National
തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രമുഖര്‍
അഹങ്കാരം വേണ്ട
പാര്‍ട്ടിയുടെ വിജയത്തില്‍ അഹങ്കരിക്കരുത്. കോണ്‍ഗ്രസും ബി ജെ പിയും പരാജയപ്പെടാന്‍ കാരണം അഹങ്കാരമാണ്. ഇത് ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണ്. അസാധ്യമായത് ഡല്‍ഹി ജനത സാധിച്ചെടുത്തു. സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കും. ജനങ്ങള്‍ക്കായി എന്നും നിലനില്‍ക്കും.
കിരഞ്ഞെടുപ്പ് വിജയം വലിയ ഉത്തരവാദിത്വമാണ് നല്‍കിയിരിക്കുന്നത്. അഹങ്കരിച്ചാല്‍ അഞ്ചു വര്‍ഷത്തിനുശേഷം ഇതേ ജനങ്ങള്‍ തന്നെ ശിക്ഷ നല്‍കും. ജനങ്ങളുടെ സഹായത്തോടെ പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും അഭിമാനിക്കാവുന്ന നഗരമായി ഡല്‍ഹിയെ മാറ്റും. വി ഐ പി സംസ്‌കാരത്തിന് കൂച്ചു വിലങ്ങിടും.
അരവിന്ദ് കെജ്‌രിവാള്‍ (എ എ പി നേതാവ്)
വികസനത്തിന് പിന്തുണ
“ഞാന്‍ അരവിന്ദ് കെജ്‌രിവാളിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഡല്‍ഹിയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണപിന്തുണയും അറിയിച്ചു”- മോദി ട്വിറ്ററില്‍ കുറിച്ചു. ചായ കുടിച്ചു കൊണ്ടുള്ള ചര്‍ച്ചക്ക് അദ്ദേഹം കെജ്‌രിവാളിനെ ക്ഷണിക്കുകയും ചെയ്തു.
നരേന്ദ്ര മോദി (പ്രധാനമന്ത്രി)
കാരണം പഠിക്കട്ടെ
ഇത് എനിക്ക് തികച്ചും പുതിയ അനുഭവമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷക്കൊത്ത് ഉയരാനാകാത്തതില്‍ ക്ഷമ ചോദിക്കുന്നു. മോദിയില്‍ നിന്നും അമിത് ഷായില്‍ നിന്നുമെല്ലാം വന്‍ പിന്തുണയാണ് ലഭിച്ചത്. ബി ജെ പി ഒരു ദേശീയ പാര്‍ട്ടിയാണ്. പരാജയത്തിന്റെ കാരണങ്ങള്‍ അവര്‍ വിശകലനം ചെയ്യട്ടേ. മോദിയായിരുന്നില്ല മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അതിനാല്‍ അദ്ദേഹത്തെ പഴിക്കുന്നതില്‍ കാര്യമില്ല. കെജ്‌രിവാളിന് എല്ലാ പിന്തുണയും നല്‍കും.
കിരണ്‍ ബേദി( ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി)
മോദിക്കുള്ള സന്ദേശം
വ്യവസായികളെ പ്രീണിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിനുള്ള വ്യക്തമായ സന്ദേശമാണ് എ എ പിയുടെ വിജയം. കെജ്‌രിവാളിന് എല്ലാ ആശംസകളും അറിയിക്കുന്നു. ജന്‍ ലോക്പാലിനുള്ള പോരാട്ടം ഉപേക്ഷിക്കരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. ജനങ്ങളുടെ പാര്‍ലിമെന്റാണ് ഏറ്റവും വലുത്. അവിടെ വിജയിച്ചിരിക്കുന്നു. എങ്ങനെ ഭരിക്കണമെന്ന് ഞാന്‍ ഉപദേശിക്കുന്നില്ല. അത് അദ്ദേഹത്തിന് അറിയാം.
അന്നാ ഹസാരെ
ജനവിധി മാനിക്കുന്നു
എ എ പിക്കും അരവിന്ദ് കെജ്‌രിവാളിനും ജനങ്ങള്‍ ഗംഭീര വിജയം നേടിയിരിക്കുകയാണ്. ഈ ജനവിധി മാനിക്കുന്നു. എ എ പിക്ക് എല്ലാ അഭിനന്ദനങ്ങളും.
രാഹുല്‍ ഗാന്ധി(കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്)