Connect with us

Kerala

തൂണേരി അക്രമം: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും - മുഖ്യമന്ത്രി

Published

|

Last Updated

നാദാപുരം: തൂണേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്കുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി എം കെ മുനീര്‍ ചെയര്‍മാനായും കലക്ടര്‍ കണ്‍വീനറായും കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും രണ്ട് ആഴ്ചക്കുളളില്‍ നാശനഷ്ടങ്ങളുടെയും പരുക്ക് പറ്റിയവരുടെയും കണക്കുകള്‍ തയ്യാറാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി മുനീറിന്റെ നേതൃത്വത്തില്‍ രുപവത്കരിച്ച കര്‍മ സമിതിയോഗം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് കലക്ടറേറ്റില്‍ ചേരും. വടകര എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍, നാദാപുരം എം എല്‍ എ ഇ കെ വിജയന്‍, കുറ്റിയാടി എം എല്‍ എ കെ കെ ലതിക, റൂറല്‍ എസ് പി, എ ഡി എം, സബ് കലക്ടര്‍ എന്നിവരും കര്‍മ സമിതിയില്‍ അംഗങ്ങളായിരിക്കും.
അക്രമത്തിനിടയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഈ മാസം പതിനഞ്ചിന് താലൂക്ക് ഓഫീസില്‍ നടത്തുന്ന അദാലത്തില്‍ വെച്ച് ഇവ വിതരണം ചെയ്യും. ഇതിനുള്ള അപേക്ഷാ ഫീസ് സര്‍ക്കാര്‍ വഹിക്കും. അക്രമത്തില്‍ കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ചടയന്‍കണ്ടി ഷിബിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇരുപത്തഞ്ച് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി വീട്ടിലെത്തി അച്ഛന്‍ ഭാസ്‌കരന് കൈമാറി. യുവാവിന്റെ കൊലപാതകം അത്യന്തം പൈശാചികമാണെന്നും ഷിബിന്റെ കുടുംബത്തിന്റെ ദു:ഖം നികത്താനാകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റിലായ കൊലയാളികള്‍ നിയമത്തിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ട് പോകാതിരിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും. നാടിനെ വേദനിപ്പിച്ചതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ് സംഭവിച്ചത്. ഏറ്റവും വേഗം ആ മുറിവ് ഉണക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പോലീസിന് വീഴ്ച ഉണ്ടായോ, എന്ന ചോദ്യത്തിന് അക്രമങ്ങള്‍ നടക്കുമ്പോഴുള്ള പ്രത്യേക സാഹചര്യം കൂടി വിലയിരുത്തണം. സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് മേഖലയില്‍ ആശ്വാസവും സഹായവും എത്തിക്കുന്നതിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിമരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലികുട്ടി, എം കെ മുനീര്‍, കെ പി മോഹനന്‍, ജില്ലാ കലക്ടര്‍ സി എ ലത, മുല്ലപ്പളളി രാമചന്ദ്രന്‍ എം പി, എം എല്‍ എമരായ ഇ കെ വിജയന്‍, കെ കെ ലതിക സന്നിഹിതരായിരുന്നു.

അതേസമയം നാട്ടുകാര്‍ മന്ത്രിതല സംഘത്തിനെതിരെ പ്രതിഷേധിച്ചു. സംഘര്‍ഷ സമയത്ത് പൊലീസ് സ്വീകരിച്ച ഉദാസീന നിലപാടിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതികാരത്തിന്റെ മറവില്‍ പ്രദേശത്തെ നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെട്ടിരുന്നു. പോലീസ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന വികാരവും പ്രദേശത്ത് ശക്തമാണ്.

---- facebook comment plugin here -----

Latest