Connect with us

Articles

പെരുമാള്‍ മുരുകന്റെ വഴി

Published

|

Last Updated

നിങ്ങള്‍ സ്വസ്ഥതയോടെ ജീവിക്കുന്നു എന്നാല്‍ നിങ്ങള്‍ പലതിനോടും സന്ധിചെയ്യുന്നു എന്നാണര്‍ഥം. നിരന്തരമായി സന്ധി ചെയ്യുന്നൊരാള്‍ക്ക് എഴുത്തുകാരനോ സാമൂഹിക വിമര്‍ശകനോ ആകാനാകില്ല. മറിച്ച് സമാന്യ മനുഷ്യന്‍ എന്ന നിലയില്‍ മികച്ചവനാകാന്‍ കഴിഞ്ഞേക്കും. ഇരുട്ടിലടയ്ക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്യുമെന്നറിഞ്ഞിട്ടും അറിയാനും എഴുതാനും പൊരുതാനും ശ്രമിച്ചവര്‍ നിരവധി ചരിത്രത്തിന്റെ കല്‍പ്പടവുകളിലുണ്ട്. എന്നാല്‍ കടലുകള്‍ക്കപ്പുറത്താണെങ്കില്‍ പോലും തന്റെ ശരിയെ നെഞ്ചേറ്റുന്ന ജനത കാത്തിരിപ്പുണ്ട് എന്ന പ്രതീക്ഷയുണ്ടായിരുന്നു.
എന്നാല്‍ തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകന്‍ തന്റെ എഴുത്തു ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണിപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളും അടക്കം നിരവധി കൃതികള്‍ മുരുകന്‍ രചിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍ പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാള്‍ മുരുകന്‍ അറിയപ്പെടുന്നത്.
മുരുകന്റെ “മാതൊരുഭഗന്‍” (അര്‍ധനാരീശ്വരന്‍ ) എന്ന നോവലിനെതിരെ നാമക്കലിലെ തിരുച്ചെങ്കോട്ടും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും ഹിന്ദുത്വവാദികള്‍ പ്രതിഷേധം നടത്തിയിരുന്നു. പുസ്തകത്തിന്റെ പ്രതികള്‍ കത്തിച്ചു. ഭീഷണിയെത്തുടര്‍ന്ന്, പെരുമാള്‍ മുരുകന്‍ കുടുംബസമേതം നാടുവിടേണ്ടിവന്നു. നാമക്കല്‍ ജില്ലാ റവന്യു ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദുത്വ സംഘടനകളുടെ പ്രതിനിധികളും പെരുമാള്‍ മുരുകനും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തി. നോവലിലെ വിവാദഭാഗം നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പ് പറയാമെന്നും മുരുകന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധം പിന്‍വലിച്ചു. ഇതിനു പിന്നാലെ താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് മുരുകന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതുകയായിരുന്നു. കാലൈച്ചുവട് , അടയാളം, മലൈകള്‍, കയല്‍കവിന്‍ തുടങ്ങിയ പ്രസിദ്ധീകരണശാലകളോട് തന്റെ കഥകളും നോവലുകളും മറ്റ് ക്രിയാത്മക രചനകളും മേലില്‍ വില്‍ക്കരുതെന്നും പെരുമാള്‍ മുരുകന്‍ ആവശ്യപ്പെട്ടു. പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു കൂട്ടം എഴുത്തുകാര്‍ വണ്‍ പാര്‍ട്ട് വിമണ്‍ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് കൂട്ട തര്‍ജമ നടത്തി പ്രതിഷേധിക്കുകയാണ്. അരുണ്‍ലാല്‍, അശ്വതി മേനോന്‍, മായാലീല, സ്വാതി ജോര്‍ജ് എന്നിവരാണ് ഈ വേറിട്ട പ്രതിഷേധം നടത്തിയത്.
നാമക്കലിലെ ഗവ. ആര്‍ട്‌സ് കോളജില്‍ തമിഴ് പ്രൊഫസറായ മുരുകന്റെ മൂന്ന് നോവലുകള്‍ ഇംഗ്ലീഷിലേക്കും നിഴല്‍മുറ്റം എന്ന നോവല്‍ പോളിഷ് ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
നാമക്കലിലെ തിരുച്ചെങ്കോടുള്ള അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ മുരുകന്‍ എഴുതിയ നോവലാണ് “മാതൊരുഭഗന്‍”. വിശ്വാസികളെ വ്രണപ്പെടുത്തുന്ന നോവലാണെന്നു പറഞ്ഞാണ് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധം അഴിച്ചുവിട്ടത്. 2010ലാണ് കാലച്ചുവട് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. ഡിസംബര്‍ അവസാനമാണ് നോവലിനെതിരെ നാമക്കല്‍ ജില്ലയില്‍ ഹിന്ദുത്വ സംഘടനകള്‍ രംഗത്തിറങ്ങിയത്.
ഇന്ത്യയില്‍ ഒരു കൃതി നിരോധിക്കണമെങ്കില്‍ അതിനെ സംബന്ധിച്ച് മതവിരുദ്ധമോ അതിനെതിരെ പൊതുജന പ്രക്ഷോഭമോ വസ്തുതക്ക് നിരക്കാത്തതോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമോ വിവാദമോ ഉണ്ടാകണമെന്നതാണ് ന്യായം. നരേന്ദ്ര മോദി അധികാരത്തിലേറി മണിക്കൂറുകള്‍ തികയും മുന്‍പാണ് മംഗലാപുരത്ത് അഞ്ചിലധികം മുസ്‌ലിം പള്ളികള്‍ ആക്രമിക്കപ്പെട്ടത്. ഒരു ഭാഗത്ത് കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ തുറന്നു കൊടുക്കുകയും മറുഭാഗത്ത് ആര്‍ എസ് എസ്, സംഘ്പരിവാര്‍ സംഘടനകളുടെ അഴിഞ്ഞാട്ടത്തിന് പിന്തുണ നല്‍കുകയും ചെയ്തു കൊണ്ട് മോദി ഇതിനോടകം തന്റെ അജന്‍ഡ വ്യക്തമാക്കി കഴിഞ്ഞു.
സാഹിത്യ രംഗത്ത് പ്രതിഭ തെളിയിച്ച, ജീവിതത്തിന്റെ ഒരു ഭാഗം എഴുത്തിനും പുരോഗമന ചിന്തകള്‍ക്കും സമര്‍പ്പിച്ച പെരുമാള്‍ മുരുകന്‍ തന്റെ ആയുധം താഴെ വെച്ച് വര്‍ഗീയ വാദികള്‍ക്ക് മുന്‍പില്‍ തോല്‍വിസമ്മതിക്കുമ്പോള്‍ തോല്‍ക്കുന്നത് പെരുമാള്‍ മുരുകനല്ല, മറിച്ച് മത നിരപേക്ഷതയിലും ജനാധിപത്യപെരുമയിലും ഊറ്റം കൊള്ളുന്നവരാണ്. ഇടിമുഴക്കങ്ങളും പൊട്ടിത്തെറികളും മിന്നല്‍പ്പിണര്‍ പോലെയുണ്ടാകേണ്ട സന്ദര്‍ഭത്തില്‍ പോലും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ നിന്നും ഞരക്കം മാത്രമാണ് പുറത്തെത്തുന്നത്. സമരസപ്പെട്ട് ജീവിക്കുന്നതിന്റെയും തന്നിലൊളിക്കുന്ന ഒച്ചുകളാവുന്നതിന്റെയും സുഖം പ്രബുദ്ധകേരളവും ആസ്വദിച്ച് തുടങ്ങി എന്നതിന്റെ തെളിവാണിത്. എഴുത്തുകാര്‍ അവര്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്നവരാണെന്ന നിലവാരമില്ലാത്ത ബോധത്തിലേക്ക് സാക്ഷര കേരളവും എത്തിയതിന്റെ സൂചനകളാണ് സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നത്.
ഫാസിസം അതിന്റെ ഭീകരതയോടെയുള്ള വരവറിയിച്ചു തുടങ്ങിയിരിക്കുന്നു. ഫാസിസം അവിവേകികളുടെ താവളമാണ്. സംസ്‌കാരം അവരുടെ ഉത്തരവാദിത്വമോ ഭാവിയോ അല്ല. ഫാസിസത്തിനെ തടയുക എന്നതാണ് ഇക്കാലം ആവശ്യപ്പെടുന്ന സജീവമായ ആവശ്യം. കുത്തിയൊഴുക്കിനെതിരെ പാഴ്മുറകൊണ്ടുള്ള പ്രതിരോധമാകരുത്. മറിച്ച് ആശയധീരതയോടെ ഇടപെടാനാകണം.
“ആദ്യമവര്‍ മതനിരപേക്ഷവാദികളെ തേടിവന്നു ഞാനൊന്നും പറഞ്ഞില്ല…. അവസാനം എനിക്ക് വേണ്ടി സംസാരിക്കാന്‍ ഇവിടെ ആരും അവശേഷിച്ചിരുന്നില്ല” എന്ന നിം മുള്ളര്‍ എന്ന ഫാസിസ്റ്റ് വിരുദ്ധ കവിയുടെ കവിതക്ക് വീണ്ടും പ്രസക്തിയാര്‍ജിക്കപ്പെട്ട കാലമാണിത്. സ്ഥാനമാനങ്ങളും അവസരങ്ങളും നഷ്ടമാകുമെന്ന് കരുതി പലരും പറയേണ്ടത് പറയേണ്ടിടത്ത് പറയുന്നില്ല. നെറികേടുകള്‍ തുറന്നുപറയാനുള്ള ഏറ്റവും ധീരമായ ഇടപെടലാണ് കാലം ഇന്നാവശ്യപ്പെ”ുന്നത്.
അക്ഷരങ്ങള്‍ കൊണ്ട് വ്രണപ്പെടല്‍ സംഭവിച്ചവര്‍ ഒന്ന് മാത്രം തിരിച്ചറിയുക. പെരുമാള്‍ മുരുകന്റെ സൃഷ്ടികള്‍ കത്തിച്ചു കളയാനും അധിക്ഷേപിക്കാനും മാത്രമേ കഴിയു, അദ്ദേഹത്തിന്റെ ചിന്തകളെ, വായനക്കാരുടെ ചിന്തകളെ നശിപ്പിക്കാന്‍ ആവില്ല. അവരുടെ ഭയം ശരിയായിരിക്കാം. ഭയപ്പെടുത്തി അവര്‍ക്ക് വിജയത്തിന്റെ പൂത്തിരി കത്തിക്കാനും താഹറകാലികമായി കഴിഞ്ഞേക്കാം. പക്ഷേ, തടഞ്ഞിട്ട വെളിച്ചത്തിനെ പുസ്തകം എന്നും പുറത്തെഹറഹച്ചിട്ടുണ്ട്. തടവറകളെ പ്രളയത്തില്‍ മുക്കിയത് പുസ്തകങ്ങളില്‍ നിന്ന് പരന്നൊഴുകിയ അറിന്റെ പ്രവാഹമായിരുന്നു. അതുകൊണ്ട് തന്നെ, മനുഷ്യപക്ഷത്ത് നില്‍ക്കുന്ന പെരുമാള്‍ മുരുകന്‍ എഴുത്തിന്റെ പെരുമാളായി തുടരുകതന്നെ ചെയ്യും.

Latest