Connect with us

National

ഡല്‍ഹി എ എ പി ഭരിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കും അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്കും നിര്‍ണായകമായ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എ എ പിക്കൊപ്പം. എ എ പി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ജനപ്രീതിയില്‍ ഇടിവുണ്ടായെന്നും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തവണ റെക്കോര്‍ഡ് പോളിംഗാണ് ഡല്‍ഹിയിലുണ്ടായത്. 67.08 ശതമാനമാണ് പോളിംഗ്. വൈകുന്നേരത്തോടെ പല ബൂത്തുകളിലും നിരവധി പേരാണ് വോട്ട് രേഖപ്പെടുത്താന്‍ വരിയിലുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് പോളിംഗ് സമയം ആറ് മണി വരെ നീട്ടി.
അഞ്ച് മണിയോടെ 63.46 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. 64.67 ശതമാനം. ന്യൂഡല്‍ഹിയില്‍ 59.29 ശതമാനമാണ് പോളിംഗ്. 2013ല്‍ 66 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ്. അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
എ എ പിയും ബി ജെ പിയും തമ്മിലാണ് ഡല്‍ഹിയില്‍ പ്രധാന മത്സരം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി എ എ പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ മത്സരിക്കാത്ത അമ്പത്തിയഞ്ച് മണ്ഡലങ്ങളില്‍ സി പി എമ്മും എ എ പിക്ക് പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഭൂരിഭാഗം എക്‌സിറ്റ് പോളുകളും എ എ പി കേവല ഭൂരിപക്ഷത്തിനടുത്തോ അതിലധികമോ നേടുമെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അധികാരത്തില്‍ എത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് പ്രതീക്ഷിക്കപ്പെട്ടിരുന്ന ബി ജെ പി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. മൂന്നാം സ്ഥാനത്തെത്തുന്ന കോണ്‍ഗ്രസിന്റെ കക്ഷി നില ഇത്തവണയും രണ്ടക്കം കടക്കില്ലെന്നാണ് വിലയിരുത്തല്‍. എഴുപതംഗ ഡല്‍ഹി നിയമസഭയില്‍ 35 മുതല്‍ 43 വരെ സീറ്റുകള്‍ എ എ പി നേടുമെന്ന് ഇന്ത്യ ടുഡെ- സിസറോ സര്‍വേ ഫലം പറയുന്നു. ബി ജെ പിക്ക് 23- 29 വരെയും ലഭിക്കുമെന്ന് സര്‍വേ ഫലം പറയുന്നു. കേവല ഭൂരിപക്ഷം നേടുന്നതിന് 36 സീറ്റുകളാണ് വേണ്ടത്. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി 32 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ എ എ പി 28 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

Latest