National
കോണ്‍ഗ്രസിനെ 'കൈ'വിട്ട മുസ്‌ലിം വോട്ടുകള്‍ എ എ പി പെട്ടിയില്‍
അപക്വമായ രാഷ്ട്രീയ തീരുമാനങ്ങളിലൂടെ കൈയില്‍ കിട്ടിയ ഭരണം ദിവസങ്ങള്‍ക്കകം വലിച്ചെറിഞ്ഞുവെന്ന വിമര്‍ശനങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കൊണ്ട് തികഞ്ഞ ഗൃഹപാഠം നടത്തിയാണ് ആം ആദ്മി പാര്‍ട്ടി ഇത്തവണ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അഴിമതിക്കെതിരായ മുല്ലപ്പൂ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ കെജ്‌രിവാളിന് ഇനിയൊരിക്കലും തിരിച്ചുവരവിനുള്ള സാധ്യതയില്ലെന്ന് വിധിയെഴുതിയവരെ അമ്പരപ്പിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേ ഫലങ്ങള്‍ പുറത്തുരികയുണ്ടായി. കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും പുതുതായി ജന്മമെടുത്ത ആപിന് വന്‍തോതില്‍ സീറ്റുകള്‍ ലഭിക്കുമെന്ന സര്‍വേ ഫലങ്ങള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശരിയായ സാഹചര്യത്തില്‍ ഇത്തവണത്തെ ഫലത്തില്‍ കാര്യമായ വ്യത്യാസമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം ബി ജെ പിയെയും ശക്തമായി മലര്‍ത്തിയടിച്ചു കൊണ്ടാണ് ഫലം പുറത്തുവന്നിരിക്കുന്നത്.
ബി ജെ പി ഇത്തവണ അധികാരത്തിലെത്തുമെന്ന ആദ്യത്തെ അഭിപ്രായ സര്‍വേകളിലെ നിലപാടുകള്‍ മൂന്നാഴ്ച കൊണ്ട് മാറിമറിഞ്ഞതെങ്ങനെയെന്നതിന് ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ പലതാണ്. യുവജനങ്ങള്‍ക്കിടയില്‍ ബി ജെ പിക്ക് വിശ്വാസ്യത വളര്‍ത്തിയെടുക്കാന്‍ കഴിയാത്തതും കിരണ്‍ ബേദിയുടെ ആഗമനത്തോടെ സ്ത്രീ വോട്ടര്‍മാരെ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്താമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചതും കോണ്‍ഗ്രസിന് വന്‍തോതില്‍ വേരോട്ടമുണ്ടായിരുന്ന ജഗി, ജോസ്‌രി പോലുള്ള ക്ലസ്റ്ററുകളില്‍ കെജ്‌രിവാള്‍ കടന്നുകയറിയതും അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണമായി. എന്നാല്‍ ഡല്‍ഹി ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്ന മുസ്‌ലിം വോട്ടര്‍മാരുടെ നിര്‍ണായക സ്വാധീനം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മറ്റ് മണ്ഡലങ്ങള്‍ക്ക് പുറമെ പത്ത് മണ്ഡലങ്ങളില്‍ നിര്‍ണായ സ്വാധീനമുള്ള മുസ്‌ലിം വോട്ടുകള്‍ 15 വര്‍ഷം ഷീലാ ദീക്ഷിത്തിനെ ഉറപ്പിച്ചു നിര്‍ത്തിയെന്നത് വസ്തുതയാണ്. ജാതിയോ മതമോ നോക്കാതെ സാമൂഹിക വീക്ഷണ ഗതിയുള്ള പാര്‍ട്ടികളെ പിന്തുണക്കുന്ന മുസ്‌ലിം വോട്ടുകള്‍ ഇത്തവണ എ എ പിയുടെ പെട്ടിയില്‍ തന്നെ വീണു. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസ ്( സി എസ് ഡി എസ്) 2013ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ സര്‍വേയില്‍ പകുതിയോളം മുസ്‌ലിം വോട്ടുകള്‍ മാത്രമേ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുള്ളൂവെന്നാണ് ചൂണ്ടിക്കാട്ടിയത്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന് ലഭിച്ച മുസ്‌ലിം വോട്ടുകളില്‍ ഏറ്റവും കുറഞ്ഞ ശതമാനമായിരുന്നുവിത്. പാര്‍ട്ടി വന്‍തോതില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് അന്നത്തെ ഫലം വന്നപ്പോള്‍ കണ്ടത്. ആ ഘട്ടത്തില്‍ എ എ പി അധികാരത്തിലെത്തുമോ എന്ന് ഈ വോട്ടര്‍മാര്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. എങ്കിലും മുസ്‌ലിം വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ കൈവിട്ടുകൊണ്ടിരിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വ്യക്തമായി. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ന്യൂനപക്ഷം ആം ആദ്മി പാര്‍ട്ടിയോട് പൂര്‍ണമായി അടുക്കുന്നുവെന്ന സൂചനകള്‍ നല്‍കി. എന്നാല്‍ എ എ പിയുടെ ഭഗത്തേക്കുള്ള ധ്രുവീകരണം സമ്പൂര്‍ണമായതുമില്ല. 56 ശതമാനം വോട്ടുകള്‍ എ എ പിക്കും 39 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിനും ലഭിച്ചുവെന്ന് ഒരു കണക്ക് ചൂണ്ടിക്കാട്ടുന്നു. ഇത് മുമ്പ് കോണ്‍ഗ്രസ് കുത്തകയാക്കി വെച്ച പല ലോക്‌സഭാ മണ്ഡലങ്ങളിലും വോട്ട് വിഭജനത്തിന് വഴിയൊരുക്കി. ഇതില്‍ ബി ജെ പിക്ക് ജയിച്ചു കയറിയെന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സഹായകമായത്. എ എ പി യിലേക്ക് മുസ്‌ലിം വോട്ടുകള്‍ ക്രമീകരിക്കുന്നുവെന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവചനങ്ങള്‍ ഏതാണ് സാധ്യമാക്കിയിരുന്നു. ഡല്‍ഹിഫലങ്ങള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന പങ്ക്‌വഹിക്കുന്ന ചാന്ദ്‌നി ചൗക്ക്, മതിയ മഹല്‍, ബലിമാരന്‍, ഒഖ്‌ല, സീലാംപൂര്‍ എന്നിവിടങ്ങില്‍ മുസ്‌ലിം ജനസംഖ്യ 40 ശതമാനത്തിന് മുകളിലാണ്. 2008ലും 2013ലും ഇവിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റില്‍ പോലും ബി ജെ പി ജയിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബലിമാരന്‍, ചാന്ദ്‌നി ചൗക്ക് മണ്ഡലങ്ങളില്‍ വോട്ട് വിഭജനമുണ്ടായത് ഈ മണ്ഡലങ്ങളില്‍ ബി ജെ പിക്ക് വന്‍തോതില്‍ ഗുണം ചെയ്തു. 30 നും 40നും ശതമാനത്തിനിടയില്‍ മുസ്‌ലിം ജനസംഖ്യയുള്ള മറ്റ് അഞ്ച് മണ്ഡലങ്ങളാണ് മുസ്തഫാബാദ്, ബാബര്‍പൂര്‍, സീമാപുരി, ശഹ്ദാര, റിതാല എന്നിവ. ഇവിടെയും കഴിഞ്ഞ ലോക്ഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും എ എ പിക്കുമിടയില്‍ മുസ്‌ലിം വോട്ടുകള്‍ വിഭജിക്കപ്പെട്ടത് ബി ജെ പിക്ക് ലീഡ് നേടാന്‍ കാരണമായി.
പരമ്പരാഗത ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയതിരുന്നതും മുസ്‌ലിംകളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ബി ജെ പിക്ക് നീങ്ങാനാകാത്തതും എ എ പിയുടെ സാധ്യതകള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ധിപ്പിച്ചുവെന്ന് ഫലം ചൂണ്ടിക്കാട്ടുന്നു. തങ്ങളെ വോട്ട്‌ബേങ്ക് മാത്രമായി കോണ്‍ഗ്രസ് കണ്ടുവെന്ന തിരിച്ചറിവ് മുസ്‌ലിം മണ്ഡലങ്ങളില്‍ ഈ വിഭാഗത്തിനുണ്ടായി. ഇത് കൊണ്ട് തന്നെ മുതിര്‍ന്നവരെന്നോ യുവാക്കളെന്നോ വ്യത്യാസമില്ലാതെ മുസ്‌ലിംകള്‍ക്കിടയില്‍ എ എ പിക്ക് സ്വീകാര്യത വര്‍ധിപ്പിച്ചു. സീലാംപൂര്‍ പോലുള്ള മുസ്‌ലിം മേഖലകളില്‍ കണ്ട വന്‍തോതിലുള്ള വോട്ടിംഗ് ശതമാനവും ഈ വിഭാഗം വോട്ടിംഗില്‍ ഉത്ബുദ്ധരായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേക ക്യാമ്പയിന്‍ നടത്താന്‍ എ എ പി നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടതും ഈ ഫലത്തോട് ചേര്‍ത്ത് വായിക്കുമ്പോള്‍ രാജ്യതലസ്ഥാനത്തിന്റെ ജനവിധി തീരുമാനിച്ചതില്‍ മുസ്‌ലിം വിഭാഗത്തിന്റെ പങ്ക് നിര്‍ണായകമായെന്ന് കാണാനാകും.