Connect with us

Kerala

ധര്‍മപാത വിരിക്കാന്‍ നെഞ്ചുറപ്പോടെ

Published

|

Last Updated

വര്‍ത്തമാന കാല യുവതയുടെ ദൗത്യമെന്ത്..? അന്വേഷിക്കണം, കണ്ടെത്തണം, പരിഹാര പ്രവര്‍ത്തനങ്ങള്‍ നടത്തണം. വൈകാരികത മുന്നിട്ട് നില്‍ക്കുന്ന ലോകത്താണ് നാം നില്‍ക്കുന്നത്. ചൂഷകര്‍ വട്ടമിട്ട് പറക്കുന്നു. അവരുടെ പക്കല്‍ വൈവിദ്ധ്യമാര്‍ന്നതും അത്യാകര്‍ഷണീയങ്ങളും കനത്ത പ്രതിരോധ ശേഷിയുള്ളതുമായ ആയുധങ്ങള്‍ അനവധിയാണ്. അവര്‍ യുവാക്കളെ ഉപകരണങ്ങളാക്കുന്നു. ഇരപിടുത്തമാണവരുടെ ലക്ഷ്യം.

ഇവിടെ യുവത തിരിച്ചറിവ് കൈവരിക്കണം. ചൂഷകര്‍ക്കെതിരെ കലാപം ചെയ്യണം. സായുധ കലാപമല്ല, വേട്ടക്കാരെ തൂക്കിലേറ്റുന്ന സമാധാന കലാപം, ചിന്താ വിപ്ലവം. മാറ്റത്തിനായി യുവതയെ സജ്ജമാക്കുന്ന ധാര്‍മിക വിപ്ലവം.
ആഭാസങ്ങളെയും ജീര്‍ണതകളെയും സംസ്‌കാരമെന്ന് വിളിച്ച് സംസ്‌കാരത്തെ മാനഭംഗപ്പെടുത്തുന്ന കലികാലത്ത് സുചിന്തിത നിലപാട് യുവജനപ്രസ്ഥാനങ്ങള്‍ കൈക്കൊള്ളണം. അറിവില്ലായ്മ പരിഹരിക്കാന്‍ ഏറ്റവും മികച്ച വിഭവമേത്? ഉത്തരം ഒന്നേയുള്ളൂ. മാനുഷിക വിഭവം. മനുഷ്യരെല്ലാം ആദരവുള്ളവരും ആദരിക്കപ്പെടേണ്ടവുരമാണ്. മനുഷ്യജീവിതത്തില്‍ സമ്പന്നകാലം യൗവന ദശയാണ്. യുവത്വം ത്രസിക്കുന്ന കാലവുമാണ്. സ്വയം പ്രകാശനം കൊതിക്കുന്ന കാലവുമാണ്. എന്തും പ്രവര്‍ത്തിക്കാന്‍ പോന്ന ചോരത്തിളപ്പിന്റെ സമയവുമാണ്.
ഇക്കാലയളവില്‍ പിഴച്ചുപോകാന്‍ സാധ്യതകളേറെയുണ്ട്. നിയന്ത്രണം കൂടുതല്‍ വേണ്ടതുണ്ട്. സ്വയം നിയന്ത്രണവും ബാഹ്യനിയന്ത്രണവും. ആത്മ നിയന്ത്രണത്തിന് പരിപക്വമായ അറിവും അച്ചടക്കും കൂടിയേ തീരൂ. അനിവാര്യമായ മേഖലകളില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് ബാഹ്യനിയന്ത്രണത്തിന് കഴിയും.
ഇങ്ങനെ നിര്‍മാണ വികസന ആശ്വാസതലങ്ങളില്‍ യുവശക്തി ഉപയോഗപ്പെടുമ്പോള്‍ മാത്രമേ മാനുഷിക വിഭവം മികച്ചതാവുകയുള്ളൂ. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ആസുരതകള്‍ക്കും വിനിയോഗിക്കുന്ന യുവോര്‍ജം മാനുഷിക വിഭവത്തിന്റെ ഗുണാത്മകതയെ നിഷേധിക്കുന്നു.
യുവജനപ്രസ്ഥാനങ്ങള്‍ ചരിത്രത്തെ മാറ്റിമറിച്ചിട്ടുണ്ട്. ലോകത്തെ സൃഷ്ടിച്ചിട്ടുണ്ട്. ഒപ്പം യുവത ചൂഷണം ചെയ്യപ്പെട്ടിട്ടുമുണ്ട്. വര്‍ണവൈജ്ഞാനിക മുന്നേറ്റത്തിന് ചാലകശക്തിയാവുക. അച്ചടക്ക രാഹിത്യത്തിന്റെ നിര്‍മാര്‍ജ്ജനത്തിന് നിതാന്ത ജാഗ്രതയുടെ പ്രയോക്താക്കളാവുക. അനുഭവങ്ങളുടെ സഹജ അഭാവം യുവതക്കുണ്ടാവും. ഈ കുറവ് നികത്താന്‍ യുവകൂട്ടായ്മകളില്‍ മുതിര്‍ന്ന നേതൃത്വത്തിന്റെ ഉപദേശം നിരന്തരം തേടുക. ഉപഭോഗ സംസ്‌കാരത്തിന്റെ സ്വാധീനത്തിലേക്ക് യുവതയെ എത്തിക്കുന്ന സാംസ്‌കാരിക പരിസരമാണ് എവിടെയും കാണുന്നത്. രചനകളില്‍ നല്ലൊരു ഭാഗം അത്തരത്തിലുള്ളതാണ്. നവമാധ്യമങ്ങള്‍ നിര്‍വഹിക്കുന്നതും അതുതന്നെ. നന്മകള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന നല്ല നിമിത്തങ്ങളെ തിന്മകള്‍ക്കായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. കരുതലുകള്‍ മാത്രമാണ് കര കയറാന്‍ യുവതക്ക് അവലംബമായിട്ടുള്ളത്.
ദുരുപയോഗം പോലെ തന്നെ നിരുപയോഗവും യുവോര്‍ജത്തിന്റെ അന്തകനാണ്. വര്‍ഗീയ വിധ്വംസക ഭീകരപ്രവര്‍ത്തനങ്ങള്‍ മാപ്പില്ലാത്ത ദുരുപയോഗങ്ങളാണ്. യൗവനം ക്ഷുഭിതമാവരുത്. സക്രിയമാവണം. പക്വമാവണം. കേരളത്തില്‍ യുവതക്ക് ധര്‍മപാത കാണിച്ചുകൊടുക്കുന്ന പ്രസ്ഥാനമാണ് സമസ്ത കേരള സുന്നി യുവജനസംഘം. സംഘടനയുടെ അറുപതാം വാര്‍ഷികത്തില്‍ മുന്നേറ്റ വഴിയില്‍ സമര്‍പ്പിതരാവാന്‍ സംഘടന ആഹ്വാനം ചെയ്യുന്നു. ഇത് സംഘടനയുടെ കഴിഞ്ഞകാലം സാര്‍ത്ഥകവും വരും കാലമുന്നേറ്റ പാത ഭാസുരവുമാണ്. യുവതയോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാനും മുന്നില്‍ നിന്ന് നേതൃത്വം നല്‍കാനും എസ് വൈ എസ് പ്രതിജ്ഞാബദ്ധമാണ്. ജീവിത സംതൃപ്തിയുടെയും ആത്മസായുജ്യത്തിന്റെയും വഴിയില്‍ ഒന്നിച്ച് നീങ്ങാന്‍ എല്ലാവര്‍ക്കും സ്വാഗതം.

Latest