Articles
പാണ്ഡിത്യത്തിന്റെയും എഴുത്തിന്റെയും കാരണവര്‍
സാധാരണക്കാരനുവേണ്ടി “മയ്യിത്ത് പരിപാലന മുറകള്‍” എഴുതിയാണ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എഴുത്ത് തുടങ്ങുന്നത്. ഇഹലോകത്തേക്കാളേറെ സജീവവും നിതാന്തവുമായ മറ്റൊരു ലോകത്തേക്കുള്ള വഴിത്തിരിവാണ് മരണം. അതൊരു വരണ്ട അവസ്ഥാവിശേഷമല്ല. ആ നിലക്ക് പിരിഞ്ഞുപോവുന്ന സഹജീവികള്‍ക്കു മാന്യമായ യാത്രയൊരുക്കുകയാണു മുസ്‌ലിംകള്‍ ചിട്ടയൊത്ത മരണാനന്തര മുറകളിലൂടെ ചെയ്യുന്നത്. നമ്മുടെ എഴുത്തിന്റെ പ്രഥമവും പ്രധാനവുമായ ഉന്നം ആരായിരിക്കണമെന്നു പുതുതലമുറയിലെ എഴുത്തുകാരെ ബോധ്യപ്പെടുത്തുകയാണ് എം എ എന്ന വലിയ എഴുത്തുകാരന്‍. അക്ഷരം കൂട്ടിവായിക്കാന്‍ മാത്രമറിയാവുന്ന കണ്‍മുന്നിലെ സാധാരണക്കാരനെ കാണാതെ നമുക്കെങ്ങനെയാണു വിരലിലെണ്ണാവുന്ന ജ്ഞാനികള്‍ക്കും ബുദ്ധിജീവികള്‍ക്കും വേണ്ടി മാത്രം ഉറക്കമൊഴിക്കാനും ആശയങ്ങള്‍ ഉരുക്കഴിക്കാനുമാവുന്നത്? മുറ്റത്തു വന്നു കൈനീട്ടുന്നവന് ഒരു കുമ്പിള്‍ പകരാനാവാതെ പരദേശങ്ങളില്‍ കഴിയുന്നവര്‍ക്കായി നാം സ്വര്‍ണം കൊടുത്തിട്ടെന്ത്? എഴുത്താരംഭിക്കുന്നതു സ്വന്തം ചുറ്റുവട്ടങ്ങളില്‍നിന്നായിരിക്കണം. എഴുത്തിന്റെ ആദ്യഫലങ്ങള്‍ അനുഭവിക്കുന്നതു നമ്മുടെ കണ്‍വെട്ടത്തുള്ള ആവശ്യക്കാരായിരിക്കണം.
എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ ആദ്യകുറിപ്പുകളാണു പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മദ്‌റസാപ്രസ്ഥാനത്തിന്റെ ആദ്യകിരണം. മറ്റാരുടെയെങ്കിലും മനസ്സില്‍ മദ്‌റസാ പ്രസ്ഥാനത്തെക്കുറിച്ച് എം എ എഴുതിയ ആശയങ്ങള്‍ ഉരുവം കൊണ്ടിരുന്നില്ല എന്നെനിക്കു പറയാനാകില്ല. എന്നാല്‍ അത് നിര്‍ഭയം വെളിച്ചത്തു വരുത്താനായത് അദ്ദേഹത്തിനാണ്. അവിടെയും നമ്മള്‍ സാധാരണക്കാരന്റെ അസംതൃപ്ത മനസ്സും ബോധ്യങ്ങള്‍ കുറഞ്ഞ നിര്‍ഭാഗ്യജീവിതവും മനസ്സിലിട്ടു നടക്കുന്ന, വേവുന്ന ഹൃദയമുള്ള ഒരെഴുത്തുകാരനായ പണ്ഡിതനെ കാണുന്നുണ്ട്. എഴുത്ത് ആര്‍ക്കുവേണ്ടി, എപ്പോള്‍, എങ്ങനെയെന്നു സ്വന്തം ആശയാവലികളിലൂടെ പ്രകടിപ്പിക്കാനാവുന്ന എഴുത്തുകാരന്‍ മഹാഭാഗ്യവാനാണ്.
എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ രചനകളിലൂടെ അതെഴുതിയ കാലത്തുതന്നെ കടന്നുപോകാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പുതുതലമുറയിലെ എഴുത്തുകാരെപോലും തന്റെ ആശയദൃഢതക്കുള്ളില്‍നിന്ന് അദ്ദേഹം ചോദ്യം ചെയ്യാതിരുന്നില്ല. അതുപോലെ, “സമസ്തയുടെ ചരിത്രം” പറയുമ്പോഴും തന്റെ തന്നെ “ഓര്‍മയുടെ ഏടുകള്‍” മറിക്കുമ്പോഴും പ്രകമ്പനം സൃഷ്ടിച്ച ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോവുമ്പോഴും പുതുതലമുറക്കുവേണ്ടിയാണ് താനിതിവിടെ കുറിക്കുന്നതെന്നു പറയാനദ്ദേഹം വിട്ടുപോയിട്ടില്ല. ഒരു പ്രകോപനത്തിന്റെ ഭാഗമായല്ല, തീരുമാനിച്ചുറപ്പിച്ച ലക്ഷ്യത്തിന്റെ ഭാഗമായാണ് എം എയുടെ എഴുത്തുകളെന്ന് അത് വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും.
ഏതാണ്ട് തൊള്ളായിരത്തി അറുപതുകളില്‍ തന്നെ എം എ. ഉസ്താദ് “എം എ തൃക്കരിപ്പൂര്‍” എന്ന തൂലികാനാമത്തില്‍ മുഖ്യധാരയിലും എഴുതിയിട്ടുണ്ടാവണം. മാതൃഭൂമി ദിനപത്രത്തിലും മറ്റുമൊക്കെ എം എ എഴുതിയ എഴുത്തുകുത്തുകള്‍ താന്‍ മുന്നില്‍ കാണുന്ന അനുവാചകവൃന്ദത്തിന്റെ വ്യാപ്തിയെ കുറിക്കുന്നു. അമ്പതുകളില്‍ മരണാനുബന്ധ മുറകളെപ്പറ്റി എഴുതിത്തുടങ്ങിയ ആള്‍ തന്നെയാണ് അറുപതുകളില്‍ മുഖ്യധാരയില്‍ തെളിയാനുള്ള കരുത്തു കാണിച്ചതെന്നോര്‍ക്കുക.
“ഇസ്‌ലാമിക ചിന്ത സത്യവും മിഥ്യയും” എന്ന ഉസ്താദിന്റെ വിശിഷ്ടകൃതി മലയാളി മുസ്‌ലിംകള്‍ക്കു മുന്നില്‍ തുറന്നിട്ട ജാലകം വെറുതെയല്ല. ലോകത്ത് ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ എല്ലാ പ്രസ്ഥാനരൂപങ്ങളും വൈകൃതങ്ങളും ചരിത്രത്തിന്റെ തന്നെ തനിയാവര്‍ത്തനങ്ങളാണെന്ന് ആ പുസ്തകം എടുത്തുകാട്ടുന്നു. ഇസ്‌ലാമിക ചരിത്രത്തിലോ മുസ്‌ലിം ലോകത്തോ വരാത്ത ഒരു പ്രസ്ഥാനവൈകൃതവും പുതിയ ലോകത്തുണ്ടാവുന്നില്ല. ഏതെങ്കിലും നിലയില്‍, ഇപ്പോള്‍ രൂപപ്പെട്ടു വരുന്ന എല്ലാ നിര്‍മിതികളുടെയും ഭാഗികമോ പൂര്‍ണമോ വിപുലമോ ആയ രൂപം കഴിഞ്ഞകാലത്തുണ്ടായിട്ടുണ്ടെന്ന് ആ പുസ്തകം ചരിത്രത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. മുസ്‌ലിംലോകം ആ പ്രസ്ഥാനങ്ങളെ എങ്ങനെ സമീപിച്ചുവെന്നും അതില്‍നിന്നു വ്യക്തമാണ്. അതിനാല്‍ പുതിയ പ്രസ്ഥാന നിര്‍മിതികള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കേണ്ട കാര്യം ഇസ്‌ലാമികലോകത്തിനില്ല.
തലശ്ശേരി കലാപത്തിന്റെ പശ്ചാത്തലത്തിലെഴുതിയ “സ്വഹാബത്തിന്റെ ആത്മവീര്യം” നല്‍കുന്ന സന്ദേശവും എഴുത്തിന്റെ ദീപ്തമായ ലക്ഷ്യങ്ങളിലേക്കും ദിശകളിലേക്കും വിരല്‍ ചൂണ്ടുന്നതാണ്. കീര്‍ത്തിക്കുവേണ്ടിയുള്ള എഴുത്ത് എന്ന നിലയില്‍നിന്ന് എഴുത്തുകാര്‍ മാറ്റത്തിനും ശുഭസ്ഥിതിക്കും വേണ്ടിയുള്ള എഴുത്ത് എന്ന നിലയിലേക്ക് എഴുത്തുലക്ഷ്യങ്ങള്‍ പുനര്‍വിന്യസിക്കേണ്ടതുണ്ട് എന്ന് ആ പുസ്തകവും ചൂണ്ടിക്കാണിക്കുന്നു.
ശരീഅത്ത് വിവാദകാലത്താണ് “മുസ്‌ലിംകളും ശരീഅത്ത് നിയമങ്ങളും” എഴുതുന്നത്. ഏതാണ്ടതേ കാലത്താണു “കമ്യൂണിസം, സോഷ്യലിസം, ഇസ്‌ലാം” പുസ്തകവും എഴുതുന്നത്. അറബ്-ഇസ്‌ലാമികലോകത്തുനിന്നാണ് ആ പുസ്തകത്തിനുവേണ്ട സമകാലിക അവലംബങ്ങള്‍ എടുത്തിരിക്കുന്നത്. കൂട്ടത്തില്‍ ഇസ്‌ലാമിക പ്രമാണങ്ങളും സമൃദ്ധമായി അവലംബിക്കുന്നു. അറബ് ലോകത്തുണ്ടായ മാറ്റങ്ങളുമായി ആ പുസ്തകങ്ങളെ ചേര്‍ത്തുവെക്കുന്നു. മുസ്‌ലിം ലോകവുമായി ചേര്‍ത്തു വിഷയങ്ങളെ സമീപിക്കുന്നു. ശൂന്യതയില്‍ നിന്നുകൊണ്ട്, തനിക്കു കണ്ടുകൂടാത്ത ഒരു പ്രസ്ഥാനത്തെ, വൈരനിര്യാതന ബുദ്ധിയോടെ സമീപിക്കുന്ന രീതിയല്ല ഗ്രന്ഥകാരന്റെത്.
അനുവാചകസമൂഹത്തോട് അവര്‍ ജീവിക്കുന്ന മണ്ണിനെയും സമൂഹത്തെയും സാക്ഷിനിറുത്തിക്കൊണ്ടും ചൂണ്ടിക്കാണിച്ചുകൊണ്ടും തന്നെയാണ് എം എ ഉസ്താദ് സംസാരിക്കുന്നതും എഴുതുന്നതും. ഒരു വിഷയം സമൂഹത്തിനു മുന്നില്‍ വെക്കുമ്പോള്‍ നമ്മള്‍ എടുത്തുവെക്കേണ്ട ന്യായങ്ങള്‍ എത്രമാത്രം ഭദ്രവും യുക്തിദീക്ഷയുള്ളതും സംയമനശീലമുള്ളതും ആയിരിക്കണം എന്ന് ഏതെഴുത്തുകാരനും ഈ പണ്ഡിതനില്‍നിന്നു പഠിക്കണം. എം എയുടെ എഴുത്താശയങ്ങള്‍ കൂടുതല്‍ ആഴമേറിയ പഠനഗവേഷണങ്ങള്‍ക്കു വിധേയമാക്കേണ്ടതുണ്ട് എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. എഴുത്തിനെക്കുറിച്ചുള്ള പഠനവും എഴുത്തുരീതിയെക്കുറിച്ചുള്ള പഠനവും രണ്ടാണ്. പണ്ഡിതോചിതമായ എഴുത്തുകളുടെ സ്വഭാവവും രീതിയും അറിയാത്തതിന്റെ ദീനം പല എഴുത്തുകാരിലും ഏറിയോ കുറഞ്ഞോ ദൃശ്യമാണ് എന്നു സാന്ദര്‍ഭികമായി ഓര്‍മിക്കുകയാണിപ്പോള്‍.
ഒരോ പണ്ഡിതനും എഴുത്തുകാരനും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ കിതപ്പറിയുന്നവനാകണം. കീര്‍ത്തി കൈവരിക്കുമ്പോള്‍ വളര്‍ന്നുവന്ന സമൂഹത്തെ വഴിയാധാരമാക്കി പോകുന്നതല്ല ഒരെഴുത്തുകാരന്റെ സംസ്‌കാരം. തന്റെ ആശയത്തിന്റെ പ്രചാരണത്തിനും സമൂഹത്തിന്റെ പുരോഗമനത്തിനും ഉദ്ബുദ്ധതക്കും സ്വയം സമര്‍പ്പിക്കുന്നതാണ് ഒരു പണ്ഡിതന്റെയും എഴുത്തുകാരന്റെയും ബാധ്യതയെന്ന് ഉസ്താദ് ഓര്‍മിപ്പിക്കുന്നു.
മുസ്‌ലിം സമുദായത്തിനകത്ത്, സമുദായത്തിന്റെ സദ്മനോഭാവങ്ങളുടെ ബലത്തില്‍ ഉന്നതമായ എഴുത്തുജീവിതത്തിലേക്കും സാമാന്യം ഭേദപ്പെട്ട പൊതുജീവിതത്തിലേക്കും കടന്നുകയറിയവരൊക്കെയും ശരീഅത്ത് വിവാദക്കാലത്ത് സ്വന്തം സമുദായത്തെ കൈവിട്ടു. മുസ്‌ലിം എഴുത്തുകാരിലും ചിന്തകന്മാരിലും രാഷ്ട്രീയക്കാരിലും നിയമജ്ഞരിലും വിദ്യാഭ്യാസ വിചക്ഷണരിലും പെട്ട ഒട്ടേറെയാളുകള്‍ ഇസ്‌ലാമിനെപ്പറ്റിയുള്ള അവരുടെ അല്പജ്ഞാനം വെച്ച് ഇസ്‌ലാമിക സമൂഹത്തിന്റെ മറുപക്ഷത്തേക്കു മാറിയ കാഴ്ച ശരീഅത്ത് വിവാദകാലത്ത് മുസ്‌ലിംകള്‍ കണ്ടു. എല്ലാത്തരം മാധ്യമങ്ങളും അന്ന് ശരീഅത്തിനെ പ്രാകൃതവത്കരിക്കാനായി സ്വന്തം സംവിധാനങ്ങള്‍ ഉപയോഗിച്ചു. അക്കാലത്താണ് പണ്ഡിതോചിതമായ ആശയഗുണകാംക്ഷയോടെ എം എയിലെ ഗവേഷണതല്പരനും ധീരനുമായ എഴുത്തുകാരന്‍ ഇസ്‌ലാമിക ശരീഅത്തിനുവേണ്ടി സംസാരിക്കുന്നത്. ഇസ്‌ലാമിക ശരീഅത്തിന്റെ മറുപക്ഷത്തുനിന്ന പൊതുരംഗത്തെ ഉന്നതശീര്‍ഷരായ ആളുകള്‍ക്കെതിരെ തന്നെയാണ് ആശയപരമായ കരുത്തോടെ അദ്ദേഹം എഴുതിയത്.
പാണ്ഡിത്യവും വിശ്വാസവും ഒരെഴുത്തുകാരനെ എങ്ങനെയാണു രൂപപ്പെടുത്തേണ്ടതെന്നു തന്റെ ധൈഷണികസിദ്ധിയിലൂടെ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ തുറന്നുകാണിച്ചിട്ടുണ്ട്. എഴുത്തിനു വേണ്ടിയുള്ള എഴുത്ത് എന്ന നിലയില്‍നിന്ന്, താന്‍ ജീവിക്കുന്ന സമൂഹത്തിനും തനിക്കു തന്നെയുംവേണ്ടിയാണ് എഴുത്തെന്ന് എപ്പോഴും നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു നൂറുല്‍ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍.
(അടുത്ത ദിവസം പുറത്തിറങ്ങുന്ന “എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍: സംയുക്ത കൃതികള്‍” എന്ന പുസ്തകത്തിനെഴുതിയ അവതാരികയില്‍ നിന്ന്)