Connect with us

Kerala

പാമോലിന്‍ കേസ്‌: വി എസിന്റെ ഹരജി സുപ്രീംകോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. വിചാരണക്കിടെ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചാല്‍ കേസെടുക്കുന്നതിന് തടസ്സമില്ലെന്നും ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ച സാഹചര്യത്തില്‍ കേസില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, അന്വേഷണം തുടരട്ടെയെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന കാര്യവും കോടതി നിരീക്ഷിച്ചു. കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടന്നിട്ടില്ലെന്നും അതിനാല്‍ തുടരന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു വി എസിന്റെ ഹരജി.
കേസില്‍ വി എസിന് രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്ന് നേരത്തെ നടത്തിയ നിരീക്ഷണം കീഴ്‌ക്കോടതിയില്‍ നടക്കുന്ന വിചാരണയെ ഒരുനിലക്കും ബാധിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. 2002ല്‍ തന്നെ ഹരജി സമര്‍പ്പിക്കുന്നതിനും കക്ഷി ചേരുന്നതിനും അനുമതി തന്നിരുന്നുവെന്ന് വി എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരാണ് തുടരന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന പശ്ചാതലത്തില്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്നു കോടതി നിരീക്ഷിച്ചു. വിചാരണക്കിടെ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചാല്‍ കേസെടുക്കാം. അതിന് കേരള ഹൈക്കോടതിയുടെ ഉത്തരവോ സുപ്രീം കോടതി പരാമര്‍ശമോ ബാധിക്കില്ലെന്നും കോടതി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പുതുതായി അഞ്ച് രേഖകള്‍ വി എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും സുപ്രീം കോടതി ഇത് തെളിവായി അംഗീകരിച്ചില്ല. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയുള്ള വിജിലന്‍സ് കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി, വി എസിന് കേസില്‍ ഇടപെടാന്‍ അനുമതി നല്‍കുന്ന 2006ലെ സുപ്രീം കോടതി ഉത്തരവ്, കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് 2005ല്‍ ഉമ്മന്‍ ചാണ്ടി എഴുതിയ കത്ത്, കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്ന് വി എസ് നിയമസഭയില്‍ ആവശ്യപ്പെട്ടത് വ്യക്തമാക്കുന്ന മാധ്യമ വാര്‍ത്തകള്‍, പാമോലിന്‍ ഇടപാടിന് കേന്ദ്രസര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് പറയുന്ന കേന്ദ്ര വിജ്ഞാപനം തുടങ്ങിയ രേഖകളാണ് വി എസ് സമര്‍പ്പിച്ചത്. ആവശ്യമെങ്കില്‍ രേഖകള്‍ വിചാരണ കോടതിയില്‍ ഹാജരാക്കട്ടെയെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
രാഷ്ട്രീയ ലാഭം മുന്‍നിര്‍ത്തി കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകാന്‍ വി എസ് ശ്രമിക്കുകയാണെന്നും ഈ നില തുടര്‍ന്നാല്‍ പിഴ ഈടാക്കി വി എസിനെതിരെ ഉത്തരവ് ഇറക്കുമെന്നും സുപ്രീം കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പരാമര്‍ശം വിചാരണയെ ബാധിക്കരുതെന്ന് ഇന്നലെ കോടതി വ്യക്തമാക്കി.
കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടി ധനമന്ത്രിയുമായിരിക്കെ സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരാക്കി പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് പാമോലിന്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നിയമയുദ്ധം തുടരുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോലിന്‍ ടണ്ണിന് 392.25 ഡോളറുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് വിവാദമായത്. പാമോലിന്‍ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്ത വകയില്‍ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും സര്‍ക്കാറിന്റെ ഭാഗത്ത് അനാസ്ഥ ഉള്ളതായും സംസ്ഥാന വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Latest