Connect with us

Ongoing News

വനിതാ ഫുട്‌ബോളില്‍ കേരളത്തിന് തോല്‍വി

Published

|

Last Updated

തൃശൂര്‍: കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ വിഭാഗം ഫുട്‌ബോള്‍ സെമിയില്‍ മണിപ്പൂരിനെതിരെ കേരളം കീഴടങ്ങി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തിന് പരാജയം സമ്മതിക്കേണ്ടിവന്നത്. ആദ്യ സെമിയില്‍ ഹരിയാനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഒഡീഷ ഫൈനലില്‍ എത്തിയിരുന്നു.
മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിലാണു മണിപ്പൂരിന്റെ താരങ്ങള്‍ കേരളത്തിന് ആദ്യ ആഘാതമേല്‍പ്പിച്ചത്. തുടര്‍ന്ന് ഒമ്പതാം മിനിറ്റില്‍ രണ്ടാമത്തെ പ്രഹരവും ലഭിച്ചു. മണിപ്പൂരിന്റെ പത്താം നമ്പര്‍ താരം എന്‍ ജി ബാലാദേവിയാണ് മണിപ്പൂരിനായി ഇരുഗോളുകളും നേടിയത്. ഇരുപതാം മിനിറ്റില്‍ കേരളത്തിന് മണിപ്പൂരിന്റെ ഗോള്‍മുഖത്തേക്ക് പ്രഹരം നടത്താന്‍ ആദ്യ അവസരം ലഭിച്ചുവെങ്കിലും അതു ഫലം കണ്ടില്ല. പതിനഞ്ചാം നമ്പര്‍ താരം അശ്വതി മണിപ്പൂരിന്റെ വലയിലേക്കു പന്തിനെ തൊടുത്തുവിട്ടുവെങ്കിലും പോസ്റ്റില്‍ ഇടിച്ചു തെറിക്കുകയായിരുന്നു. തുടര്‍ന്ന് 22-ാം മിനുട്ടില്‍ കേരളത്തിന് ആദ്യ കോര്‍ണര്‍ കിട്ടിയെങ്കിലും അതും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. മുപ്പത്തിയെട്ടാം മിനിറ്റില്‍ വീണ്ടും കേരളത്തിന് ഗോള്‍ അവസരം ലഭിച്ചുവെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിലും മണിപ്പൂര്‍ മുന്നേറി. അറുപത്തി അഞ്ചാം മിനുട്ടിലാണ് മൂന്നാമത്തെ ഗോള്‍ പിറന്നത്. മണിപ്പൂരിന്റെ പന്ത്രണ്ടാം നമ്പര്‍ താരം ഐ പ്രേമേശ്വരിയാണ് ഗോളിനുടമ. മത്സരത്തിലാകെ അഞ്ചില്‍ താഴെ അവസരങ്ങളില്‍ മാത്രമാണ് കേരളം മണിപ്പൂരിന്റെ ഭാഗത്തേക്കു ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡുമായി ഏകപക്ഷീയമായ പതിനൊന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മ വിശ്വാസവുമായാണ് മണിപ്പൂര്‍ കേരളത്തിനെതിരെ ഇറങ്ങിയത്. നാളെ രാവിലെ 7.30ന് നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ കേരളം ഹരിയാനയെ നേരിടുമ്പോള്‍ വൈകീട്ട് 3.30നു നടക്കുന്ന ഫൈനലില്‍ ഒഡീഷ മണിപ്പൂരിനെ നേരിടും.

Latest