Kerala
ക്വാറി, മണല്‍ നിയന്ത്രണം: അവസരം മുതലെടുത്ത് ഇടനിലക്കാര്‍

തിരുവനന്തപുരം: ക്വാറികള്‍ക്കും മണല്‍ വാരലിനും നിയന്ത്രണം വന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതോടെ ഈ സാഹചര്യം മുതലെടുത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇവയെത്തിച്ച് ഇടനിലക്കാര്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്. കൂടാതെ അസംസ്‌കൃത വസ്തുക്കളുടെമേല്‍ എര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണവും വിലക്കയറ്റവും നിര്‍മാണമേഖലക്ക് ഭീഷണിയാണ്. സര്‍ക്കാര്‍ മേഖലയിലെ നിര്‍മാണ പ്രതിസന്ധി പരിഹരിക്കാന്‍ പ്രവൃത്തികള്‍ക്കായി അംഗീകൃത ക്വാറികള്‍ നിശ്ചിത അളവില്‍ നിര്‍മാണ സാമഗ്രികള്‍ മാറ്റിവെക്കണമെന്ന് ചിലയിടങ്ങളില്‍ ജില്ലാ ഭരണ കൂടങ്ങള്‍ ക്വാറികള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ സര്‍ക്കാറിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം വരാതിരിക്കാന്‍ പി ഡബ്ല്യു ഡി, നാഷനല്‍ ഹൈവേ, എയര്‍പോര്‍ട്ട് അതോറിറ്റി, തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഇക്കാര്യം ഉറപ്പാക്കാന്‍ പോലീസിനും തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ സ്വകാര്യ മേഖലയില്‍ വന്‍പ്രതിസന്ധിയാണ് നേരിടുന്നത്. മിതമായ നിരക്കില്‍ കല്ലും മണലും എത്തിക്കാന്‍ അധികൃതരുടെ ഭാഗത്ത് നടപടിയുണ്ടാകണമെന്നാണ് ഈ മേഖലയിലെ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നത് വലിയ ഭീഷണിയാണ്. മണല്‍ ശേഖരണത്തിനും നിയന്ത്രണം വന്നതോടെ ചെങ്കല്‍ ക്വാറികളേയും മര ഉത്പന്ന നിര്‍മാണമേഖലയെയും ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഏകദേശം ഒരുലക്ഷത്തിലധികം തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
അതേസമയം, കേരളത്തില്‍ ലഭ്യമാകുന്ന എല്ലാ സിമന്റിനും കമ്പനികള്‍ അന്യായമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ 65 രൂപയും ജനുവരിയില്‍ 60 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മറ്റുസംസ്ഥാനങ്ങളില്‍ 200 ഉം 250 രൂപക്കും സിമന്റ് ലഭിക്കുമ്പോള്‍ കേരളത്തില്‍ 430 രൂപ മുതല്‍ 480 രൂപവരെയാണ് നല്‍കേണ്ടി വരുന്നത്. ശങ്കര്‍, എ സി സി, ചെട്ടിനാട്, അള്‍ട്രാടെക്, സുവാരി, ജെ കെ, രാംകോ, അംബുജം എന്നീ കമ്പനികളാണ് കേരളത്തില്‍ സിമെന്റ് വിതരണം ചെയ്യുന്നത്.
തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തില്‍ സിമെന്റ് എത്തുന്നത്. അപ്രതീക്ഷിതമായി വില കൂട്ടിയതും സ്റ്റോക്ക് ഇല്ലാത്തതും നിര്‍മാണമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് സിമെന്റ് ചാക്കൊന്നിന് 270 രൂപവരെയായിരുന്നു വില. മണ്‍സൂണ്‍ സീസണോടുകൂടി താഴ്ന്നു തുടങ്ങിയ വിലയാണ് ഇപ്പോള്‍ കുത്തനെ കൂട്ടിയത്.
വന്‍കിടക്കാരും മാഫിയ സംഘങ്ങളുമാണ് നിര്‍മാണ സാമഗ്രികള്‍ക്ക് അന്യായമായി വിലക്കയറ്റി വന്‍കൊള്ള നടത്തുന്നതെന്ന് കേരള നിര്‍മാണ തൊഴിലാളി സംയുക്ത സമരസമിതി യോഗം കണ്‍വീനര്‍ കെ വി ജോസ് പറഞ്ഞു.
സിമന്റ്, കമ്പി മുതലായ നിര്‍മാണ വസ്തുക്കളുടെ വില അടിക്കടി ഉയര്‍ത്തുന്നത് കൊണ്ട് പാവപ്പെട്ടവര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും ഭവന നിര്‍മാണം അസാധ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാണ മേഖലയിലെ തൊഴില്‍ സംരക്ഷണം ആവശ്യപ്പെട്ട് അടുത്തമാസം പത്ത് മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് ഈ മേഖലയിലെ തൊഴിലാളികള്‍.