Connect with us

Articles

നാദാപുരം: വേണ്ടത് ശാശ്വത പരിഹാരം

Published

|

Last Updated

1960ല്‍ എന്റെ പഠനകാലം തൊട്ടേ നാദാപുരം പ്രദേശങ്ങളുമായി എനിക്ക് ബന്ധമുണ്ട്. ഞാന്‍ പഠിച്ചുകൊണ്ടിരുന്ന ദര്‍സുകളില്‍ സഹപാഠികളായും മറ്റും അവിടെ നിന്നുള്ള നിരവധി പേരുണ്ടായിരുന്നു. മാത്രമല്ല, എന്റെ സ്വദേശത്തു നിന്നും പേരാമ്പ്ര, കുറ്റിയാടി ഭാഗങ്ങളിലേക്ക് എളുപ്പം എത്തിപ്പെടാനുള്ള വഴികളും ഉണ്ടായിരുന്നു. 1970 കളുടെ തുടക്കത്തില്‍ സമസ്തയുടെ ജോയിന്റ് സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് ഈ പ്രദേശങ്ങളുമായും ഇവിടുത്തെ ജനങ്ങളുമായും കുറേക്കൂടി അടുത്തിടപെടേണ്ടി വന്നത്. മതപ്രഭാഷണങ്ങള്‍ക്കായും സംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും നടത്തിയ ആ യാത്രകള്‍ ഈ പ്രദേശത്തെ അടുത്തറിയാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ ആ പ്രദേശത്തിന് സംഭവിച്ച മാറ്റങ്ങള്‍ അടുത്തുനിന്ന് മനസ്സിലാക്കാനും ഈ യാത്രകള്‍ നിമിത്തമായിട്ടുണ്ട്. മാത്രവുമല്ല, ഇവിടുത്തെ വികസനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും പല നിലക്കുള്ള പങ്ക് വഹിക്കാനും സുന്നി സംഘടനകള്‍ക്കും എനിക്കും കഴിഞ്ഞിട്ടുമുണ്ട്. അക്കാലത്തൊന്നും ജനങ്ങള്‍ക്കിടയില്‍ ഇന്ന് നാം കാണുന്ന തരത്തിലുള്ള അകല്‍ച്ചയോ സ്പര്‍ധയോ ഉണ്ടായിരുന്നുമില്ല. പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിച്ച കുടുംബങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. വിശാലമായ പറമ്പുകളില്‍ മതില്‍ക്കെട്ടുകള്‍ ഇല്ലാതെ അവര്‍ ജീവിച്ചുപോന്നു. ഏതു കാര്യത്തിനും അവര്‍ പരസ്പരം ആശ്രയിച്ചു. അയല്‍വാസികളുടെ ഏതെങ്കിലും തരത്തിലുള്ള സഹായം ഇല്ലാതെ ജീവിക്കാന്‍ അന്നവര്‍ക്ക് പ്രയാസമായിരുന്നു. പിന്നെ എപ്പോഴാണ് പ്രശ്‌നങ്ങള്‍ നാദാപുരത്തെത്തുന്നത്?

തൂണേരി ഗ്രാമപഞ്ചായത്തിലെ വെള്ളൂരില്‍ കൊല്ലപ്പെട്ട ഷിബിന്റെ വീടും അതിക്രമങ്ങള്‍ നടന്ന സമീപത്തെ വീടുകളും കഴിഞ്ഞ ദിവസം സന്ദര്‍ശിപ്പോഴാണ് ഇതേ കുറിച്ചൊക്കെ വീണ്ടും ആലോചിച്ചത്. ഷിബിന്റെ മരണവും തുടര്‍ന്ന് നടന്ന അക്രമങ്ങളും വേദനാജനകവും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യവുമാണ്. സാമ്പത്തിക നഷ്ടം എന്നതിനെക്കാളേറെ, വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരസ്പര വിശ്വാസമില്ലായ്മയും അകല്‍ച്ചയുമാണ് ഈ പ്രദേശം നേരിടാന്‍ പോകുന്ന വലിയ നഷ്ടം എന്ന് തോന്നിപ്പോയി. പ്രത്യേകിച്ചും ഷിബിന്റെ ദാരുണമായ കൊലപാതകത്തെ തുടര്‍ന്ന് നടന്ന അതിക്രമങ്ങളെ ന്യായീകരിക്കാനും, വീടുകള്‍ക്ക് നേരെ നടന്ന വ്യാപകമായ അതിക്രമങ്ങളും കൊള്ളയും നേരത്തെ നടന്ന ഷിബിന്റെ കൊലപാതകത്തെ ന്യായീകരിക്കാനുമുള്ള കാരണമായി പല ആളുകളും ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ അത്തരമൊരു ആശങ്ക അസ്ഥാനത്തല്ല എന്നാണ് തോന്നുന്നത്. ഇത്തരം ന്യായീകരണം കണ്ടെത്തലുകള്‍ക്ക് സമൂഹത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരം പേടിപ്പെടുത്തുന്നതാണ്. തൂണേരി മുതല്‍ പാരീസിലെ ഷാര്‍ളി ഹെബ്‌ദോ സംഭവത്തില്‍ തുടങ്ങി ഇസില്‍ ഭീകരതയില്‍ വരെ ഇത്തരത്തിലുള്ള പുതിയ ന്യായീകരണങ്ങളാണ് ചിലരെങ്കിലും ഉയര്‍ത്തിക്കാട്ടുന്നത്. ഒരന്യായവും മറ്റൊരു അന്യായം ചെയ്യാനോ അതിനെ ന്യായീകരിക്കാനോ ഉള്ള കാരണമായിക്കൂടാ. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവര്‍ മാനവികതയുടെ എതിര്‍പക്ഷത്താണ് എന്ന് വേണം നാം മനസ്സിലാക്കേണ്ടത്.
കേരളത്തിലെ പ്രബലമായ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകളാണ് ഈ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെടുത്തി നാം കേട്ടുകൊണ്ടിരിക്കുന്നത്. ഈ പാര്‍ട്ടികള്‍ സംഭവത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ധാര്‍മികമായി മേല്‍ അതിക്രമങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയും എന്ന് നാദാപുരത്തെയും സമീപ പ്രദേശങ്ങളിലെയും അക്രമസംഭവങ്ങളുടെ ചരിത്രം അറിയാവുന്ന ഒരാളും വിശ്വസിക്കുകയില്ല. ഒരര്‍ഥത്തില്‍, രാഷ്ട്രീയ സ്വഭാവങ്ങളും മാനങ്ങളും ഉള്ള, തങ്ങളുടെ പ്രവര്‍ത്തകര്‍ പങ്കാളികളായ ഇതുപോലോത്ത അതിക്രമങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സന്നദ്ധതയില്ലായ്മയാണ് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നതും അക്രമികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും. ഈ ഉത്തരവാദിത്വം ഒഴിയല്‍ പ്രശ്‌നങ്ങളെ യഥാവിധി മനസ്സിലാക്കാനും അതിനനുസരിച്ചുള്ള പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള പ്രധാന തടസ്സമാണ്. അതേസമയം, അതിക്രമങ്ങള്‍ നടത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ കണ്ടെത്താനും അവരെ കൈയൊഴിയാനും അവരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള വഴിയൊരുക്കാനും ഈ പാര്‍ട്ടികള്‍ സന്നദ്ധമാവുകയാണെങ്കില്‍ അത് മികവുറ്റ ഒരു രാഷ്ട്രീയ സംസ്‌കാരത്തിനുള്ള തുടക്കം കുറിക്കലാകും. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മറവില്‍ അണികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് മേല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നു പറയുന്നത് എന്തൊരു നിരുത്തരവാദപരമായ സമീപനമാണ്! തൊലിപ്പുറത്തെ ചികിത്സയല്ല, രോഗം അറിഞ്ഞുകൊണ്ടുള്ള ചികിത്സയാണ് നാദാപുരത്തിന് ആവശ്യം. അതിന് ധൈര്യത്തോടെയുള്ള ഇടപെടല്‍ നടത്താന്‍ സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണം. നാദാപുരം പ്രദേശങ്ങളില്‍ മാത്രമല്ല, കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും അനുയായികളും അനുഭാവികളും ഉള്ള സംഘടനകളാണിവ. മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ അനുഭാവികള്‍ എന്തുകൊണ്ടാണ് നാദാപുരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് ആത്മ പരിശോധന നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവുകയും അതിനനുസരിച്ചുള്ള നയങ്ങള്‍ രൂപപ്പെടുത്തുകയും പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടങ്ങള്‍ കൊണ്ടുവരികയും വേണം. എങ്കിലേ ഈ മേഖലയില ശ്വാശ്വതമായ സമാധാനം ഉണ്ടാവുകയുള്ളൂ.
മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത് പോലെ, സമാധാനവും പരസ്പര വിശ്വാസവും സര്‍ക്കാറിന് ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ അല്ല. സമാധാനം ഒരു സംസ്‌കാരവും ജീവിതരീതിയുമാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ചെറിയ പങ്കാളിത്തം വഹിക്കാനേ ഭരണകൂടങ്ങള്‍ക്ക് കഴിയൂ. ബാക്കി കാര്യങ്ങള്‍ അതാതിടങ്ങളിലെ ജനങ്ങള്‍ അവരുടെ സ്വയം ജാഗ്രതയിലൂടെ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ഇപ്പോള്‍ തന്നെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാദാപുരത്ത് നടന്ന സമാധാനശ്രമങ്ങളും നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചെടുത്ത തീരുമാനങ്ങളും ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴേ വന്നുകഴിഞ്ഞ അകല്‍ച്ച വര്‍ധിപ്പിക്കാനുള്ള ഒരവസരമായി പലരും ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധയില്‍പെട്ടു. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പങ്ക് പരിമിതമാണെന്നു മാത്രമല്ല, അത് കാര്യങ്ങളെ ചിലപ്പോള്‍ കൂടുതല്‍ ഗൗരവതരമാക്കാനും വഴിവെച്ചേക്കും എന്നതിന്റെ ഉദാഹരണമാണിത്.
നാം ഇന്ന് കാണുന്ന തരത്തിലുള്ള അകല്‍ച്ചയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ നാദാപുരത്തിന് രണ്ട് പ്രധാന ഘട്ടങ്ങള്‍ ഉള്ളതായി മനസ്സിലാക്കാന്‍ കഴിയും. ജനങ്ങള്‍ക്കിടയിലെ സാമ്പത്തികമായ അകല്‍ച്ചയെ രാഷ്ട്രീയവത്കരിച്ച ഘട്ടമാണ് ഒന്നാമത്തേത്. ദാരിദ്ര്യവും അനുബന്ധ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ജനങ്ങള്‍ക്കിടയിലെ സാമ്പത്തിക അസമത്വം എന്ന വിഷയത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തീര്‍ച്ചയായും ഏറ്റെടുക്കേണ്ടതുണ്ട്. പക്ഷേ, നാദാപുരത്തിന്റെ കാര്യത്തില്‍ അതവിടെ അവസാനിച്ചില്ല. സാമ്പത്തിക അസമത്വങ്ങളെ താത്കാലികമായ രാഷ്ട്രീയ ലാഭത്തിനുവേണ്ടി വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന രണ്ടാം ഘട്ടം ആരംഭിച്ചതോടെയാണ് നാദാപുരത്ത് നാം ഇന്നു കാണുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇരു ഭാഗത്തും ഉള്ള രാഷ്ട്രീയ പാര്‍ട്ടികളും അനുയായികളും ഈ ഘട്ടത്തില്‍ പരമാവധി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചതായി കാണാന്‍ കഴിയും. ഭീതി ജനിപ്പിക്കുന്ന ഈ ഘട്ടത്തെ ശുഭാപ്തിയോടെ മറികടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനത്തില്‍ ആഴത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകണം. ഒപ്പം, ഇത് മനസ്സിലാക്കികൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമീപനം രൂപപ്പെടുത്താന്‍ ജനങ്ങളും ശ്രദ്ധിക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനത്തില്‍ മാത്രമല്ല, വ്യക്തി തലത്തിലും അവബോധം ഉണ്ടാകണം. അയല്‍പക്ക ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചു പരസ്പര വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്കേ സ്ഥായിയായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. അല്‍പക്കത്തെ കുടുംബം പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച് തിന്നുന്നവന്റെ സ്ഥാനം മതത്തിന് പുറത്താണെന്നാണ് മുത്തുനബി പഠിപ്പിച്ചത്. അന്യരുടെ അവകാശങ്ങളും ആത്മാഭിമാനവും വകവെച്ചു കൊടുക്കല്‍ ഏതൊരാളുടെയും ബാധ്യതയാണ്. ആ ബാധ്യത എല്ലാ വിഭാഗം ആളുകളും നിര്‍വഹിക്കുമ്പോഴേ നാട്ടില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കുകയുള്ളൂ.
നാദാപുരത്തെ ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാറും വ്യവസായികളും സന്നദ്ധ പ്രവര്‍ത്തകരും എല്ലാം രംഗത്തെത്തിയത് ശ്ലാഘനീയമായ കാര്യമാണ്. പ്രശ്‌നങ്ങള്‍ പൊടുന്നനെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത്തരം നീക്കങ്ങള്‍ അത്യന്താപേക്ഷിതമാണ്. അതേസമയം, ഇരകളുടെ മേല്‍ തങ്ങള്‍ക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ലെന്ന സമീപനം അക്രമികള്‍ക്കിടയില്‍ വളരാന്‍ നാം അനുവദിക്കരുത്. അക്രമത്തിന്റെ ഉത്തരവാദിത്വം അത് നടത്തിയവര്‍ക്കും നടത്തിച്ചവര്‍ക്കുമാണ്. ഇവരില്‍ പലരും ഇനിയും പിടിക്കപ്പെട്ടിട്ടില്ല. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അവരുടെ സ്വത്തുവകകള്‍ കണ്ടെത്തി അതില്‍ നിന്ന് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന ഒരു രീതി നടപ്പില്‍ വരുത്തിയാല്‍ സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. ആക്രമിക്കാന്‍ ഒരു വിഭാഗം ആളുകളും ഇരകളെ സഹായിക്കാന്‍ വേറൊരു വിഭാഗം ആളുകളും എന്ന നിലയില്‍ നിന്നും കാര്യങ്ങള്‍ മാറണം. ഹര്‍ത്താല്‍ ദിനങ്ങളില്‍ നടക്കുന്ന അക്രമങ്ങളുടെ നഷ്ടപരിഹാരം അതിന് ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികളില്‍ നിന്നും ഈടാക്കണം എന്ന കോടതി വിധി ഈ വിഷയത്തിലും മാതൃകയാക്കാവുന്നതാണ്. അക്രമങ്ങള്‍ നടത്തി നാട് വിട്ടാലും ഇവിടെ കാര്യങ്ങള്‍ നോക്കിനടത്താന്‍ ആളുകള്‍ ഉണ്ടെന്ന ബോധമാണ് ഇത്തരം സംഭവങ്ങളിലെ പങ്കാളികളായ പലരുടെയും ആത്മവിശ്വാസം. ആ ആത്മവിശ്വാസത്തിന്റെ വേരറുക്കുകയാണ് നമ്മുടെ പ്രധാനപ്പെട്ട ചുമതല. സര്‍ക്കാറിന്റെ പ്രാഥമികമായ പരിഗണനയിലും ഇതുണ്ടാകണം. ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള എളുപ്പവഴിയും അതു മാത്രമാണ്.

Latest