Connect with us

Articles

എ എ പിയും ബി ജെ പിയും

Published

|

Last Updated

ഡല്‍ഹി ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പിനെ നേരിടുന്നു. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല”ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും പല നിലക്കുമുള്ള വിലപേശലുകളെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ എ എ പിയെന്ന അന്നത്തെ തിരുത്തല്‍ ശക്തി ഭരണത്തിലേറുകയുമായിരുന്നു. 49 ദിവസം മാത്രമേ ആ ഭരണം നിലനിന്നുള്ളൂ. ജന്‍ ലോക്പാല്‍ ബില്‍ നിയമസഭയില്‍ പാസാക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും സമ്മതിക്കാത്തതിനെ തുടര്‍ന്ന് എ എ പി സ്ഥാപകന്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചൊഴിഞ്ഞു. അധികാരമൊഴിഞ്ഞത് കെജ്‌രിവാള്‍ ചെയ്ത വലിയ പോഴത്തമായിരുന്നു. 40 കോടി രൂപയാണ് അന്ന് വെറുതെയായത്- തിരഞ്ഞെടുപ്പിന് ചെലവ് വന്ന 40 കോടി. പോലീസ്, ഉദ്യോഗസ്ഥര്‍ തുടങ്ങി ഒരു ലക്ഷത്തിലേറെ പേരുടെ മാനുഷികാധ്വാനവും. ജനങ്ങളുടെ വോട്ടും പാഴായി. അതേസമയം, ചുരുങ്ങിയ ദിവസം കൊണ്ട് രാജ്യത്തൊന്നാകെ തരംഗം സൃഷ്ടിക്കാന്‍ എ എ പിക്ക് സാധിച്ചുവെന്നത് അവിതര്‍ക്കിതമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോള്‍, എ എ പി തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി ഇറങ്ങിപ്പുറപ്പെട്ടെങ്കിലും എ എ പിയെന്ന ശിശുവിനെ അംഗീകരിക്കേണ്ടിവന്നിരിക്കുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴക്കി രാംലീല മൈതാനത്ത് കഴിഞ്ഞയാഴ്ച മോദി പ്രസംഗിച്ചപ്പോള്‍, കെജ്‌രിവാളെന്ന ശത്രുവിനെ അംഗീകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അരാജകവാദികള്‍ കാട്ടില്‍ പോയി മാവോയിസ്റ്റുകള്‍ക്കൊപ്പം ചേരണമെന്ന് മോദി പറയുമ്പോള്‍, അത് കെജ്‌രിവാളിനെ ആക്രമിക്കുന്നു എന്നതിനെക്കാള്‍ ഒരു നവജാത കക്ഷിയുടെ നേതാവിനെ അംഗീകരിക്കുന്ന ധ്വനിയാണുണ്ടാക്കിയത്. മോദിയുടെ ശൈലിവെച്ച് കെജ്‌രിവാളിനെ പാടേ അവഗണിക്കേണ്ടതായിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ പി ആര്‍ വിഭാഗം, കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഒരു ജനപക്ഷകക്ഷി ഉദയം ചെയ്യുന്നത് മുതലുള്ള ചരിത്രം തേടിപ്പിടച്ചിട്ടുണ്ടാകും. കെജ്‌രിവാളിന്റെ മുഴുവന്‍ പ്രസംഗങ്ങളുടെയും വീഡിയോയും ഓഡിയോയും പലവുരു പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുണ്ടാകും. ആ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഫലമാണ് അരാജകവാദവും മാവോയിസ്റ്റുകളോട് കൂട്ടുകൂടാനുള്ള ഉപദേശവും. കാരണം, കെജ്‌രിവാള്‍ രാജിവെച്ച് ദിവസങ്ങള്‍ക്കകം അദ്ദേഹം പറഞ്ഞിരുന്നല്ലോ; “നിങ്ങള്‍ അങ്ങനെ വിളിക്കുന്നെങ്കില്‍ ഞാന്‍ അരാജകവാദിയാണ്” എന്ന്. ചുരുക്കത്തില്‍, ബി ജെ പി- എ എ പി പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നത്. ഇച്ഛാഭംഗത്താലോ വിപ്ലവം പാതിവഴിക്ക് ഉപേക്ഷിച്ചതിനാലോ എന്തോ എ എ പിയോട് സലാം പറഞ്ഞവരെ അണിനിരത്തിയ മത്സരത്തിനാണ് അമിത് ഷാ തയ്യാറെടുക്കുന്നത്. ജന്‍ ലോക്പാല്‍ വിഷയത്തില്‍ രാജ്യത്തെ ഇളക്കിമറിച്ച, യുവജനതയെ കൈയിലെടുത്ത, ആം ആദ്മിക്ക് വിത്ത് പാകിയ ഫലഭൂയിഷ്ഠമായ അന്നാ ഹസാരെയുടെ ലോക്പാല്‍ സമരത്തില്‍ കെജ്‌രിവാളിനൊപ്പം തുല്യപങ്കാളിത്തം വഹിച്ച “അയണ്‍ ലേഡി” കിരണ്‍ ബേദിയാണ് ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അന്നാ ഹസാരെയുടെ ആദ്യസമരമൊഴിച്ച് മറ്റെല്ലാം നനഞ്ഞപടക്കമായിരുന്നെങ്കിലും കെജ്‌രിവാളിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദയത്തിന് അത് വഹിച്ച പങ്ക് ചെറുതല്ല. മരിക്കും വരെ നിരാഹാരസമരമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ആപത്ഘട്ടം വരുമ്പോള്‍ യാതൊരു ഉറപ്പുമില്ലാതെ സമരം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നൂ ഹസാരെക്ക്. എന്നാല്‍ കെജരിവാള്‍ തന്ത്രപരമായി പ്രായോഗിക രാഷ്ട്രീയ ബുദ്ധി പുറത്തെടുത്തു. ആശയം മാത്രം പോരാ നിലനില്‍ക്കാന്‍ അധികാരവും വേണമെന്ന ബുദ്ധിക്ക് ചാണക്യന്‍ വേണമെന്നില്ലല്ലൊ. എ എ പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദയത്തോടെ ഹസാരെയും കെജരിവാളും രണ്ട് വഴിക്കായി. ആ സമയത്ത് കെജ്‌രിവാളിനെതിരെ ഹസാരെയുടെ പ്രസ്താവനകളുമുണ്ടായി. (അതോ അദ്ദേഹത്തെ കൊണ്ട് ആരെങ്കിലും പറയിപ്പിച്ചതോ?). ഒടുവില്‍ ആ മനോഭാവത്തിന് മാറ്റം വരാന്‍ ഡല്‍ഹിയിലെ അധികാരാരോഹണം വരെ വേണ്ടിവന്നു. കെജ്‌രിവാള്‍ മുഖ്യമന്ത്രി ആയപ്പോഴും ഹസാരെക്കൊപ്പം റാളെഗണ്‍ സിദ്ധിയിലായിരുന്നു കിരണ്‍ ബേദി. മനുഷ്യാവകാശവും അഴിമതിവിരുദ്ധ പോരാട്ടവുമായി അവര്‍ ഹസാരെക്കൊപ്പം കഴിഞ്ഞുകൂടി. എന്നാല്‍ കെജ്‌രിവാളുമായി യാതൊരു അഭിപ്രായവ്യത്യാസവും പ്രകടിപ്പിച്ചില്ല. മറിച്ച്, അഴിമതിവിരുദ്ധ പോരാട്ടത്തിനും വര്‍ഗീയവിരുദ്ധ നിലപാടിനും വളവും വെള്ളവും നല്‍കി. മോദിക്കെതിരെയും ആഞ്ഞടിച്ചു. ഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് കോടതി ശുദ്ധിപത്രം നല്‍കിയപ്പോഴും പാപക്കറ എളുപ്പം മായ്ച്ചുകളയാന്‍ സാധിക്കില്ലെന്ന് ട്വീറ്റ് ചെയ്തു അവര്‍. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാര്യം കീഴ്‌മേല്‍ മറിഞ്ഞു. “പാപക്കറയുള്ള” കരങ്ങള്‍ വികസനത്തിന്റെ, സമഭാവനയുടെ, മതേതരത്വത്തിന്റെ കരങ്ങളായി. ഡല്‍ഹിയില്‍ സുസ്ഥിരവും ശക്തവും അഴിമതിമുക്തവുമായ സര്‍ക്കാര്‍ ആവശ്യമാണെന്നും തന്റെ സമയവും ഊര്‍ജവും ഡല്‍ഹിയെ ലോകനിലവാരമുള്ള തലസ്ഥാനമാക്കി ഉയര്‍ത്തുന്നതിന് വേണ്ടി ഉപയോഗിക്കുമെന്നുമാണ് അംഗത്വമെടുത്ത ശേഷം കിരണ്‍ ബേദി പറഞ്ഞത്. “”മോദിയുടെ നേതൃപാടവം മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കും. കെജ്‌രിവാളിനെതിരെ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍ തയ്യാറാണ്. തോല്‍പ്പിക്കാനല്ല ബി ജെ പി തന്നെ കൊണ്ടുവന്നത്. ജയിപ്പിക്കാനാണ്. രാജ്യത്തെ ശോഭനമായ ഭാവി പടുത്തുയര്‍ത്താന്‍ സാധിക്കുന്ന ഒരേയൊരു പാര്‍ട്ടിയെന്ന നിലയിലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ കാലത്ത് ചെയ്ത തെറ്റെല്ലാം തിരുത്തും. ഭാവിയിലേക്ക് നോക്കുന്ന സ്വഭാവമാണ് തനിക്കുള്ളത്. ഐ പി എസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഭരണം എങ്ങനെയാണ് മുന്നോട്ടുകൊണ്ടു പോകേണ്ടതെന്ന് അറിയാം. നാല്‍പ്പത് വര്‍ഷത്തെ ഭരണ പരിചയം തനിക്കുണ്ട്. അതാണ് ഡല്‍ഹിയില്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത്. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകയെന്ന നിലയില്‍ 26 വര്‍ഷത്തെ പരിചയമുണ്ട പാവപ്പെട്ടവര്‍ക്ക് എന്താണ് നല്‍കേണ്ടതെന്ന് അറിയാം.”” കിരണ്‍ ബേദി പററുന്നു.
പിറ്റേന്ന് മാധ്യമപ്രവര്‍ത്തക ഷാസിയ ഇല്‍മിയും കിരണ്‍ ബേദിയുടെ പാത അനുഗമിച്ചു. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തൃക്കൈകകളില്‍ നിന്നാണ് ഷാസിയയും കിരണ്‍ ബേദിയും അംഗത്വം സ്വീകരിച്ചത്. ഗുജറാത്ത് വംശഹത്യാ കാലത്തെ “കറുത്ത താടിയും നരച്ച താടിയും” ഇരുവര്‍ക്കും സ്വീകാര്യരായി. അധികാരത്തിന്റെ മുകളില്‍ ഒരു ആശയവും പറക്കില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. ഇക്കാലത്ത് ഗോഡ്‌സെ ജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അദ്ദേഹത്തെയും ഇരുവരും പുല്‍കുമായിരുന്നു. ഇനിമുതല്‍ ഇരുവരും ഗുജറാത്ത് വംശഹത്യയെ കുറിച്ച് മിണ്ടില്ല. ഗുജറാത്ത് എന്ന് കേട്ടാല്‍ ഉടന്‍ പൂരിപ്പിക്കും; വികസനം… ഹിന്ദുത്വ സംഘടനകളുടെ സ്ത്രീവിരുദ്ധ, മതേതരത്വവിരുദ്ധ, ശാസ്ത്രവിരുദ്ധ നിലപാടുകളോട് എങ്ങനെയായിരിക്കും ഇവരുടെ നിലപാട്? പേറുമോ അതോ എതിര്‍ക്കുമോ? ബേദിയും ഇല്‍മിയും ഉത്തരം പറയേണ്ട ചോദ്യങ്ങളാണിവ. ദിനം തോറും വഷളാകുന്ന ഹിന്ദുത്വ സംഘടനകളുടെ ജനാധിപത്യവും മതേതരത്വവും ലിംഗസമത്വവും എത്രത്തോളം ഈ വനിതകള്‍ കൊള്ളും.! അതോ അധികാരമെന്ന പ്രലോഭനം ഇക്കാര്യങ്ങളില്‍ മൗനം പാലിക്കാന്‍ ഇവര്‍ക്ക് ധൈര്യം നല്‍കുമായിരിക്കും.
കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ ഡല്‍ഹി ബി ജെ പിയില്‍ അസ്വാരസ്യമുണ്ട്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബി ജെ പി സംസ്ഥാന ഘടകം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായക്ക് സീറ്റ് ലഭിക്കാത്തതാണ് പ്രശ്‌നം. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി നേതാവ് ധീര്‍ സിംഗ് ബിധുരിയും ഒക്‌ലയില്‍ നിന്നുള്ള നാല് ബ്ലോക്ക് പ്രസിഡന്റുമാരും പാര്‍ട്ടി വിട്ടിട്ടുണ്ട്. മറ്റ് പല നേതാക്കളും രാജിഭീഷണി മുഴക്കിയിരിക്കുന്നു. ഡല്‍ഹി ഘടകം വൈസ് പ്രസിഡന്റ് ശിഖ റായിക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചും അനുയായികള്‍ രംഗത്തെത്തി. കിരണ്‍ ബേദിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ ബി ജെ പി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബി ജെ പി. എം പി മഹേഷ് ഗിരി പറയുന്നു. പാളയത്തിലെ പട ഇല്ലാതാക്കുന്നതില്‍ അമിത് ഷാ പ്രകടിപ്പിക്കുന്ന മെയ്‌വഴക്കം അസാധാരണമാണ്. എതിര്‍ക്കുന്നവരെ വെട്ടിനിരത്തിയും മറ്റ് തന്ത്രങ്ങളിലൂടെയും ഉയര്‍ന്ന എതിര്‍ സ്വരങ്ങളെ അടക്കി നിര്‍ത്തുന്ന രംഗങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകും.
ഇനി അങ്കമാണ്. ഡല്‍ഹിയില്‍ കെജ്‌രിവാളിനെതിരെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കിരണ്‍ ബേദി മത്സരിക്കുന്നു. ഫലം എന്തായാലും ഒന്നു പറയാം, ബേദി എന്നേ തോറ്റു. അതുപക്ഷേ തിരഞ്ഞെടുപ്പിലല്ല. മറിച്ച്, ഇന്ത്യയിലെ ജനങ്ങളുടെ തിരഞ്ഞെടുപ്പില്‍. ഇനി തിരഞ്ഞെടുപ്പില്‍ തോറ്റാല്‍, ഒരുപക്ഷേ “ഘര്‍ വാപസി” നടത്തിയേക്കും അവര്‍. തെറ്റുദ്ധരിക്കരുത്, നാല് മണിക്ക് സ്‌കൂള്‍ വിട്ടാല്‍ കൊച്ചുപിള്ളേര്‍ പോലും പറയും “ഘര്‍ വാപസി”യെന്ന്! പുതിയൊരു പ്രയോഗം സംഭാവന ചെയ്ത വി എച്ച് പിയാദികള്‍ക്ക് നന്ദി.
കഴിഞ്ഞയാഴ്ച, ദി ഇക്കണോമിക്‌സ് ടൈംസില്‍ വന്ന ഒരു കാര്‍ട്ടൂണ്‍ ഇങ്ങനെ: “ബോസ്” എന്ന കാബിന് പുറത്ത് നട്ടെല്ലുകള്‍ നിരനിരയായി തൂക്കിയിട്ടിരിക്കുന്നു. അടിക്കുറിപ്പ് ഇങ്ങനെ: “അകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങളുടെ നട്ടെല്ല് ഇവിടെ നിക്ഷേപിക്കുക”.!

Latest