Gulf
വെട്ടിച്ചിറ സ്വദേശി അത്യാസന്ന നിലയില്‍
അല്‍ ഐന്‍: വളാഞ്ചേരി വെട്ടിച്ചിറ കൂടശേരിപ്പാറ സ്വദേശി പരേതനായ തുളുവാടത്ത് സൈതലവി ഫാത്വിമ ദമ്പതികളുടെ മകന്‍ മൊയ്തീനെ (56) അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മര്‍ദത്താല്‍ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് അല്‍ ഐന്‍ ജീമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലക്കുള്ളില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശരീരത്തിന്റെ ഇടത് ഭാഗം സംസാരശേഷി നഷ്ടമായിട്ടുണ്ട്. 18 വര്‍ഷമായി മൊയ്തീന്‍ അല്‍ ഐനിലെ ത്വവിയ്യയില്‍ സ്വദേശിയായ മുഹമ്മദ് സാലം മീസര്‍ അല്‍ സുവൈദിയുടെ വീട്ടിലെ കൃഷി, പൂന്തോട്ട പരിചാരകനായി തൊഴിലെടുത്ത് വരികയായിരുന്നു.
ഒന്നര മാസത്തിലധികമായി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മൊയ്തീനെ തുടര്‍ചികിത്സക്കായി നാട്ടില്‍ കൊണ്ട് പോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സാമ്പത്തികമായി വളരെയധികം പ്രയാസങ്ങള്‍ നേരിടുന്ന മൊയ്തീനെ നാട്ടില്‍ കൊണ്ട് പോകുന്നതിനും തുടര്‍ ചികിത്സയുടെ കാര്യത്തിലും ഉദാരമതികളുടെ സഹായം കൂടിയേതീരൂ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബിയിലെ ബനിയാസില്‍ എത്തിയ മൊയ്തീന്റെ മകന്‍ അന്‍വര്‍ പിതാവിനെ പരിചരിക്കാനായി അവധി എടുത്ത് അല്‍ ഐന്‍ ആശുപത്രിയില്‍ തുടര്‍ച്ചയായി വരുന്നതിനാല്‍ മകന്‍ അന്‍വറിന്റെ വിസ റദ്ദ് ചെയ്ത് തൊഴിലുടമ പാസ്‌പോര്‍ട്ട് തിരിച്ചേല്‍പിച്ചിരിക്കയാണ്. സ്വദേശി ഉടമസ്ഥതയിലുള്ള ഭോജനശാലയിലായിരുന്നു അന്‍വറിന് ജോലി. രണ്ട് മാസം മുമ്പാണ് അന്‍വര്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് എത്തിയത്.
വീടും വീട് നില്‍ക്കുന്ന ഏതാനും സ്ഥലവും മാത്രമാണ് ഞങ്ങളുടെ സമ്പാദ്യം. സഹോദരിമാര്‍ രണ്ടാളെ വിവാഹം ചെയ്തു. പിതാവിന്റെ തുടര്‍ ചികിത്സയും തൊഴിലും ചോദ്യചിഹ്നമായി നില്‍ക്കുന്നതായി അന്‍വര്‍ സിറാജിനോട് പറഞ്ഞു. ഇന്ന് (ഞായര്‍) പിതാവിനെ നാട്ടില്‍ കൊണ്ടുപോകുമെന്ന് അന്‍വര്‍ പറഞ്ഞു. മൊയ്തീന്റെ സ്‌പോണ്‍സര്‍ നാട്ടില്‍ കൊണ്ട് പോകാനുള്ള ചെലവുകള്‍ വഹിക്കാമെന്ന് പറഞ്ഞതായും അന്‍വര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എം ഇ എസ് ആശുപത്രിയില്‍ തുടര്‍ചികിത്സക്കായി കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നത്. അല്‍ ഐനിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി സഹായ സഹകരണങ്ങള്‍ വാഗ്ദാനം നല്‍കി. ഉസ്മാന്‍ മുസ്‌ലിയാര്‍ ടി എന്‍ പുരം, സൈതലവി കുറ്റിപ്പാല, നസീര്‍ പയ്യോളി, ഹതീഫ പയ്യോളി സഅദ് ഓമച്ചപ്പുഴ എന്നിവര്‍ മൊയ്തീനെ സന്ദര്‍ശിച്ചു. വിവരങ്ങള്‍ക്ക്: 055-1592664, 050-6731952.