവ അപകടമുണ്ടായാല്‍ ബാധ്യത ആര് ഏറ്റെടുക്കുമെന്നതിലാണ് തര്‍ക്കം നിലനിന്നിരുന്നത്. ഇത് മറികടക്കാന്‍ ആണവ ഇന്‍ഷ്വറന്‍സ് നിധി രൂപവത്കരിക്കാന്‍ നരേന്ദ്ര മോദി നേരത്തേ തന്നെ ശ്രമം തുടങ്ങിയതാണ്. 2008ല്‍ അമേരിക്കയുമായി സിവില്‍ ആണവ സഹകരണ കരാര്‍ നിലവില്‍ വന്നെങ്കിലും 2010ലെ ബാധ്യതാ നിയമത്തിന്റെ സാന്നിധ്യം ഒന്നു കൊണ്ടു മാത്രം പാശ്ചാത്യ കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ മടിക്കുകയായിരുന്നു. അതേസമയം, ഊര്‍ജ പ്രതിസന്ധി അനുഭവിക്കുന്ന ഇന്ത്യയില്‍ ആണവ സാമഗ്രികള്‍ക്കും ഇന്ധനത്തിനും വന്‍ കമ്പോളം ഉണ്ടെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. യു എസ് ജപ്പാന്‍ സംയുക്ത സംരംഭമായ ജി ഇ ഹിറ്റാച്ചി, തോഷിബയുടെ വെസ്റ്റിംഗ് ഹൗസ് ഇലക്ട്രിക് കമ്പനി, ഫ്രാന്‍സിന്റെ അരീവാ എന്നിവ രണ്ട് വീതം റിയാക്ടറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ന്യൂക്ലിയര്‍ ഇന്‍ഷ്വറന്‍സ് പൂള്‍ രൂപവത്കരിക്കുന്നതിന് പൊതു മേഖലാ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് രൂപരേഖ തയ്യാറാക്കുന്നത്. ഇതുവഴി മൂന്നാം കക്ഷി വിദേശ കമ്പനികളെ നേരിട്ടുള്ള ബാധ്യതയില്‍ നിന്ന് രക്ഷിക്കാമെന്നാണ് കണക്കുകൂട്ടല്‍. ആണവ റിയാക്ടര്‍ സ്ഥാപിക്കാന്‍ കരാറെടുക്കുന്ന കമ്പനികള്‍ തന്നെയാകും ആദ്യം ഇന്‍ഷ്വറന്‍സ് തുകയടക്കുക. പിന്നീട് സര്‍വീസ് ചാര്‍ജായി ഇത് തിരിച്ച് ഈടാക്കും.
ഫലത്തില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍ പി സി ഐ എല്‍)ന്റെ മേല്‍ ബാധ്യത പതിക്കും. രണ്ട് മാസത്തിനകം അന്തിമ രൂപമാകുന്ന നിര്‍ദേശം പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തെ മറികടക്കാനുള്ള കുറുക്കു വഴിയാണ് ഇന്‍ഷ്വറന്‍സ് പൂളെന്ന് വ്യക്തമാണ്.
രണ്ട് ദശകത്തിനകം ആണവ മേഖലയില്‍ നിന്ന് 62,000 മേഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇപ്പോള്‍ അത് 4,780 മെഗാവാട്ട് മാത്രമാണ്. അതേസമയം, ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളെല്ലാം ആണവ ഊര്‍ജത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ഈ സാഹചര്യത്തില്‍ റിയാക്ടറുകളുടെ കമ്പോളം കുത്തനെ ഇടിയും. ഇതാണ് ജി ഇ അടക്കമുള്ളവര്‍ ഇന്ത്യയില്‍ കണ്ണുംനട്ടിരിക്കുന്നതിന്റെ പശ്ചാത്തലം.