Connect with us

Articles

ഫലങ്ങള്‍ കായ്ക്കുമ്പോള്‍ ശിഖരങ്ങള്‍ താഴുമെന്ന പോലെ

Published

|

Last Updated

നിറയെ പഴങ്ങള്‍ കായ്ക്കുമ്പോള്‍ വൃക്ഷത്തിന്റെ ശിഖിരങ്ങള്‍ താഴുന്നത് പോലെ അറിവ് വര്‍ധിക്കും തോറും പണ്ഡിതന്റെ ശിരസ്സ് വിനയത്താല്‍ കുനിയുമെന്നാണ് മഹാരഥന്മാര്‍ പറഞ്ഞു വെച്ചത്. കേരളത്തിന്റെ ആധികാരിക പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇ സുലൈമാന്‍ മുസ്‌ലിയാരുടെ കാര്യത്തില്‍ ഇത് അക്ഷരം പ്രതി ശരിയാണെന്ന് അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവര്‍ക്കറിയാം. അഗാധമായ ജ്ഞാനവും തഖ്‌വയും ഇബാദത്തും ഇതിനെയെല്ലാം കവച്ചു വെക്കുന്ന വിനയഭാവവുമാണ് ശൈഖുനായുടെ മുഖമുദ്ര.
വിനയാന്വിതനായ പണ്ഡിതനും സൂക്ഷ്മജ്ഞാനിയുമാണ് കേരളത്തിലെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനായി ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട ഇ സുലൈമാന്‍ മുസ്‌ലിയാര്‍. വിനയവും എളിമയും ഉഖ്‌റവിയ്യായ പണ്ഡിതന്റെ ലക്ഷണമാണല്ലോ.
രാഷ്ട്രീയ, സംഘടനാ തലങ്ങള്‍ക്കപ്പുറം സര്‍വാദരണീയനാണദ്ദേഹം. നാട്ടിലെ പല പൊതുപ്രശ്‌നങ്ങളും അദ്ദഹത്തിന്റെ മുമ്പിലെത്തും. മഹല്ല് കമ്മിറ്റിയുടെ ചെയര്‍മാന്‍ അദ്ദേഹമാണ്. കക്ഷിത്വവും വിഭാഗീയതയുമൊന്നും ആരും അദ്ദേഹത്തിന്റെ മുമ്പില്‍ പ്രകടിപ്പിക്കാറില്ല. സമസ്തയിലെ ഭിന്നതയും ചേരിതിരിവും പ്രമുഖരായ പല പണ്ഡിതരെയും കണക്കറ്റ് കണ്ണീര്‍ കുടിപ്പിച്ചിട്ടുണ്ട്. തനിക്ക് ബോധ്യപ്പെട്ട കാര്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ പലരും അപമാനിതരും വിമര്‍ശത്തിന് വിധേയരുമായിട്ടുണ്ട്. എന്നാല്‍ ഇ സുലൈമാന്‍ മുസ്‌ലിയാരെ ഇതൊന്നും ബാധിച്ചിട്ടില്ല. സ്ഥിരം ഖത്വീബുണ്ടെങ്കിലും സുലൈമാന്‍ മുസ്‌ലിയാര്‍ സ്ഥലത്തുണ്ടെങ്കില്‍ മക്കപ്പോഴും ജുമുഅക്ക് നേതൃത്വം നല്‍കുന്നത് അദ്ദേഹമാണ്. അതാണ് നാട്ടുകാരുടെ താത്പര്യം.
അച്ചിപ്ര ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍, കൈപറ്റ ബീരാന്‍കുട്ടി മുസ്‌ലിയാര്‍, ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങി പരിത്യാഗികളും മതവിജ്ഞാനത്തിന്റെ വ്യാപനത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച പണ്ഡിത മഹത്തുക്കളുമാണ് സുലൈമാന്‍ മുസ്‌ലിയാരുടെ ജീവിതം രൂപപ്പെടുത്തിയത്. പള്ളി ദര്‍സുകള്‍ വ്യാപിപ്പിക്കുന്നതിനും പോഷിപ്പിക്കുന്നതിനും ഒരു ജന്മം മുഴുവന്‍ അത്യധ്വാനം ചെയ്ത പണ്ഡിത ശ്രേഷ്ടനായിരുന്നു സുലൈമാന്‍ മുസ്‌ലിയാരുടെ നാലാമത്തെ ഉസ്താദായ ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍. സ്വന്തം കീശയിലെ കാശെടുത്ത് ചെലവാക്കിയായിരുന്നു ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍ ദര്‍സ് വ്യാപിപ്പിച്ചിരുന്നത്. ദര്‍സില്ലാത്ത മഹല്ലിലേക്ക്, നാട്ടുകാരുടെ തീരുമാനത്തിനും ക്ഷണത്തിനും കാത്തുനില്‍ക്കാതെ അദ്ദേഹവും ശിഷ്യന്മാരും ഓര്‍ക്കാപുറത്തൊരു ദിവസം കടന്നുചെല്ലും. പള്ളിയില്‍ കയറി ദര്‍സിന് ശ്രമം തുടങ്ങും. ഉസ്താദിനും ശിഷ്യന്മാര്‍ക്കും ആദ്യദിവസത്തെ ഭക്ഷണം ഉണ്ണീന്‍കുട്ടി മുസ്‌ലിയാരുടെ വകയായിരിക്കും. അടുത്ത ദിവസം നാട്ടുപ്രമാണിമാരെ ഒരുമിച്ചുകൂട്ടി ദര്‍സിന്റെ നടത്തിപ്പിനുള്ള മാര്‍ഗങ്ങളുണ്ടാക്കും. കുറച്ചുനാള്‍ അവിടെ തങ്ങിയ ശേഷം മിടുക്കനായ ഒരു മുദരിസിനെ കണ്ടെത്തി ചുമതലയേല്‍പിച്ച് അദ്ദേഹം മറ്റൊരു മഹല്ലിലേക്ക് നീങ്ങും. ഇങ്ങനെ നിരവധി ദര്‍സുകള്‍ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഉണ്ണീന്‍കുട്ടി മുസ്‌ലിയാരെ പോലെ സുലൈമാന്‍ മുസ്‌ലിയാരിലും കാണാം ഇല്‍മിന്റെ വ്യാപനത്തിനുള്ള ഈ പ്രതിബദ്ധത.
ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ മുസ്‌ലിയാരായിരുന്നു സുലൈമാന്‍മുസ്‌ലിയാരെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാം . ഏത് കാര്യത്തിനും ഒ കെ ഉസ്താദിന്റെ അഭിപ്രായമാരായുകയും അതപ്പടി അംഗീകരിക്കുകയും ചെയ്യുമായിരുന്നു. അവിഭക്ത സമസ്തയുമായി സുലൈമാന്‍ മുസ്‌ലിയാര്‍ വിട്ടുനിന്നതിന്റെയും ഉള്ളാള്‍ തങ്ങളും കാന്തപുരവും നേതൃത്വം നല്‍കുന്ന സമസ്തയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെയും പിന്നില്‍ ഒ കെ ഉസ്താദിന്റെ താത്പര്യമുണ്ടായിരുന്നു. ചാലിയം ദര്‍സിലെ മൂന്ന് വര്‍ഷത്തെ ഒ കെ ഉസ്താദിന്റെ ശിഷ്യത്വവും ശൈഖുനായുടെ കോളജിലെ പതിറ്റാണ്ടുകള്‍ നീണ്ട സേവനവും ശൈഖുനായുമായുള്ള സുലൈമാന്‍മുസ്‌ലിയാരുടെ ബന്ധം അത്രമാത്രം സുദൃഢമാക്കിയിരുന്നു.
നാവ് കൊണ്ട് പറഞ്ഞാല്‍ പിഴക്കില്ലെന്നത് സുലൈമാന്‍ മുസ്‌ലിയാരുടെ സവിശേഷതയാണ്. “സുലൈമാന്റെ നാവിനെ സൂക്ഷിക്കണ”മെന്ന് ഒ കെ ഉസ്താദ് ശിഷ്യന്മാരെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്താറുണ്ടായിരുന്നു. ക്ലാസുകള്‍ക്കിടയില്‍ അപൂര്‍വമായി ഉറങ്ങിപ്പോകുന്ന വേളയില്‍ പോലും, തങ്ങള്‍ വായിച്ചു കൊടുക്കുന്ന “ഇബാറത്തുകള്‍”ക്ക് തെറ്റാതെ അര്‍ഥവും വിശദീകരണവും കൃത്യമായി പറഞ്ഞു കൊടുത്ത അനുഭവം ശിഷ്യന്മാര്‍ക്കുണ്ട്.
ഏതെങ്കിലും പത്യേക വിഷയത്തില്‍ മാത്രമല്ല, ഒട്ടുമിക്ക വിജ്ഞാന ശാഖകളിലും അവഗാഹമുണ്ട് സുലൈമാന്‍ മുസ്‌ലിയാര്‍ക്ക്. ആധുനിക പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക ശരീഅത്തിന്റെ കാഴ്ചപ്പാടില്‍ പ്രതിവിധികള്‍ കണ്ടെത്തുന്നതില്‍ സമര്‍ഥനാണ് ശൈഖുനാ. ടെസ്റ്റ്ട്യൂബ് ശിശു, ബീജബാങ്ക്, മനുഷ്യപ്പട്ടി തുടങ്ങിയ നവീന വിഷയങ്ങളില്‍ ഇസ്‌ലാമിക ഫിഖ്ഹിന്റെ കാഴ്ചപ്പാട് പ്രഖ്യാപിച്ചതില്‍ സുലൈമാന്‍ മുസ്‌ലിയാരുടെ പങ്ക് അദ്വിതീയമാണ്.