National
രാജ്യം റിപബ്ലിക് ദിനം ആഘോഷിച്ചു
റിപ്പബ്ലിക് ദിന പരേഡ് – തത്സമയം (കടപ്പാട് – ദൂരദര്‍ശന്‍)
ന്യൂഡല്‍ഹി: ഇന്ത്യയുടെ 66ാമത് റിപ്പബ്ലിക് ദിന ആഘോഷം രാജ്യതലസ്ഥാനത്ത് നടന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. യു എസ് പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയായി പങ്കെടുത്തതിനാല്‍ പതിവിലേറെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു ഇത്തവണത്തെ ആഘോഷം. റിപബ്ലിക് ദിനത്തിന്റെ മുഖ്യ ആകര്‍ഷണമായ സൈനിക പരേഡ് ഒബാമ പ്രധാനമന്ത്രിക്കൊപ്പം ഇരുന്ന് വീക്ഷിച്ചു. കര, നാവിക, വ്യോമ സേനാ അംഗങ്ങള്‍ അണിനിരക്കുന്ന പരേഡ് വ്യത്യസ്തതകളാല്‍ ആകര്‍ഷകമായിരുന്നു. ഇന്ത്യയുടെ കരുത്തും പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു പരേഡ്. പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സല്യൂട്ട് സ്വീകരിച്ചു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മധ്യദൂര മിസൈല്‍, വെപ്പണ്‍ ലൊക്കേറ്റിങ് റഡാര്‍, ആന്‍ഡി സബ്മറൈന്‍ എയര്‍ക്രാഫ്റ്റ്, അത്യാധുനിക യുദ്ധവിമാനമായ മിഗ്29 തുടങ്ങിയവ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. ഇവ കൂടാതെ നിശ്ചല ദൃശ്യങ്ങളും നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളും പരേഡിന് കരുത്ത് പകര്‍ന്നു.
ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് ദേശീയപതാകയെ അഭിവാദ്യം ചെയ്ത് 21 ആചാരവെടി മുഴങ്ങി. ഇതിന് ശേഷം മുഖ്യാതിഥിയായ ബരാക് ഒബാമ ജനപഥിലെത്തി. വിശിഷ്ടാതിഥികള്‍ രാഷ്ട്രപതിയുടെ വാഹനത്തില്‍ വരുന്ന പതിവ് തെറ്റിച്ച് അദ്ദേഹം സ്വന്തം കാറിലാണ് എത്തിയത്. ഭാര്യ മിഷേല്‍ ഒബാമയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പിന്നീട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥിലെത്തി. ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സൈനികര്‍ക്കുള്ള ബഹുമതികളും സമ്മാനിച്ചു. ഇതിന് ശേഷമാണ് സൈനിക പരേഡ് ആരംഭിച്ചത്.
ഡല്‍ഹിയില്‍ കനത്ത തണുപ്പ് തുടരുന്നതും ചാറ്റല്‍ മഴ ഉണ്ടായതും റിപബ്ലിക് ദിനാഘോഷങ്ങളെ ബാധിച്ചില്ല.