Connect with us

Articles

ചരിത്രബോധത്തില്‍ നിന്ന് വിരിഞ്ഞ സംഘടനാപാടവം

Published

|

Last Updated

അസാമാന്യമായ ചരിത്രബോധമായിരുന്നു നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നിലപാടുകളുടെ കരുത്തും സൗന്ദര്യവും. പ്രസംഗമായാലും എഴുത്തായാലും ഒരു കാര്യം പറഞ്ഞു തുടങ്ങിയാല്‍ ഉസ്താദ് ഉടനടി ചരിത്രത്തിലേക്ക് പോകും. അസാമാന്യമായ ഓര്‍മശക്തിയും ഈ ചരിത്ര ബോധവുമാണ് നിര്‍ണായക ഘട്ടങ്ങളിലൊക്കെയും അദ്ദേഹത്തിന്റെ നിലപാടുകളെ രൂപപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ആദര്‍ശ ശത്രുക്കള്‍ക്ക് അദ്ദേഹത്തിന്റെ മുന്നില്‍ ഒരിക്കലും പിടിച്ചുനില്‍ക്കാന്‍ കഴിയാറില്ല. കാരണം ആദര്‍ശത്തിന്റെയും പ്രസ്ഥാനത്തിന്റെയും ചരിത്രം തങ്ങള്‍ക്കെതിരാണെന്ന് ശത്രുക്കള്‍ക്ക് നല്ലത് പോലെ അറിയാം.

സമസ്തയുടെ ചരിത്രം എം എ ഉസ്താദ് വായിച്ചറിഞ്ഞതല്ല. അനുഭവിച്ചറിഞ്ഞതാണ്. സമസ്തയുടെ സ്ഥാപക കാല നേതാവ് പാങ്ങില്‍ അഹമദ് കുട്ടി മുസ്‌ലിയാരില്‍ നിന്നും സമസ്തയുടെ അംഗത്വം സ്വീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയ എം എ ഉസ്താദിനു സമസ്തയുടെ ഓരോ നാള്‍വഴികളും മനഃപാഠമാണ്. കഴിഞ്ഞ 70 വര്‍ഷത്തെ സമസ്തയുടെ ജീവിക്കുന്ന മിനുട്‌സ് ആയിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ സമസ്തയുടെ മിനുട്‌സ് തിരുത്താന്‍ അനുവാദം നല്‍കണമെന്ന് ആദര്‍ശ ശത്രുക്കള്‍ ആവശ്യമുന്നയിച്ചപ്പോള്‍ അതംഗീകരിക്കാന്‍ അദേഹത്തിന് സ്വാഭാവികമായും കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം സമസ്തയുടെ ആദര്‍ശ പക്ഷത്തു നിലയുറപ്പിച്ചു. വരക്കല്‍ മുല്ലക്കോയ തങ്ങളും പാങ്ങില്‍ എ പി അഹ്മദ് കുട്ടി മുസ്‌ലിയാരും നേതൃത്വം നല്‍കിയ സമസ്തയുടെ ഒന്നാം ഘട്ടത്തിനും താജുല്‍ ഉലമയും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും നേതൃത്വം നല്‍കിയ രണ്ടാം ഘട്ടത്തിനുമിടയിലെ പാരമ്പര്യത്തിന്റെ വേരുകളെ വിളക്കിച്ചേര്‍ക്കുന്ന സൗമ്യസാനിധ്യമായിരുന്നു എം എ ഉസ്താദ്.
എം എ ഉസ്താദ് അവസാനമായി എഴുതിയ വരികളിലും നിറഞ്ഞുനിന്നത് ആദര്‍ശത്തോടുള്ള അദ്ദേഹത്തിന്റെ വിട്ടു വീഴ്ചയില്ലാത്ത നിലപാടും പ്രതിബദ്ധതയും. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹൈവേ മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ വായിക്കാന്‍ വേണ്ടിയാണ് നൂറുല്‍ ഉലമ സന്ദേശം എഴുതി തയാറാക്കി കൊടുത്തയച്ചത്. ഉസ്താദിന്റെ ചരിത്ര ബോധവും ആ ചരിത്ര ബോധത്തെ കൈമോശം വരാതെ സൂക്ഷിക്കാനുള്ള ആഹ്വാനവും കൂടിയാണ് വിടവാങ്ങുന്നതിനു രണ്ടു ദിവസം മുമ്പെഴുതിയ ആ കുറിപ്പ്.
പ്രസ്ഥാനത്തിന്റെ അജയ്യത വിളിച്ചറിയിച്ച് നടന്ന പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ നടന്ന ഹൈവേ മാര്‍ച്ച് കാസര്‍കോഡ് സമാപിക്കുന്നതില്‍ സന്തോഷം അറിയിച്ചു കൊണ്ട് തുടങ്ങുന്ന ആ എഴുത്ത്, ഉടനെ തന്നെ ഉസ്താദിന്റെ സ്വതസിദ്ധമായ ചരിത്ര ബോധത്തിന് വഴിമാറുന്നു. കാസര്‍കോടുമായുള്ള സമസ്തയുടെ ബന്ധം വിശദീകരിക്കുന്ന ഉസ്താദ് എസ് വൈ എസ്സിന്റെ പതാക, സമസ്തയുടെ ഔദ്യോഗിക പതാകയായി അംഗീകരിച്ച മുശാവറ യോഗം നടന്നത് 1963 ഡിസംബര്‍ 12നു മാലിക് ദിനാര്‍ പള്ളിയില്‍ വെച്ചായിരുന്നുവെന്നു ഓര്‍മ്മപ്പെടുത്തുന്നു.
“ആ പതാകക്ക് ഒരു മാറ്റവുമില്ലാതെ നെഞ്ചിലേറ്റുന്നത് നമ്മള്‍ മാത്രമാണ്. മാലിക് ദിനാര്‍ ഇവിടെ പകര്‍ന്നു നല്കിയ അഹ് ലുസ്സുന്നയുടെ ആശയമാണ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നായകത്വത്തില്‍ സമസ്ത ഏറ്റെടുത്തത്. ആ പാരമ്പര്യത്തിന്റെ അവകാശിയായി താജുല്‍ ഉലമ നമുക്ക് കാണിച്ചു തന്ന ആദര്‍ശവും ജീവിത വഴിയുമാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ കരുത്ത്” ഉസ്താദ് ആ സന്ദേശത്തില്‍ എഴുതി. രോഗശയ്യയിലും അദ്ദേഹം പുലര്‍ത്തിയ ആ ചരിത്ര ബോധമായിരുന്നു സമസ്തയുടെ ഭാഗദേയം നിര്‍ണയിച്ചത്.
പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹതയും യോഗ്യതയുമുള്ള പ്രസ്ഥാനത്തെ നമ്മില്‍ എല്‍പ്പിച്ചാണ് എം എ ഉസ്താദ് യാത്രയായിരിക്കുന്നത്. ആ പാരമ്പര്യത്തെ, അതിന്റെ എല്ലാവിധ ഉത്തരവാദിത്വങ്ങളോടെയും ഏറ്റെടുക്കുക എന്നതാണ് നമ്മുടെ നിയോഗം.