Connect with us

National

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയെന്ന് ശശി തരൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി: 2001ലെ പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ശശി തരൂര്‍ എം പിയുടെ പരാമര്‍ശം വിവാദമായി. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയതും കേസ് കൈകാര്യം ചെയ്തതും തെറ്റായ രീതിയിലാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി.
കുടുംബാംഗങ്ങള്‍ക്ക് അഫ്‌സല്‍ ഗുരുവുമായി അവസാനമായി കാണുന്നതിന് അവസരം നല്‍കുകയും അദ്ദേഹത്തിന്റെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യേണ്ടതായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷക്കെതിരെയുള്ള ഒരു പ്രസ്താവനയില്‍ ജമ്മുവില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പിട്ടതായുള്ള വെളിപ്പെടുത്തലിന് പിന്നാലെയാണ് തരൂരിന്റെ ട്വീറ്റുകള്‍.
അഫ്‌സല്‍ ഗുരുവിന്റെ കേസ് കൈകാര്യം ചെയ്ത രീതി അന്ന് അധികാരത്തിലിരുന്ന കോണ്‍ഗ്രസിനും നാണക്കേടാണെന്ന് തരൂര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ സുബ്രഹ്മണ്യം സ്വാമിയുള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നു.
2003ലെ പാര്‍ലിമെന്റ് ആക്രമണ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഫ്‌സല്‍ ഗുരുവിനെ 2013 ഫെബ്രുവരി 9നാണ് തൂക്കിലേറ്റിയത്. തീഹാര്‍ ജയിലിലാണ് വധശിക്ഷ നടപ്പിലാക്കിയത്.
അതേസമയം അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമായ ഇന്നലെ നിരവധി വിഘടനവാദി നേതാക്കളെ ജമ്മുകാശ്മീരില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശ്രീനഗറില്‍ അവാമി ഇത്തിഹാദ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തി. സഫാകതല്‍, മഹാരാജ് ഗഞ്ച്, ഖന്യാര്‍, റെയ്‌നാവാരി, നൗഹാത്ത എന്നീ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

Latest