National
പരാജയത്തിന്റെ ആഘാതം കൂട്ടിയത് ബേദി!
ന്യൂഡല്‍ഹി: രണ്ടക്കം പോലും കടക്കാതെ ബി ജെ പി തകര്‍ന്നടിഞ്ഞതിന് പിന്നില്‍ “പാരച്യൂട്ട്” മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി! ബേദിയെ പാര്‍ട്ടിയില്‍ കൊണ്ടുവന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ വോട്ടെടുപ്പിന്റെ തലേന്ന് വരെ ഡല്‍ഹിയിലെ ബി ജെ പി നേതാക്കളുടെ മുഖത്ത് നിന്ന് അതൃപ്തി മാഞ്ഞിട്ടുണ്ടായിരുന്നില്ല. എ എ പി സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് അന്നാ സംഘത്തില്‍ സജീവ സാന്നിധ്യവും എ എ പിക്ക് ശേഷം അന്നാ ഹസാരെക്കൊപ്പവും പ്രവര്‍ത്തിച്ച കിരണ്‍ ബേദിയെ പെട്ടെന്നൊരു ദിവസം ബി ജെ പി അംഗത്വം നല്‍കി ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ ബി ജെ പി സംസ്ഥാന യൂനിറ്റ് അതീവ അനിഷ്ടത്തിലായിരുന്നു.
വര്‍ഗീകരണവും അലങ്കോലപ്പെടലും, ബേദിയും പെട്ടെന്നുണ്ടായ ഇച്ഛാഭംഗവും, പരിഭ്രാന്തി, വന്‍തോക്കുകളെ നിര്‍ബന്ധിച്ച് സേവനസജ്ജരാക്കുക, നൈരാശ്യം എന്നിവയാണ് പ്രചാരണത്തെ സമയബന്ധിതമായി ക്രമീകരിക്കുമ്പോള്‍ ലഭിക്കുന്നത്. അമിത് ഷാ എന്ന തിരഞ്ഞെടുപ്പ് ചാണക്യന്റെ അതിബുദ്ധിയായിപ്പോയി ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആക്കിയത്. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എടുത്തുചാടും മുമ്പ് വരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ല എന്ന് തുടരെത്തുടരെ പറയുകയും പെട്ടെന്നൊരു ദിവസം “പാരച്യൂട്ട്” സ്ഥാനാര്‍ഥിയെ ഇറക്കുകയും ചെയ്തത് വിനയായി. സംസ്ഥാന യൂനിറ്റിനെ വിശ്വാസത്തിലെടുത്തില്ല എന്ന വികാരം നേതാക്കള്‍ക്കിടയില്‍ ഇതുണ്ടാക്കി. പിറ്റേന്ന് തന്നെ ഇത് പൊട്ടിത്തെറിയിലേക്ക് എത്തി. കഴിഞ്ഞ മാസം 20നാണ് ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. 21ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായക്ക് സീറ്റ് നല്‍കാതെ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബി ജെ പി സംസ്ഥാന ഘടകം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. പോലീസ് എത്തിയാണ് പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് അണികളെ ബലംപ്രയോഗിച്ച് മാറ്റിയത്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി നേതാവ് ധീര്‍ സിംഗ് ബിധുരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടിരുന്നു. പുറമെ ഒക്‌ലയില്‍ നിന്നുള്ള നാല് ബ്ലോക്ക് പ്രസിഡന്റുമാരും പാര്‍ട്ടി വിട്ടു. ഡല്‍ഹി ഘടകം വൈസ് പ്രസിഡന്റ് ശിഖ റായിക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചും അനുയായികള്‍ രംഗത്തെത്തി. സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ ബി ജെ പി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബി ജെ പി. എം പി മഹേഷ് ഗിരി പരസ്യമായി പറഞ്ഞു.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അമിത് ഷാ എല്ലാ മുറുമുറുപ്പുകളും അടിച്ചമര്‍ത്തിയെങ്കിലും പ്രചാരണത്തിലും ഇത് നിഴലിച്ചു. കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ധനും ഒരു കണ്ണുണ്ടായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനും ഇടയില്‍ അധികാരം നഷ്ടപ്പെട്ടയാളാണ് വര്‍ധന്‍. ഇത്തവണ അത് ലഭിക്കുമെന്ന് കരുതിയെങ്കിലും സ്ഥാനാര്‍ഥിത്വം പോലും ലഭിച്ചില്ല. നേതാക്കളുടെ കടുത്ത അതൃപ്തി ബേദിയുടെ പ്രചാരണത്തിലും നിഴലിച്ചു. ഡല്‍ഹിയില്‍ ബി ജെ പിയുടെ ചില തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലും നേതാക്കളുടെ പ്രസംഗങ്ങളിലും ബേദി “ഔട്ടായി”. മുതിര്‍ന്ന നേതാവ് നരേന്ദ്ര ടണ്ഠന്റെ രാജിയില്‍ വരെ കാര്യങ്ങളെത്തി. ബേദിയുടെ പ്രാചരണ ചുമതലയാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ ടണ്ഠന് ഉണ്ടായിരുന്നത്. ബേദിയുടെ ഏകാധിപത്യ മനോഭാവത്തില്‍ മനംമടുത്ത് രാജി പ്രഖ്യാപനം നടത്തിയെങ്കിലും മണിക്കൂറുകള്‍ക്കകം കേന്ദ്ര നേതൃത്വം ഇടപെട്ട് അത് രാജി പിന്‍വലിപ്പിക്കുകയായിരുന്നു. ആകയാല്‍, സംസ്ഥാന യൂനിറ്റിനെ വിശ്വാസത്തിലെടുക്കാതെ പ്രവര്‍ത്തിച്ചത് തിരഞ്ഞെടുപ്പ് ഫലത്തേയും ഒരു പരിധി വരെ സ്വാധീനിച്ചു എന്ന് വേണം കരുതാന്‍.