International
ഫലസ്തീനികളുടെ വിലാസവും നഷ്ടപ്പെടുന്നു
ജറൂസലം: റാമല്ലക്ക് അല്‍പ്പമകലെ റോഡ് 60 എന്നറിയപ്പെടുന്ന നോര്‍ത്ത്- സൗത്ത് വെസ്റ്റ്ബാങ്ക് റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ പാതയോരത്ത് പുതുതായി നാട്ടിയിരിക്കുന്ന പച്ച നിറത്തിലുള്ള ഒരു വലിയ അടയാള ബോര്‍ഡ് കാണാതിരിക്കുക വിഷമകരമാണ്. കൊക്കോവ്, യക്കോവ്, ഗേവ ബിന്യാമിന്‍ എന്നീ ഇസ്‌റാഈലി കുടിയേറ്റ വസതികള്‍ ഒമ്പത് കിലോമീറ്റര്‍ തെക്കാണെന്നും പെസഗോട്ട എന്ന കുടിയേറ്റ ഗ്രാമം 13 കിലോമീറ്റര്‍ അകലെയാണെന്നും അടയാളപ്പെടുത്തുന്നുണ്ട് ആ ചൂണ്ടുപലകയില്‍.
ഇവിടെ നിന്ന് അല്‍പ്പമകലെ തെക്കുഭാഗത്ത് ദെയര്‍ ദിസ്‌വാന്‍, ബര്‍ഖ, മിഖ്മസ്, ജാബ എന്നീ ഫലസ്തീന്‍ ഗ്രാമങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്. പക്ഷേ വെസ്റ്റ് ബാങ്കിലേക്ക് ചരിക്കുന്ന ബൃഹത്തായ റോഡ് നെറ്റ്‌വര്‍ക്കുകളില്‍ നാട്ടിയിരുക്കുന്ന നിരവധി സൈന്‍ ബോര്‍ഡുകളില്‍ ഒന്നില്‍പോലും ഫലസ്തീന്‍ പട്ടണങ്ങളെ കുറിച്ചോ ഗ്രാമങ്ങളെ കുറിച്ചോ പരാമര്‍ശിക്കുന്നില്ല. ഇതേ അവസ്ഥ തന്നെയാണ് വെസ്റ്റ്ബാങ്കിന് മറു വശത്ത് സ്ഥിതി ചെയ്യുന്ന ഹൈവേകളിലും ഉള്ളത്. പാതയോരത്തെ ചൂണ്ടുപലകകളില്‍ നിന്നു പോലും ഫലസ്തീനികളുടെ വിലാസം വെട്ടി മാറ്റപ്പെടുകയാണ്. ഫലസ്തീന്‍ മുഴുവന്‍ ഇസ്‌റാഈലിന്റെ അധീനതയിലാക്കുവാനുള്ള ഗൂഢ ശ്രമങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങളാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
യു എന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം വെസ്റ്റ്ബാങ്കിനു ചുറ്റും സ്ഥിതി ചെയ്യുന്ന റോഡ് നെറ്റ്‌വര്‍ക്കുകള്‍ പ്രാഥമികമായി വെസ്റ്റ്ബാങ്ക് കുടിയേറ്റ വസതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമൂലം ഇസ്‌റാഈലിന് ഉപയോഗിക്കാനുള്ളതാണെന്നും പിന്നീട് ഫലസ്തീനിനും ഇസ്‌റാഈലിനും ഒരുമിച്ച് ഉപയോഗിക്കാം എന്നുമായിരുന്നു. പക്ഷേ, ഈ പാതകളിലേക്കുള്ള ഫലസ്തീന്‍ വാഹനങ്ങളുടെ പ്രവേശനം ചെക്ക് പോസ്റ്റുകളും റോഡ് ബ്ലോക്കുകളും പെര്‍മിറ്റ് വ്യവസ്ഥകളും ഉപയോഗിച്ച് ഇസ്‌റാഈല്‍ സൈന്യം നിയന്ത്രിച്ചിരിക്കുകയാണ്.
അനധികൃതമായി വെസ്റ്റ്ബാങ്കില്‍ താമസിക്കുന്ന ഇസ്‌റാഈല്‍ അധികൃതര്‍ ഫലസ്തീന്‍ പാതയോരങ്ങളില്‍ ഫലസ്തീന്‍ പട്ടണങ്ങളെയോ ഗ്രാമങ്ങളെയോ സൂചിപ്പിക്കുന്ന അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ദീര്‍ഘ നാളായി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ ജനങ്ങളും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന സി ഏരിയയുടെ അറുപത് ശതമനവും ഇസ്‌റാഈല്‍ ഭരണത്തിനു കീഴിലാണ്. വെസ്റ്റ്ബാങ്ക് റോഡില്‍ തൊഴിലടയാള ബോര്‍ഡുകള്‍ നിലവിലുണ്ട്. അവകള്‍ പരിശോധിക്കപ്പെട്ടതാണെന്നും മേല്‍വിലാസം അന്വേഷിക്കപ്പെട്ടതാണെന്നും ഇസ്‌റാഈല്‍ പ്രാദേശിക സര്‍ക്കാര്‍ ന്യായീകരിക്കുന്നു.