Connect with us

Ongoing News

വനിതകളുടെ ഫെന്‍സിംഗില്‍ കേരളത്തിന് രണ്ടു സ്വര്‍ണം

Published

|

Last Updated

കൊച്ചി: ദേശീയ ഗെയിംസ് ഫെന്‍സിംഗില്‍ രണ്ട് സ്വര്‍ണവുമായി കേരളത്തിന് ഉജ്ജ്വല തുടക്കം. അങ്കത്തട്ടില്‍ വാള്‍ ചുഴറ്റാനിറങ്ങിയ കേരള വനിതകളാണ് മെഡല്‍ വേട്ട നടത്തിയത്. വ്യക്തിഗത സാബ്രെ വിഭാഗത്തില്‍ സി എ ഭവാനി ദേവിയും എപ്പി വിഭാഗത്തില്‍ ടീം ക്യാപ്റ്റന്‍ വി പി ദില്‍നയുമാണ് കേരളത്തിനുവേണ്ടി സ്വര്‍ണമണിഞ്ഞത്. പുരുഷ, വനിതാ വിഭാഗങ്ങളില്‍ രണ്ട് വെങ്കലവും ആതിഥേയര്‍ സ്വന്തമാക്കി. വ്യക്തിഗത സാബ്രെ വിഭാഗം ഫൈനലില്‍ പഞ്ചാബിന്റെ കോമള്‍ പ്രീതി ശുക്ലയെയാണ് ഭവാനി കീഴടക്കിയത്. സ്‌കോര്‍ 15-6. എപ്പി വിഭാഗം ഫൈനലില്‍ അസമിന്റെ കവിതാ ദേവിയെയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ദില്‍ന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 15-14. ഇക്കുറി ഏഷ്യന്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഭവാനി ദേവി പ്രതീക്ഷക്കൊത്ത പ്രകടനവുമായാണ് സ്വര്‍ണം സ്വന്തമാക്കിയത്. മെന്‍സ് ഫോയില്‍ വിഭാഗത്തില്‍ കെ വിഭീഷാണ് വെങ്കലം നേടിയത്. സെമിയില്‍ സര്‍വീസസിന്റെ വി വിനോദ് കുമാറിനോടാണ് വിഭീഷ് പരാജയപ്പെട്ടത്. എപ്പി വനിതാ വിഭാഗത്തില്‍ കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന സ്‌റ്റെഫിത ചാലില്‍ സെമിയില്‍ പരാജയപ്പെട്ടത് തിരിച്ചടിയായി.