Connect with us

Ongoing News

മാള അരവിന്ദന്‍ അന്തരിച്ചു

Published

|

Last Updated

കോയമ്പത്തൂര്‍: പ്രശസ്ത നടന്‍ മാള അരവിന്ദന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ 19നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് 24ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. 500ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ രാവിലെ 8ന് മാളയിലെ വസതിയില്‍.
നാടകങ്ങളില്‍ തബലിസ്റ്റായാണ് മാള അരവിന്ദന്‍ കലാലോകത്തേക്ക് എത്തിയത്. പിന്നീട് അഭിനയത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. സിനിമയ്‌ക്കൊപ്പം നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ വടവുകോട്ട് എന്ന സ്ഥലത്ത് അയ്യപ്പന്റേയും പൊന്നമ്മയുടേയും നാലുമക്കളില്‍ മൂത്ത മകനായാണ് ജനനം. തൃശൂരിലെ മാള എന്ന സ്ഥലം പ്രസ്തമാകുന്നത് അദ്ദേഹത്തിലൂടെയാണ്.
1968ല്‍ സിന്ദൂരം എന്ന സിനിമയിലൂടെയാണ് മാള അരവിന്ദന്‍ സിനിമയില്‍ അരങ്ങേറിയത്. വ്യത്യസ്തമായ ഹാാസ്യാഭിനയത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ ശ്രദ്ധേയനായത്. സ്വഭാവ നടനായും മികവ് പുലര്‍ത്തി. കണ്ടു കണ്ടറിഞ്ഞു, പട്ടണപ്രവേശം, മൃഗയ, സന്ദേശം, മീശമാധവന്‍, പെരുമഴക്കാലം, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങി അഞ്ഞൂറോളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.