National
സുഹൃത്തിന്റെ ഉപദേശം ചെവികൊള്ളണമെന്ന് മോദിയോട് ദിഗ്‌വിജയ്
ന്യൂഡല്‍ഹി: മതസ്വാതന്ത്ര്യത്തെ കുറിച്ച് യു എസ് പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പരാമര്‍ശങ്ങള്‍ ആയുധമാക്കി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. സുഹൃത്തിന്റെ ഉപദേശം ചെവികൊണ്ട് സംഘ്പരിവാര്‍ നേതാക്കളെ ഉപദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്നാണ് ദിഗ്‌വിജയ് സിംഗ് ചോദിച്ചത്. ഘര്‍വാപസിയുമായി നടക്കുന്ന സംഘ് നേതാക്കളെ ഉപദേശിക്കാന്‍ ഇനിയെങ്കിലും മോദി തയ്യാറാകുമോയെന്ന് ട്വിറ്ററില്‍ അദ്ദേഹം ചോദിച്ചു.
ഒബാമ താങ്കളുടെ സുഹൃത്താണല്ലോ. അദ്ദേഹം പറഞ്ഞത് കേട്ടെങ്കിലും ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെയും കൂട്ടരുടെയും നാവടക്കാന്‍ പറയുമോ? ഘര്‍ വാപസിയെ ന്യായീകരിക്കുന്നത് നിര്‍ത്താന്‍ നിര്‍ദേശം നല്‍കുമോ? അങ്ങ് ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ? ഒബാമയില്‍ നിന്ന് അങ്ങ് പഠം പഠിക്കുമെന്നാണ് പ്രതീക്ഷ- സിംഗ് ട്വീറ്റ് ചെയ്തു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25നെക്കുറിച്ചാണ് ഒബാമ പറഞ്ഞത്. അത് ഏത് മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ് – സിംഗ് പറഞ്ഞു. മതസ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ ഒബാമക്ക് അദ്ദേഹം നന്ദി പറഞ്ഞു.