National
ചരിത്രം പറയുന്നു, പ്രതിഫലിക്കുന്നത് ദേശീയ രാഷ്ട്രീയം തന്നെ
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നേരിട്ട് സ്വാധീനം ചെലുത്തിയ ചരിത്രമാണ് ഡല്‍ഹിയുടെ തിരഞ്ഞെടുപ്പ് രംഗത്തിനുള്ളത്. അത്‌കൊണ്ട് തന്നെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ വിലയിരുത്തലും അതിനോടുള്ള പ്രതികരണവും തന്നെയാണ് ഡല്‍ഹിയിലെ ബി ജെ പിയുടെ കനത്ത പരാജയമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഡല്‍ഹിക്ക് സംസ്ഥാന സ്വഭാവം കൈവന്നത് 1991ല്‍ 69ാമത് ഭരണഘടനാ ഭേദഗതിയുലൂടെയായിരുന്നു. അതിന് ശേഷം 1993ലാണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് കേന്ദ്രത്തില്‍ പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നു അധികാരത്തില്‍. ബാബ്‌രി മസ്ജിദ് തകര്‍ക്കുക വഴി സംഘ്പരിവാര്‍ ശക്തികള്‍ കൈവരിച്ച വര്‍ഗീയ ധ്രുവീകരണത്തിന്റെ ചിറകിലേറി ബി ജെ പി സംസ്ഥാന ഭരണം പിടിച്ചു. ആകെയുള്ള 70 സീറ്റില്‍ 49 സീറ്റുകള്‍ നേടി. പക്ഷേ കോണ്‍ഗ്രസ് ഇന്നത്തെ പോലെ തകര്‍ന്നടിഞ്ഞില്ല. 14 സീറ്റുകള്‍ നേടി. ബി ജെ പിയിലെ മദന്‍ ലാല്‍ ഖുറാന ഡല്‍ഹിയില്‍ ആദ്യമുഖ്യമന്ത്രിയായി.
1993ല്‍ സംസ്ഥാന ഭരണം തുടങ്ങിയ ബി ജെ പിയില്‍ തൊഴുത്തില്‍ കുത്ത് രൂക്ഷമായി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖുറാന, സാഹിബ് സിംഗ് വര്‍മ, സുഷമാ സ്വരാജ് എന്നിങ്ങനെ മൂന്ന് മുഖ്യമന്ത്രിമാര്‍ വേണ്ടി വന്നു ബി ജെ പിക്ക്. ഉള്ളി വില കൂടി ചതിച്ചതോടെ 1998ല്‍ ബി ജെ പി തകര്‍ന്നടിഞ്ഞു. 52 സീറ്റ് നേടി കോണ്‍ഗ്രസ് ഭരണം പിടിച്ചു. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിത് 2003ല്‍ 47 സീറ്റുകള്‍ പിടിച്ചെടുത്ത് തുടര്‍ വിജയം നേടിയത് ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്ക് ചുവടു പിടിച്ചായിരുന്നു. 1999ലെ എന്‍ ഡി എ സര്‍ക്കാര്‍ കടുത്ത ആക്രമണങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു അന്ന്. ഷീലാ ദീക്ഷിതിന്റെ വ്യക്തിപ്രഭാവവും പൊതു രാഷ്ട്രീയ സാഹചര്യങ്ങളും 2008ല്‍ കോണ്‍ഗസിന് 43 സീറ്റുകള്‍ നേടാന്‍ സഹായിച്ചു. 2013 ലെ തിരഞ്ഞെടുപ്പില്‍ സ്ഥിതി നേര്‍ വിപരീതമായിരുന്നു. അഴിമതിയാരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് കോണ്‍ഗ്രസിന്റെ ഗ്രാഫ് തോഴോട്ട് കൂപ്പു കുത്തുന്ന സമയം. മോദിയുടെ ഉദയവും ഇക്കാലത്തായിരുന്നു.
അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ ഉപോത്പന്നമായി ആം ആദ്മി വരികയും ജനസ്വാധീനം ആര്‍ജിക്കുകയും ചെയ്തതോടെ ഇക്കാലം വരെയുണ്ടായിരുന്ന കോണ്‍ഗ്രസ്- ബി ജെ പി മത്സരം അസ്തമിച്ചു. ലക്ഷണമൊത്ത ത്രികോണ രാഷ്ട്രീയത്തിലേക്ക് ഡല്‍ഹി ചുവട് മാറി. അങ്ങനെയാണ് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറിയതും പിന്നെ അധികാരം വിട്ടൊഴിഞ്ഞതും. ലഫ്. ഗവര്‍ണര്‍ ഭരണവും പിന്നിട്ട് ഡല്‍ഹി ഒരിക്കല്‍ കൂടി ബൂത്തിലേക്ക് ചെന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി ഒറ്റക്ക് അധികാരമേറിയിരിക്കുന്നു. കോണ്‍ഗ്രസ് തീര്‍ത്തും അപ്രസക്തമായപ്പോള്‍ ബി ജെ പി ഒറ്റ സംഖ്യയിലേക്ക് ഒതുങ്ങി. 120 എം പിമാരെയും കേന്ദ്ര മന്ത്രിമാരെയും പ്രധാനമന്ത്രി മോദിയെത്തന്നെയും ഇറക്കി ഇളക്കി മറിച്ച പ്രചാരണം നടത്തിയിട്ടും ബി ജെ പി രക്ഷപ്പെട്ടില്ലെങ്കില്‍ അതിനര്‍ഥം മോദി തരംഗത്തിന് വലിയ ക്ഷീണം സംഭവിച്ചുവെന്നത് തന്നെയാണ്. രാജ്യത്താകെ സാധ്യമാകാന്‍ ഇടയുള്ള ബദല്‍ രാഷ്ട്രീയത്തിന്റെ നാന്ദിയാകാം ഡല്‍ഹി ഫലമെന്ന് വിലയിരുത്തപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്.
ഡല്‍ഹിയിലെ പൊതു തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ ഈ പ്രദേശം എത്രമാത്രം ദേശീയ പ്രവണതകളുടെ സൂചകമാണെന്ന് വ്യക്തമാകും. 1951-52ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വിജയിച്ചു. പിന്നീടുള്ള രണ്ട് തിരഞ്ഞെടുപ്പുകളിലും ഡല്‍ഹി കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നാല്‍ രാജ്യത്താദ്യമായി കോണ്‍ഗ്രസ് തിരിച്ചടി നേരിട്ട 1967ലെ പൊതു തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനസംഘം ഡല്‍ഹിയിലെ ഏഴില്‍ ആറ് ലോക്‌സഭാ സീറ്റുകളും നേടി. 1971ല്‍ കോണ്‍ഗ്രസ് തിരിച്ചു വന്നപ്പോള്‍ ഡല്‍ഹിയും ഒപ്പം നിന്നു. 1977ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയും ഭാരതീയ ലോക്ദളും ചേര്‍ന്ന് ഡല്‍ഹിയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വിജയിച്ചു. അടിയന്തരാവസ്ഥക്ക് ശേഷമുള്ള ദേശീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനം തന്നെയിരുന്നു അത്. 80ലും 84ലും കോണ്‍ഗ്രസ് തിരിച്ചു വന്നു. വി പി സിംഗ് സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോള്‍ 1989ല്‍ ബി ജെ പിയും ജനതാ പാര്‍ട്ടിയും ചേര്‍ന്ന് ഏഴില്‍ അഞ്ച് നേടി. 1991ലെ പൊതു തിരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴ് സീറ്റില്‍ അഞ്ചും ബി ജെ പി പിടിച്ചു.