Connect with us

Ongoing News

ജ്ഞാനസാഗരത്തിന് യാത്രാമൊഴി

Published

|

Last Updated

കാസര്‍കോട്: ടൈം മാനേജ്‌മെന്റ് ജീവിതത്തില്‍ കൊണ്ടുനടന്ന മഹാപണ്ഡിതന്റെ അന്ത്യ കര്‍മങ്ങളിലും സമയനിഷ്ഠ പാലിച്ചു. രാവിലെ മയ്യിത്ത് കഫന്‍ ചെയ്ത് എട്ട് മണിക്ക് തന്നെ തൃക്കരിപ്പൂരിലെ കൈകോട്ട്കടവ് ജുമുഅ മസ്ജിദില്‍ ആദ്യ മയ്യിത്ത് നിസ്‌കാരം നടന്നു. പിന്നീട് എം എ ഉസ്താദ് നട്ടുവളര്‍ത്തിയ ദേളി ജാമിഅ സഅദിയ്യയിലേക്ക് അന്ത്യയാത്ര. എസ് വൈ എസ് കാസര്‍കോട് ജില്ലാ സാന്ത്വനം ആംബുലന്‍സില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ 9.57ന് സഅദിയ്യയുടെ മുറ്റത്തെത്തിച്ചു. സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ജനാസയെ സ്വീകരിച്ച് സഅദിയ്യയുടെ അക്ഷരമുറ്റത്ത് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ 10 മണി മുതല്‍ പൊതുദര്‍ശനത്തിന് വെച്ചു. ആ സമയം ഖുര്‍ആന്‍ പാരായണവും തഹ്‌ലീലും തുടര്‍ന്നുകൊണ്ടേയിരുന്നു. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ളവര്‍ വിനയസപര്യനായ പണ്ഡിതകേസരിയുടെ പ്രകാശിക്കുന്ന മുഖം കാണാന്‍ പൊള്ളുന്ന വെയിലും വകവെക്കാതെ മണിക്കൂറുകളോളം കാത്തിരുന്നു. ജനാസ കാണാനുള്ള നിര സഅദാബാദില്‍ നിന്നും കിലോമീറ്ററുകളോളം നീണ്ടു. കൃത്യം 11 മണിക്ക് തന്നെ സഅദിയ്യ ക്യാമ്പസില്‍ മയ്യിത്ത് നിസ്‌കാരം ആരംഭിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു ആദ്യ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. പിന്നെ മയ്യിത്ത് നിസ്‌കാരം തുടര്‍ന്നു. എട്ട് തവണകളായി നടന്ന മയ്യിത്ത് നിസ്‌കാരങ്ങള്‍ക്ക് സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് അതാഉല്ല തങ്ങള്‍ പൈവളിക, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, ചെമ്പരിക്ക മുഹമ്മദ്കുഞ്ഞി മുസ്‌ലിയാര്‍, തലക്കല്‍ മൂസല്‍ മദനി, സി മുഹമ്മദ് ഫൈസി തുടങ്ങിയവരും നേതൃത്വം നല്‍കി. പലര്‍ക്കും മയ്യിത്ത് കാണാന്‍ കഴിഞ്ഞില്ലെങ്കിലും മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തു.
കൃത്യം 12 മണിക്ക് എല്ലാവരും അന്ത്യയാത്ര നല്‍കി മയ്യിത്ത് വിജ്ഞാന നികേതനത്തിലെ തിരുമുറ്റത്ത് ഒരുക്കിയ ഖബറിലേക്ക്. മൂന്നര പതിറ്റാണ്ടുമുമ്പ് പൗരപ്രമുഖനും സമുദായ സ്‌നേഹിയുമായ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി ഏല്‍പ്പിച്ച സഅദിയ്യ ക്യാമ്പസിലെ ജുമുഅ മസ്ജിദിന്റെ വടക്ക് ഭാഗത്താണ് ഖബര്‍ ഒരുക്കിയത്. അതും കല്ലട്ര അബ്ദുല്‍ഖാദിര്‍ ഹാജിയുടെ ചാരത്തുതന്നെ. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എന്‍ അബ്ദുല്ലത്വീഫ് സഅദി, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഖബറടക്ക കര്‍മങ്ങള്‍ നടന്നത്.
കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ എം എ റഹീം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സി പി സൈതലവി, മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല, മുഹമ്മദ് പറവൂര്‍, മുസ്തഫ കോഡൂര്‍, മജീദ് അരിയല്ലൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ശാഫി സഅദി നന്ദാവറ, എ പി അബ്്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് ബാദുഷാ സഖാഫി ആലപ്പുഴ, വെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, പി കെ അബൂബക്കര്‍ മൗലവി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, ഹമീദ് ഈശ്വരമംഗലം, എ ജി സി ബശീര്‍, പി കെ ഫൈസല്‍, സാജിദ് മവ്വല്‍, പാദൂര്‍ കുഞ്ഞാമു ഹാജി, മുംത്താസ് അലി, എന്‍ യൂ അബ്്ദുസ്സലാം, എന്‍ എ അബൂബക്കര്‍ ഹാജി, പി ബി അഹ്മദ് ഹാജി, മുക്രി ഇബ്‌റാഹിം ഹാജി, ടി സി മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദു ഹാജി വേങ്ങര, യൂസുഫ് ഹാജി പെരുമ്പ, എം ടി പി അബ്ദുര്‍റഹ്മാന്‍ ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, എസ് എസ് എഫ് സംസ്ഥാന അസിസ്റ്റന്റ് പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.
നട്ടുച്ചവെയിലില്‍ പതിനായിരങ്ങള്‍ ഖബറടക്ക ചടങ്ങുകളില്‍ പങ്കാളികളായി. 12.08 ഓടെ തഹ്‌ലീല്‍ മന്ത്രണങ്ങളോടെ മയ്യിത്ത് ഖബറില്‍ വെച്ചു. മണ്ണിലേക്ക് തന്നെയാണ് തിരിച്ചുപോക്കെന്ന് ഓര്‍മപ്പെടുത്തി കൂടിയിരുന്നവരെല്ലാം മൂന്നുപിടി മണ്ണ് വാരിയിട്ടു. നനുത്ത ആ ആറടി മണ്ണ് വിജ്ഞാന വിപ്ലവത്തിലൂടെ ചരിത്രം മാറ്റിക്കുറിച്ച വിശുദ്ധദേഹത്തെ ഏറ്റുവാങ്ങി. 12.30ന് കാന്തപുരം ഉസ്താദ് തല്‍ഖീന്‍ ചൊല്ലിക്കൊടുത്തു. തല്‍ഖീനിന്റെ ഓരോ വാചകം ഉരുവിടുമ്പോഴും ഉസ്താദിന്റെ കണ്ഠമിടറുന്നുണ്ടായിരുന്നു. പിന്നെ ഇരുകൈയുമുയര്‍ത്തി നീണ്ട പ്രാര്‍ഥനയായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ മുന്നണിപ്പോരാളിയായ നൂറുല്‍ ഉലമയുടെ ഖബര്‍ ജീവിതം വിശാലമാക്കാനും പാരത്രികലോകം സന്തോഷകരമാക്കാനും എം എ ഉസ്താദ് കാണിച്ച വഴിയില്‍ നമ്മെ വഴിനടത്താനും വിജ്ഞാനഗേഹമായ സഅദിയ്യയെ പൂര്‍വോപരി വിജയത്തിലാക്കാനും ഉസ്താദിന്റെ കുടുംബത്തിന് ക്ഷമയും ഐശ്വര്യവും നിലനിര്‍ത്താനുമുള്ള പ്രാര്‍ഥന. എല്ലാവരും കണ്ഠമിടറി ആമീന്‍ പറഞ്ഞപ്പോള്‍ പള്ളിമിനാരത്തില്‍ നിന്നും മധ്യാഹ്‌ന നിസ്‌കാരത്തിനുള്ള ബാങ്കുവിളി ഉയര്‍ന്നു.
എല്ലാ കര്‍മങ്ങളും കഴിഞ്ഞതിനു ശേഷം പള്ളിയില്‍ നിന്ന് ഇഖാമത്ത് വിളിച്ചതോടെ വിനയത്തിന്റെ ആള്‍രൂപവും മാറ്റങ്ങളുടെ അമരക്കാരനും സമസ്തയുടെ ജീവനാഡിയുമായിരുന്ന എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ ഖബറിടത്തില്‍ നിന്നും കൂടിയിരുന്ന വര്‍ പിരിഞ്ഞുപോയി.

---- facebook comment plugin here -----

Latest