Articles
ഇത്രയും ആത്മസംതൃപ്തിയോടെ യാത്രപറഞ്ഞുപോകുന്ന ഒരാള്‍
ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് തവണ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്ന നമ്മുടെ പ്രിയപ്പെട്ട നൂറുല്‍ ഉലമയെ കാണേണ്ടിവന്നു. ഉസ്താദുമായുള്ള ഏതാണ്ട് 40 വര്‍ഷത്തോളമുള്ള പരിചയത്തിനിടക്ക് സാധാരണ പതിവില്ലാത്തതായിരുന്നു ഇടവേള കുറഞ്ഞ ഈ സന്ദര്‍ശനങ്ങള്‍. അതും കോഴിക്കോട് നിന്ന് തൃക്കരിപ്പൂര്‍ വരെ യാത്ര ചെയ്ത്. എസ് വൈ എസ്സിന്റെ പ്രസിദ്ധീകരണ വിഭാഗമായ റീഡ് പ്രസ് പ്രസിദ്ധീകരിക്കുന്ന ഉസ്താദിന്റെ രചനകളുടെ സമാഹാരത്തിന്റെ അവസാനവട്ട ജോലികളുമായി ബന്ധപ്പെട്ടായിരുന്നു രണ്ട് യാത്രകളും. ആദ്യത്തെ തവണ പോയപ്പോള്‍ തന്നെ അവസാന വട്ട മിനുക്കുപണികളിലായിരുന്ന പുസ്തകത്തിന്റെ കോപ്പി നല്‍കുകയും അത് മുഴുവനും മറിച്ചുനോക്കി ഉസ്താദ് തൃപ്തി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് വീണ്ടും ഉസ്താദിനെ കാണുന്നത്. എസ് വൈ എസ് അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഹൈവേ മാര്‍ച്ച് കാസര്‍കോട് സമാപിക്കുന്നതും അന്നുതന്നെ ആയിരുന്നു. സുന്നി സംഘടനാ കുടുംബത്തിലെ നേതാക്കളെല്ലാം അന്ന് അവിടെ ഉണ്ടായിരുന്നു.
പുസ്തകത്തിന്റെ അച്ചടി ജോലികള്‍ കോഴിക്കോട് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. എസ് വൈ എസ് സമ്മേളനത്തോടനുബന്ധിച്ച് ഈ വരുന്ന ഫെബ്രുവരി 23 -ാം തിയ്യതി എടരിക്കോട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ചു പുസ്തകം പ്രകാശനം ചെയ്യാനായിരുന്നു ഉസ്താദിന്റെ കൂടി അനുവാദത്തോടെയുള്ള തീരുമാനം. എന്നാലും എന്തുകൊണ്ടോ എന്നറിയില്ല, അതിനു മുന്‍പ് തന്നെ പുസ്തകം ഉസ്താദിനു എത്തിച്ചുകൊടുക്കണമെന്നും ഉസ്താദിന് പുസ്തകം കൈമാറുന്നത് ഒരു ചടങ്ങായി തന്നെ സംഘടിപ്പിക്കണമെന്നും എസ് വൈ എസ് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് മൂന്ന് വാള്യങ്ങള്‍ വരുന്ന പുസ്തകത്തിന്റെ ബൈന്റു ചെയ്തു കിട്ടിയ അഞ്ച് കോപ്പിയും എടുത്തു ഞങ്ങള്‍ തൃക്കരിപ്പൂരിലേക്ക് പോയതും പ്രസ്ഥാന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഉസ്താദിന്റെ രചനകളുടെ സമാഹാരം സമസ്തയുടെ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നൂറുല്‍ ഉലമക്ക് സമര്‍പ്പിച്ചതും.
പുസ്തകം വാങ്ങി വെക്കുമ്പോള്‍ ഉസ്താദിന്റെ മുഖത്ത് കണ്ട വെളിച്ചം ഒന്ന് കാണേണ്ടതു തെന്ന ആയിരുന്നു. കാരണം 90 വര്‍ഷം ജീവിച്ച ആ മഹാ മനീഷിയുടെ അധ്വാനത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു ആ രചനകള്‍. നാല്‍പ്പതുകളുടെ അവസാനം മുതല്‍ സമീപകാലത്ത് വരെ എഴുതിയ രചനകള്‍ ഒരുമിച്ചു കാണുമ്പോള്‍ ഏതൊരെഴുത്തുകാരനാണ് മുഖത്ത് സന്തോഷം വിരിയാതിരിക്കുക? കാലപ്പഴക്കത്തില്‍ വീണ്ടെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടുപോയി എന്ന് ഉസ്താദ് കരുതിയ രചനകള്‍ പോലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പലപ്പോഴായി താന്‍ എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും നഷ്ടപ്പെട്ടുപോയതിലുള്ള സങ്കടം ഉസ്താദ് പലരോടും പങ്കുവെക്കാറുണ്ടായിരുന്നു. തന്റെ അധ്വാനമെല്ലാം പാഴായിപ്പോകുമോ എന്ന വേദനയായിരുന്നു ആ പരിഭവത്തില്‍ നിറഞ്ഞുനിന്നത്. അങ്ങനെയാണ് എസ് വൈ എസ് ഉസ്താദിന്റെ രചനകള്‍ സമാഹരിക്കാന്‍ തീരുമാനിച്ചത്. സമാഹരിക്കപ്പെട്ട രചനകള്‍ക്ക് എന്തു പേരിടണം എന്ന് ചോദിച്ചപ്പോള്‍, എഴുത്തുകാരന്‍ ജീവിച്ചിരിക്കെ, അയാള്‍ എഴുത്തില്‍ നിന്ന് പിന്മാറാതെ ഇരിക്കെ, അയാള്‍ അതുവരെയും എഴുതിയ രചനകള്‍ക്ക് “സമ്പൂര്‍ണ കൃതികള്‍” എന്ന പേര് വെക്കുന്നത് ശരിയല്ലല്ലോ. ഉസ്താദും ആ ആശങ്ക അറിയിച്ചു. അങ്ങനെയാണ് “എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സംയുക്ത കൃതികള്‍” എന്ന് സമാഹാരത്തിനു പേര് വെച്ചത്. പക്ഷേ, സംയുക്ത കൃതികള്‍ തന്നെ സമ്പൂര്‍ണ കൃതികള്‍ ആയി മാറിയത് വിധിയുടെ മറ്റൊരു വൈപരീത്യം. അങ്ങനെ തന്റെ ജീവിതകാലത്തു തന്നെ, തന്റെ സമ്പൂര്‍ണ കൃതികളുടെ സമാഹാരം കണ്‍കുളിര്‍ക്കെ കണ്ട ശേഷം, തന്നെ പേന കൊണ്ടെഴുതാന്‍ പഠിപ്പിച്ച നാഥന്റെ മുന്നിലേക്ക് തിരിച്ചുപോകാന്‍ ഭാഗ്യം ലഭിച്ച എഴുത്തുകാരനാണ് നൂറുല്‍ ഉലമ. പുസ്തകം കൈമാറി, കാസര്‍കോട് നടക്കുന്ന ഹൈവേ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ വായിക്കാനുള്ള സന്ദേശവും തന്നാണ് ഉസ്താദ് ഞങ്ങളെ യാത്രയാക്കിയത്.
കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലത്തിലധികമായി എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എഴുത്തിലായിരുന്നു. ഇക്കാലയളവില്‍ ഇവിടുത്തെ മുസ്‌ലിംകളെ നേരിട്ടോ അല്ലാതെയോ സ്വാധീനിച്ച ഓരോ വിഷയങ്ങളോടും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന വ്യത്യസ്ത പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ക്ക് അവബോധം നല്‍കുകയും അതിലൂടെ സമുദായത്തിന് പൊതുവില്‍ ദിശാബോധം നല്‍കുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ ഈ പ്രതികരണങ്ങള്‍ വലിയ പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. തനത് മുസ്‌ലിം പാരമ്പര്യങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ മുസ്‌ലിം വായനക്കാരെ ആന്തരികമായി നവീകരിക്കുകയും മുന്നോട്ട് പോകാനുള്ള ഊര്‍ജം നല്‍കുകയും ചെയ്തു. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ മുസ്‌ലിം സാമാന്യ ജനത്തിനിടയില്‍ പൊതു അഭിപ്രായങ്ങള്‍ രൂപവത്കരിച്ചെടുക്കുന്നതിലും ഈ ഇടപെടലുകള്‍ വഹിച്ച പങ്കാളിത്തം ചെറുതല്ല. ആ അര്‍ഥത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുള്ള മലയാളി മുസ്‌ലിംകളുടെ സ്വത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പോലെ സ്വാധീനം ചെലുത്തിയ വ്യക്തികള്‍ വളരെ കുറവായിരിക്കും.
ആശയ വിനിമയ മാധ്യമം എന്ന നിലയില്‍ എഴുത്തിന് മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ വളരെ ദുര്‍ബലമായ സ്വാധീനം മാത്രമുണ്ടായിരുന്ന കാലത്താണ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എഴുതിത്തുടങ്ങുന്നത്. അങ്ങനെയൊരു കാലത്ത് മുസ്‌ലിംകളോട് സംവദിക്കാന്‍ എഴുത്തിനെ മാധ്യമമായി തിരഞ്ഞെടുക്കുക എന്നതുതന്നെ സാഹസികമായ ഒരേര്‍പ്പാടാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷേ, എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ തിരഞ്ഞെടുപ്പ് വെറുതെയായില്ല എന്നതിന് അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ എഴുത്തും അതിന് മുസ്‌ലിം ജനസാമാന്യത്തിനിടയില്‍ കിട്ടിയ പ്രചാരവും തന്നെ സാക്ഷി. ഇന്ന് ലോകത്തെ തന്നെ ഏറ്റവും സാക്ഷരതാ നിരക്കുള്ള മുസ്‌ലിം സമൂഹമാണ് കേരളത്തിലെ മുസ്‌ലിംകള്‍.
എഴുത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ സമുദായ സേവന പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുള്ള മലയാളി മുസ്‌ലിംകളുടെ ജീവിതത്തെ ഏറ്റവും ആഴത്തില്‍ സ്വാധീനിച്ച മദ്‌റസ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. 1951ല്‍ അദ്ദേഹം എഴുതിയ ഒരു ലേഖനമാണ്. ആ മദ്‌റസ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. എഴുത്തിനെ മുസ്‌ലിംകളുടെ പ്രായോഗിക ജീവിതവുമായും തിരിച്ചും ബന്ധപ്പെടുത്തിക്കൊണ്ടുപോകുന്നതില്‍ അദ്ദേഹം നിഷ്‌കര്‍ഷത പുലര്‍ത്തി. 1970 കളുടെ തുടക്കത്തില്‍ മത ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ച് കൊണ്ടുള്ള അധ്യയന രീതികള്‍ക്ക് മതപാഠശാലകളില്‍ തുടക്കമിട്ടതും അദ്ദേഹമായിരുന്നു.
പ്രായം കൊണ്ടും പാരമ്പര്യം കൊണ്ടും മലയാളികളുടെ തലമുതിര്‍ന്ന പണ്ഡിതനും നേതാവുമായിരുന്നു എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. അദ്ദേഹത്തിന്റെ എഴുത്തുകള്‍ മലയാളി മുസ്‌ലിംകളുടെ ചരിത്രത്തിന്റെ നേര്‍ പരിച്ഛേദങ്ങളായിരുന്നു. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന സാമൂഹിക മാറ്റങ്ങള്‍, അവര്‍ക്കിടയില്‍ നടന്ന ആശയ സംവാദങ്ങള്‍, സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, സ്വാധീനിച്ച വ്യക്തികള്‍ തുടങ്ങിയവയെല്ലാം അടുത്തറിഞ്ഞ അദ്ദേഹത്തിന്റെ രചനകള്‍ ആ അര്‍ഥത്തില്‍ മലയാളി മുസ്‌ലിംകളുടെ ചരിത്രത്തിലേക്കുള്ള ഒരു കവാടം കൂടിയാണ്.
അനാരോഗ്യം കാരണം കുറേക്കാലമായി ദീര്‍ഘ യാത്രകള്‍ ഒഴിവാക്കിയ ഉസ്താദ് ഇക്കഴിഞ്ഞ മര്‍കസ് സമ്മേളനത്തിന് സാഹസപ്പെട്ടെത്തിയതു പോലും നമ്മോട് യാത്ര ചോദിച്ചിറങ്ങാനായിരുന്നുവെന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു. നീണ്ട കാലത്തെ തന്റെ കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ മുഴുവനും ഒരുമിച്ചു കാണാനാകുക, താന്‍ സ്‌നേഹിക്കുകയും തന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിന്റെ നേതാക്കളോടും പ്രവര്‍ത്തകരോടുമൊപ്പം ആ സന്തോഷം പങ്കുവെക്കാന്‍ കഴിയുക, താന്‍ കൂടി നട്ടുവളര്‍ത്തിയ പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമ്മേളനത്തിലേക്കുള്ള സന്ദേശം കൈമാറുക, അവരെയെല്ലാം യാത്രയാക്കിയ ശേഷം ഈ ലോകത്തോട് യാത്ര പറഞ്ഞിറങ്ങുക. ഇത്രയും ആത്മ സംതൃപ്തിയോടെ ആരെങ്കിലും മരണത്തിലേക്ക് നടന്നുപോയിട്ടുണ്ടാകുമോ, നമ്മുടെ നൂറുല്‍ ഉലമയല്ലാതെ?