Connect with us

Kozhikode

എം എ ഉസ്താദ് തലമുറകളുടെ മതബോധം രൂപപ്പെടുത്തിയ പണ്ഡിതന്‍: എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: കേരളത്തിന്റെ മതബോധം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പണ്ഡിതനായിരുന്നു എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി. എം എ ഉസ്താദിന്റെ ആലോചനയില്‍ പിറവിയെടുത്ത മദ്‌റസാപ്രസ്ഥാനമെന്ന ആശയമാണ് കേരളീയ മുസ്‌ലിംകള്‍ക്ക് മതവിദ്യ പ്രാപ്യമാക്കിയത്.
ഉത്തരേന്ത്യന്‍ മുസ്‌ലിം ജീവിതങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ മതപ്രബുദ്ധതയും വൈജ്ഞാനിക വികാസവും സാധ്യമാക്കിയത് മദ്‌റസകളാണ്. മതപരമായ ആരാധനകളും കര്‍മങ്ങളും വീഴ്ചകളില്ലാതെ നിര്‍വഹിക്കാന്‍ മുസ്‌ലിംസമൂഹം മദ്‌റസകളില്‍ നിന്നാണ് പരിശീലനം നേടിയത്. ഇതിന്റെ കാരണക്കാരനെന്ന നിലക്കും സഅദിയ്യ സ്ഥാപനങ്ങളുടെ ശില്‍പ്പി എന്ന നിലക്കും എം എ ഉസ്താദ് എക്കാലവും ഓര്‍മിക്കപ്പെടും.
നിത്യം പ്രകാശിച്ചുകൊണ്ടിരിക്കുന്ന, നിരവധി തലമുറകള്‍ക്ക് വെളിച്ചം കാട്ടിയ വഴിവിളക്ക് കത്തിച്ചുവെച്ചാണ് എം എ ഉസ്താദ് കണ്‍മറഞ്ഞത്.
ആ വെളിച്ചം കെട്ടുപോവാതെ കാത്തുവെക്കുകയാണ് മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയെന്നും എസ് എസ് എഫ് അഭിപ്രായപ്പെട്ട എം എ ഉസ്താദിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി ഖത്മുല്‍ ഖുര്‍ആന്‍ സദസ്സുകള്‍ സംഘടിപ്പിക്കാനും എസ് എസ് എഫ് തീരുമാനിച്ചു. വരുംദിവസങ്ങളില്‍ യൂനിറ്റ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് ഖത്മുല്‍ ഖുര്‍ആന്‍ നിര്‍വഹിക്കും.