Connect with us

National

'പ്രചാരകി'നും 'ധര്‍ണേബാജി'നുമെതിരെ ആഞ്ഞടിച്ച് സോണിയ

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ഊര്‍ജം പകര്‍ന്ന് സോണിയാ ഗാന്ധി. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ രണ്ട് പേരാണ് ഇപ്പോള്‍ വലിയ വാക്കില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതെന്ന് സോണിയാ ഗാന്ധി പരിഹസിച്ചു. ഒരാള്‍ “പ്രചാരക്” ആണ്. രണ്ടാമത്തെയാള്‍ “ധര്‍ണേബാജ്” ആണ്. ഒരാള്‍ ഇപ്പോഴും പ്രചാരണ റോളിലാണ്. രണ്ടാമത്തെയാളാണെങ്കില്‍ അവസരം കിട്ടിയാല്‍ ധര്‍ണ സംഘടിപ്പിക്കാനിരിക്കുകയാണെന്നും സോണിയ പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എ എ പി മേധാവി അരവിന്ദ് കെജ്‌രിവാളിനെയും പേരെടുത്ത് പറയാതെ വിമര്‍ശിക്കുകയായിരുന്നു അവര്‍. ഇരു പാര്‍ട്ടികളും ജനങ്ങളെ പറ്റിക്കുകയാണ്. വാഗ്ദാനങ്ങള്‍ പാലിക്കാനോ പാലിക്കാനുള്ള ശ്രമം നടത്താനോ കേന്ദ്ര സര്‍ക്കാറിന് സാധിച്ചിട്ടില്ല. ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ പാവങ്ങള്‍ക്ക് അനുകൂലമായ വ്യവസ്ഥ എടുത്തു കളയുകയാണ് എന്‍ ഡി എ സര്‍ക്കാര്‍ ചെയ്തത്. യു പി എ സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികളല്ലാതെ ഒന്നും അവര്‍ക്ക് മുന്നോട്ട് വെക്കാനില്ല. ഡല്‍ഹിയില്‍ സോണിയാ ഗാന്ധി പങ്കെടുത്ത ആദ്യ തിരഞ്ഞെടുപ്പ് റാലിയായിരുന്നു ബദര്‍പൂരിനടുത്തുള്ള മീതാപൂരില്‍ നടന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സുവര്‍ണ വാഗ്ദാനങ്ങള്‍ നല്‍കിയ സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. അധികാരത്തിലെത്തി മണിക്കൂറുകള്‍ക്കകം കള്ളപ്പണം തിരികെയെത്തിക്കുമെന്ന് പറഞ്ഞവര്‍ ഇന്ന് എവിടെ പോയെന്ന് അവര്‍ ചോദിച്ചു. അധികാരം പിടിച്ചെടുക്കാന്‍ വര്‍ഗീയ ലഹളകള്‍ ഉണ്ടാക്കുകയാണ് ബി ജെ പിയെന്നും അവര്‍ ആഞ്ഞടിച്ചു. ഉപരിവര്‍ഗത്തിലും മധ്യവര്‍ഗത്തിലും സ്വാധീനം ചെലുത്തുന്നതില്‍ കോണ്‍ഗ്രസിന് സാധ്യത കുറഞ്ഞെന്നാണ് പാര്‍ട്ടി തന്നെ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ നേരത്തേ പാര്‍ട്ടിയോട് അകന്ന് നിന്ന ദരിദ്ര വിഭാഗത്തെ ആകര്‍ഷിക്കാനാണ് ശ്രമം.