Articles
ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം: ചുവരെഴുത്ത് വായിക്കണം
ഡല്‍ഹിയിലെ ജനവിധി, ജനങ്ങളില്‍ നിന്ന് അകന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ചും വികസനത്തെക്കുറിച്ച് നേരായ കാഴ്ചപ്പാടില്ലാതെയും നില്‍ക്കുന്ന എല്ലാ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്ള ശക്തമായ താക്കീതാണ്. ഇനിയും തിരിച്ചറിവ് ഉണ്ടായില്ലെങ്കില്‍ കാലിന്നടിയിലെ മണ്ണ് ഒലിച്ചുപോകുമെന്ന് മനസ്സിലാക്കണം. ജനങ്ങള്‍ ഓരോ തിരഞ്ഞെടുപ്പിനേയും പ്രതീക്ഷയോടും ഗൗരവത്തോടുമാണ് സമീപിക്കുന്നതെന്നും ഡല്‍ഹി വ്യക്തമാക്കുന്നു. വിശ്വാസവും പ്രതീക്ഷയും നല്‍കി തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും ആണ്ടുപോകുമ്പോള്‍ ഇന്ത്യയിലെ വോട്ടര്‍മാര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കില്ല എന്ന് ഒന്നുകൂടി തെളിഞ്ഞിരിക്കുന്നു. രാഷ്ട്രീയ നേതാക്കളെക്കാളും പക്വതയോടും രാജ്യതാത്പര്യം മാത്രം മുന്‍നിര്‍ത്തി യും പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യയിലെ ജനങ്ങള്‍ എന്നുള്ളതാണ് ജനാധിപത്യത്തിന് ഉറപ്പും അടിത്തറയും നല്‍കുന്നത്.
ജനാധിപത്യം ഒരു ഡിസ്‌കോഴ്‌സ് ആണ്. ആശയവിനിമയവും തോളോടുതോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനവുമാണ്. മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും പുതിയ പാഠങ്ങള്‍ പഠിക്കാനും പുത്തന്‍ സാഹചര്യങ്ങളോട് ഇണങ്ങാനുമുള്ള കഴിവാണ് ജനാധിപത്യ സംവിധാനത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകന് വേണ്ടത്. വെല്ലുവിളികള്‍ മനസ്സിലാക്കണം, തുറന്ന മനസ്സോടെയും വിനയത്തോടെയും പ്രശ്‌നങ്ങളെ സമീപിക്കണം, ജനങ്ങളോട് അടുത്തിടപഴകണം, എല്ലാ പ്രവര്‍ത്തനങ്ങളിലും സത്യസന്ധതയും സുതാര്യതയും ഉറപ്പുവരുത്തണം . ഇവയാണ് അവശ്യ ഘടകങ്ങള്‍. കൂടാതെ പുതിയ സാമൂഹിക, സാമ്പത്തിക ക്രമങ്ങള്‍, അവയുടെ പ്രശ്‌നങ്ങള്‍, സാങ്കേതികവിദ്യ എന്നിവയും രാഷ്ട്രീയക്കാര്‍ക്ക് വഴങ്ങിയേ പറ്റൂ. ലോകം ഒരു ഗ്രാമമായി മാറിയ ഇന്നത്തെ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയുടെ, നോളജ് ഇക്കണോമിയുടെ കാലത്ത്, ലോകത്തെ ചെറുചലനങ്ങള്‍ പോലും നമ്മേയും നമ്മുടെ നാടിയെയും ബാധിക്കും. ഇവ പഠിച്ചാലേ മുന്നോട്ട് പോകാനും ഭാവിക്കായുള്ള തീരുമാനങ്ങളെടുക്കാനുമാകൂ.
എന്താണ് സദ്ഭരണം? എങ്ങനെയാകണം രാഷ്ട്രീയ പ്രവര്‍ത്തനം? ഇവയ്ക്കുള്ള ഉത്തരവും ഡല്‍ഹി തിരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നു. പൊതുമുതല്‍ കൊള്ളയടിക്കുക, കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ കുമ്പിടുക, ചില കള്ളക്കണക്കുകള്‍ ഉദ്ധരിച്ച് സാമ്പത്തിക വളര്‍ച്ച നേടിയെന്ന് പറയുക ഇതല്ല നല്ല ഭരണം. സാമൂഹ്യ പ്രവര്‍ത്തനവും പഠനവും അവയെ മുന്‍നിര്‍ത്തിയുള്ള നേതൃത്വപരമായ കാഴ്ചപ്പാടും എല്ലാം സമ്മേളിക്കുന്നതാകണം രാഷ്ട്രീയ പ്രവര്‍ത്തനം. പഴയകാല രീതികള്‍ മാറിക്കഴിഞ്ഞു. സാധാരണക്കാരുടെ സങ്കടവും വ്യാകുലതയും ആശങ്കയും കാണുകയും കേള്‍ക്കുകയും അവര്‍ക്കൊപ്പം താങ്ങും തണലുമായി നില്‍ക്കുകയും വേണം .
പൊളിറ്റിക്കല്‍ ക്ലാസ് എന്നൊരു പുതിയ ഉപരിവര്‍ഗമായി മാറിയിട്ട് കാര്യമില്ല. പത്ത് ലക്ഷം രൂപയുടെ കോട്ട് ഇട്ടിട്ടും വിരുന്നുവന്ന അതിഥിയെ ഫസ്റ്റ് നെയിം വിളിച്ചിട്ടും ഉപരിവര്‍ഗം പോലും ഗൗനിക്കുന്നില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തെളിയിച്ചുകഴിഞ്ഞു. ഒരു ചുവന്ന റോസാപ്പൂവും ബട്ടണ്‍ ഹോളില്‍ തിരികി ലോക തലസ്ഥാനങ്ങളിലെത്തി ലോകത്തിന്റെ മനസ്സ് കീഴടക്കിയ ഒരു പ്രധാനമന്ത്രിയും നമുക്കുണ്ടായിരുന്നുവെന്ന് നാം ഓര്‍ക്കുക. കെജ്‌രിവാളിലും ആപ്പിലും കൂടി ഇന്ത്യ തിരിച്ചറിയുന്ന പുത്തന്‍ വിപ്ലവമോ ഉത്തരമോ അല്ല ഡല്‍ഹി തിരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നത്. ഇവയൊക്കെ തിരിച്ചറിഞ്ഞ ഗാന്ധിജിയും പണ്ഡിറ്റ്ജിയും ഉള്‍പ്പെടെയുള്ള മഹത്മാരായ നേതാക്കളും സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരും ഈ നാട്ടിലുണ്ടായിരുന്നു. അവര്‍ക്ക് ജാതിയും മതവും വര്‍ഗവും ഒന്നുമില്ലായിരുന്നു. മനുഷ്യനെ മനുഷ്യനായി മാത്രം കണ്ട ഒരു തലമുറ രാഷ്ട്രീയക്കാര്‍. ഇവരില്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും എല്ലാം ഉള്‍പ്പെട്ടിരുന്നു. അവരുടെ എണ്ണം അപകടകരമാംവിധം കുറഞ്ഞതാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ പരാജയത്തിന് കാരണം.
അഴിമതി തടയാത്തതും അഴിമതിക്കാരെ വെള്ളപൂശിയതുമാണ് രണ്ടാം യു പി എക്ക് വിനയായത്. അഴിമതിക്കാരെ ചുമന്നും അവരെ പ്രതിരോധിച്ചും രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കിയും മുന്നോട്ട് പോയാല്‍ കേരളത്തിലെ ഇരു മുന്നണികളും നേരിടേണ്ടിവരിക കടുത്ത ജനരോഷമായിരിക്കും. പരാജയം സംഭവിക്കുന്നത് നമുക്ക് ആദര്‍ശങ്ങളും ഉന്നത ലക്ഷ്യങ്ങളും നഷ്ടപ്പെടുമ്പോഴും, മൂല്യങ്ങളിലൂന്നിയ പ്രവര്‍ത്തനം ഇല്ലാതാകുമ്പോഴുമാണെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞിട്ടുണ്ട്. ഈ വാക്കുകളുടെ അര്‍ത്ഥം അറിഞ്ഞ് കാലത്തിനൊപ്പം മാറി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് നമുക്ക് മുന്നിലെ വഴി.