International
ഉക്രൈന്‍ സൈന്യത്തിന് ആയുധം: ജോണ്‍ കെറി കീവിലെത്തി
കീവ്: ഉക്രൈന്‍ വിഷയത്തില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കീവിലെത്തി. റഷ്യന്‍ അനുകൂല വിമതരോട് ഏറ്റുമുട്ടലിലേര്‍പ്പെട്ട ഉക്രൈന്‍ സൈന്യത്തിന് ആയുധം നല്‍കുന്നതുമായി ബന്ധപ്പെട്ട സാധ്യതകള്‍ തേടിയാണ് കെറി ഇവിടെ സന്ദര്‍ശനം നടത്തുന്നത്. റഷ്യന്‍ വിമതരുടെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ഡോണെത്‌സകക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് കെറി ഇവിടെയെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ വിമതരും ഉക്രൈനും നടത്തിയ ആക്രമണങ്ങളില്‍ 5,100ലധികം പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സമാധാന വഴികള്‍ അന്വേഷിച്ച് കെറി കീവിലെത്തിയിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഉക്രൈന്‍ സൈന്യത്തിന് ആയുധം നല്‍കുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളും സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്യും. മാനുഷിക സഹായത്തിന്റെ പേരില്‍ 16 മില്യണ്‍ ഡോളറിന്റെ സഹായവും അമേരിക്ക ഉക്രൈനിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിമതര്‍ക്കെതിരെ പോരാടുന്നതിന് വേണ്ടി ഉക്രൈന്‍ സൈന്യത്തിന് യു എസ് ആയുധം നല്‍കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷെന്‍കോ പറഞ്ഞു. എന്നാല്‍ ഈ നീക്കത്തെ എതിര്‍ത്ത് ജര്‍മനിയും ഫ്രാന്‍സും രംഗത്തെത്തിയിട്ടുണ്ട്. അടുത്ത ആഴ്ച വാഷിംഗ്ടണില്‍ വെച്ച് ഒബാമയുമായി നടത്തുന്ന കൂടിക്കാഴ്ച്ചക്കിടെ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചെല മെര്‍ക്കല്‍ പറഞ്ഞു. സായുധപരിഹാരം ഇവിടെ നടപ്പാകില്ലന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.