Kerala
എം എ ബേബി വന്‍ മാര്‍ജിനില്‍ തോറ്റത് പാര്‍ട്ടിക്ക് സംഭവിച്ച കനത്ത തിരിച്ചടി

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി വലിയ മാര്‍ജിനില്‍ പരാജയപ്പെടാനിടയായത് പാര്‍ട്ടിക്ക് സംഭവിച്ച കനത്ത തിരിച്ചടിയാണെന്ന് സി പി എം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. എം എ ബേബിയുടെ തോല്‍വിയും ആര്‍ എസ് പിയുടെ മുന്നണി മാറ്റവുമാണ് ആദ്യദിവസം സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.
കേവലമൊരു ലോക്‌സഭാ സീറ്റിന് വേണ്ടി മറുകണ്ടം ചാടി മത്സര രംഗത്തിറങ്ങിയ എന്‍ കെ പ്രേമചന്ദ്രനോട് ബേബി ദയനീയമായി പരാജയപ്പെട്ടത് സംഘടനാ ദൗര്‍ബല്യങ്ങള്‍ മൂലമാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. നേതാക്കള്‍ വ്യക്തി താത്പര്യത്തിന് മുന്‍തൂക്കം നല്‍കി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതും ബേബിയുടെ പരാജയത്തിനിടയാക്കി. ബേബിയുടെ പരാജയത്തിന് കാരണം പാര്‍ട്ടിയിലെ ഐക്യമില്ലായ്മയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആര്‍ എസ് പി കൂടി ഉള്‍പ്പെടുന്നതാണ് ജില്ലയില്‍ മുന്നണിയുടെ ശക്തിയെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ നേതൃത്വത്തിന് സാധിച്ചില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജില്ലയില്‍ പാര്‍ട്ടിയുടെ സ്ഥിതി ആശങ്കാജനകമാണ്.
ജില്ലാ സെക്രട്ടറി കെ രാജഗോപാലാണ് 448 പേജുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ജില്ലയിലെ സംഘടനാസ്ഥിതി പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദന്‍ സമിതി റിപ്പോര്‍ട്ടിലെ പരാമര്‍ശവും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. നെടുവത്തൂരിലും കൊട്ടാരക്കരയിലുമടക്കം ചിലയിടങ്ങളില്‍ നിലനില്‍ക്കുന്ന വിഭാഗീയതയെപ്പറ്റിയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലോക്കല്‍ തലം വരെയുളള പാര്‍ട്ടി ഘടകങ്ങളുടെ ദൗര്‍ബല്യം ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്.