Kerala
നാദാപുരം കലാപത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സാംസ്‌കാരിക നായകര്‍
കോഴിക്കോട്: നാദാപുരം മേഖലയില്‍ നടന്ന കലാപത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് സാംസ്‌കാരിക നായകരുടേയും അക്കാദമിക് പണ്ഡിതരുടേയും ആവശ്യം. സംഭവം മുസ്‌ലിം വിരുദ്ധമായി മാറിയെന്നും മാധ്യമങ്ങള്‍ സംഭവത്തെ അവഗണിച്ചെന്നും കവി സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍: 2015 ജനുവരിയില്‍ കോഴിക്കോട് നാദാപുരം മേഖലയിലെ തൂണേരി, വെല്ലൂര്‍, കോടഞ്ചേരി വില്ലേജുകളില്‍ നടന്ന വര്‍ഗീയ ആക്രമങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. നൂറിലേറെ മുസ്‌ലിം കുടുംബങ്ങളെ തിരഞ്ഞെുപിടിച്ച് ആക്രമിക്കുകയും വീടുകള്‍ നശിപ്പിക്കുകയുമാണ് ചെയ്തത്. ഇത്രവലിയ അക്രമം നടന്നിട്ട് പത്ര-ദൃശ്യ- സാമൂഹ്യ മാധ്യമങ്ങള്‍ സംഭവത്തെ പരിഗണിച്ചില്ലെന്നത് ഞങ്ങളെ പേടിപ്പെടുത്തുന്നു.
2015 ജനുവരി 15ന് നടന്ന രാഷ്ട്രീയ കൊലപാതകം വര്‍ഗീയ സംഘര്‍ഷമാക്കി പരിവര്‍ത്തനപ്പെടുത്തുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ലീഗ് പ്രവര്‍ത്തകന്‍ കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ആള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളതും നേരത്തെ തടവില്‍ കഴിഞ്ഞയാളുമാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിദ്വേഷ്‌ത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തിന്, 2013ല്‍ മുസഫര്‍ നഗറില്‍ കണ്ടത് പോലെ വര്‍ഗീയ നിറം നല്‍കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൂന്ന് ദിവസം വെല്ലൂരിലും പരിസര പ്രദേശങ്ങളിലും മുസ്‌ലിം വീടുകള്‍ തിരഞ്ഞു പിടിച്ച് ആക്രമിച്ചു. കിണറുകള്‍ ഉപയോഗശൂന്യമാക്കി. ഇതോടെ സമീപ ഭാവിയിലൊന്നും ഈ വീടുകളില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കെതിരെയും അക്രമമുണ്ടായി. ഗുജറാത്ത് പോലെ ആകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പാര്‍ട്ടി ബന്ധമെന്നത് ജാതി, സമുദായ ബന്ധങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ മറച്ചുപിടിക്കുന്ന ഒന്നുമാത്രമാണെന്ന വസ്തുത പ്രാദേശികമായ അറിവുകള്‍ മൂലം തെളിയുന്നുണ്ട്. ഇപ്പോഴത്തെ അക്രമസംഭവങ്ങള്‍ തെളിയിക്കുന്നത് ഈ പ്രദേശം എത്രത്തോളം വര്‍ഗീയ വല്‍ക്കരിക്കപ്പെട്ടൂവെന്നും മുസ്‌ലിം വിരുദ്ധമായി എന്നുള്ളതാണ്. സംഭവത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പങ്കാളികളായവരെ പുറത്തുകൊണ്ടുവരികയും ചെയ്യണം. ജീവന്‍ ഭയന്ന് വീട് വിട്ടുപോയ മുസ്‌ലിങ്ങള്‍ക്ക് സുരക്ഷിതമായി തിരികെയെത്തി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെടുന്നു.
കെ സച്ചിദാനന്ദന്‍, ശബ്‌നം ഹാഷ്മി, സുമിത് സര്‍ക്കാര്‍, തനിക സര്‍ക്കാര്‍, പ്രൊഫ. ജി അരുണിമ, ഡോ. യാസര്‍ അറഫാത്ത്, ജ്യോതിര്‍മയി ശര്‍മ, കവിത കൃഷ്ണ്‍, ബി രാജീവന്‍ തുടങ്ങിയരാണ് പ്രസ്താവനയിറക്കിയത്.