Connect with us

Ongoing News

താരമായ് നിത്യ

Published

|

Last Updated

ആലപ്പുഴ: നിത്യ കൂര്യാക്കോസിന്റെ തുഴക്കരുത്തില്‍ കനോയിംഗില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. രണ്ട് സ്വര്‍ണമുള്‍പ്പടെ മത്സരിച്ച നാലിനങ്ങളിലും മെഡല്‍ നേടിയ നിത്യകുര്യാക്കോസ് ഓളപ്പരപ്പിലെ താരമായി. 500 മീറ്റര്‍ കനോയിംഗ് സിംഗിള്‍ വനിതാ വിഭാഗത്തില്‍ നിത്യ വ്യക്തിഗത സ്വര്‍ണം നേടിയപ്പോള്‍ 500 മീറ്റര്‍ കനോയിങ് ഫോര്‍ ഇനത്തില്‍ സുബി അലക്‌സാണ്ടര്‍, ആതിരഷൈലപ്പന്‍, ബെറ്റി ജോസഫ് എന്നിവര്‍ക്കൊപ്പം തുഴഞ്ഞാണ് രണ്ടാമത്തെ സ്വര്‍ണം നേടിയത്.
കഴിഞ്ഞ രണ്ട് ദിവസത്തെ മത്സരങ്ങളില്‍ കേരളത്തിന് വിവിധയിനങ്ങളിലായി ഏഴ് വെള്ളിയും രണ്ട് വെങ്കലവും ലഭിച്ചെങ്കിലും സ്വര്‍ണം കൈവിടുകയായിരുന്നു.താരങ്ങള്‍ക്കുണ്ടായ പരുക്കും മറ്റും കാരണം കൈവിട്ട സ്വര്‍ണം ഇന്നലെ നടന്ന കനോയിങ് ഫോര്‍, കനോയിങ് സിംഗിള്‍ ഇനങ്ങളിലൂടെ കേരളം സ്വന്തമാക്കി.ഇതോടെ കനോയിങ്, കയാക്കിങ് വിഭാഗത്തില്‍ ഇരട്ട സ്വര്‍ണം മൂന്നാം ദിനത്തില്‍ കേരളത്തിന്റെ കൈകളിലെത്തി. വനിത വിഭാഗം 500 മീറ്റര്‍ കനോയിങ് ഫോറില്‍ കുട്ടനാട്ടുകാരായ സുബി അലക്‌സാണ്ടര്‍, ബെറ്റി ജോസഫ്, നിത്യകുര്യാക്കോസ്, ആലപ്പുഴ സ്വദേശി ആതിരഷൈലപ്പന്‍ എന്നിവരാണ് കേരളത്തിന് വേണ്ടി സ്വര്‍ണം സ്വന്തമാക്കിയത്.ആതിരഷൈലപ്പനും ബെററ്റി ജോസഫും മത്സരിച്ച നാലിനങ്ങളില്‍ മൂന്നിലും വെള്ളി നേടിയാണ് ഇന്നലെ അവസാന ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്.സുബിക്കും നേരത്തെ രണ്ട് വെള്ളി മെഡല്‍ ലഭിച്ചിട്ടുണ്ട്.ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 500 മീറ്റര്‍ കയാക്കിങ് വനിത വിഭാഗത്തില്‍ കേരളത്തിന്റെ അനൂഷ ബിനു, മിനിമോള്‍ കെ സഖ്യം വെങ്കലം നേടി.കനോയിങ്, കയാക്കിങ് മത്സരത്തില്‍ കേരളത്തിന്റെ പുരുഷ ടീം ഇന്നലെ ഒരു വെള്ളിയും ഒരു വെങ്കലവും നേടി.പുരുഷ ടീമുകളുടെ ഈ ഇനങ്ങളിലെ ആദ്യ മെഡലാണ് ഇന്നലത്തേത്.
500 മീറ്റര്‍ കയാക്കിങ് ഫോറില്‍ വിഷ്ണുരഘുനാഥ്, പ്രസന്നകുമാര്‍ എ ആര്‍, രഞ്ജിത്ത് എം, സജൂബ് എന്നിവരുള്‍പ്പെട്ട സഖ്യമാണ് കേരളത്തിന് വേണ്ടി വെള്ളി മെഡല്‍ നേടിയത്.സൈമണ്‍സിംഗ്, വിനു ബി, ഹിരണ്‍കുമാര്‍ കെ, ജോസഫ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട സഖ്യം 500 മീറ്റര്‍ കനോയിങ് ഫോറില്‍ വെങ്കലവും നേടി.
ഇന്നലെയും സര്‍വീസസ് തന്നെയായിരുന്നു സ്വര്‍ണ വേട്ടയില്‍ മുന്നില്‍.മത്സരിച്ച മൂന്നിനങ്ങളിലും സര്‍വീസസിന് സ്വര്‍ണം തുഴഞ്ഞെടുത്തു.കേരളത്തിന് പുറമെ അന്തമാന്‍ നിക്കോബാറിനും ഇന്നലെ രണ്ട് സ്വര്‍ണം ലഭിച്ചു.മധ്യപ്രദേശിന് ഒരു സ്വര്‍ണമുണ്ട്.ഇന്നലെ രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും ഒരു വെള്ളിയും ലഭിച്ചതോടെ കനോയിങ്, കയാക്കിങ് മത്സരത്തിലെ കേരളത്തിന്റെ മെഡലുകളുടെ എണ്ണം 12 ആയി.ഇന്ന് 500 മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളിലായി ആറ് മത്സരങ്ങളാണുള്ളത്.

Latest