National
മോദി സര്‍ക്കാരിനെതിരെയും പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പ്രക്ഷോഭം ആരംഭിക്കുമെന്ന് അഴിമതി വിരുദ്ധസമരങ്ങളിലൂടെ ശ്രദ്ധേയനായ അണ്ണാ ഹസാരെ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിച്ച മോദിക്കെതിരെ പ്രക്ഷോഭം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മോദി അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ല. അധികാരത്തിലേറി എട്ട് മാസമായിട്ടും ലോക്പാല്‍ നിയമത്തിന്റെ കാര്യത്തില്‍ യാതൊരു പുരോഗതിയും ആയില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി.
അതേസമയം അദ്ദേഹത്തിന്റെ മുന്‍ സമരങ്ങളിലെ സഹപ്രവര്‍ത്തകരായ അരവിന്ദ് കെജരിവാള്‍, കിരണ്‍ ബേദി എന്നിവരെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അവര്‍ രണ്ടുപേരെയും തനിക്ക് ആവശ്യമില്ലെന്നും ജനം തന്റെ കൂടെയുണ്ടെന്നും അണ്ണാ ഹസാരെ പറഞ്ഞു. ഇരുവരും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളാണ്. ഡല്‍ഹി ആര് ഭരിക്കണമെന്ന് അവിടുത്തെ ജനങ്ങള്‍ തീരുമാനിക്കും. തന്നെ അതിലേക്ക് വലിച്ചിഴക്കേണ്ടെന്നും ഹസാരെ പറഞ്ഞു.