Connect with us

Articles

എന്തുകൊണ്ട് മാണി പറ്റില്ല?

Published

|

Last Updated

കോഴ വാങ്ങിയ മാണി, കോഴപ്പണം എണ്ണാന്‍ സ്വന്തമായി യന്ത്രം വീട്ടില്‍ സൂക്ഷിക്കുന്ന മാണി, ബജറ്റ് വിറ്റ് കാശാക്കുന്ന മാണി – ഇത്രയും കൊള്ളരുതായ്മകള്‍ കൊണ്ട് മുഖം വികൃതമായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, മാനാഭിമാനമുള്ള ആര്‍ക്കും മാണി ബജറ്റ് അവതരിപ്പിക്കുന്നത് അംഗീകരിക്കാനും ആവില്ല. ഈ നാടിന്റെ മാനം അപ്പാടെ വിറ്റുതുലച്ച് നാണക്കേടിന്റെ ഇരിക്കപ്പണ്ടമായ മാണിയെക്കൊണ്ടു തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന് എന്താണ്, ഉമ്മന്‍ ചാണ്ടിക്കിത്ര വാശി? ഇത് മാണിയെ രക്ഷിക്കാനാണോ അതോ പത്മവ്യൂഹത്തില്‍ കുരുക്കിയിടാനാണോ?
മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്ന് അപ്പുറത്തിരിക്കുന്ന പലരും അടക്കം പറയുന്നില്ലേ? അല്ലെങ്കില്‍ ജോര്‍ജിനോട് ചോദിച്ചുനോക്കൂ. സത്യം പറയുന്ന ജോര്‍ജ് തന്നെ പറയട്ടെ. ഉമ്മന്‍ ചാണ്ടി യു ഡി എഫ്. എം എല്‍എമാരോട് രഹസ്യമായി ഒന്നുചോദിക്കൂ. ഇപ്പോള്‍ത്തന്നെ പല കോണ്‍ഗ്രസ് എം എല്‍ എമാരും പറയുന്നുണ്ട് മാണി കാട്ടിയ വേണ്ടാതീനങ്ങളെ ഞങ്ങള്‍ എന്തിന് ന്യായീകരിക്കണമെന്ന്. മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ സംഗതിയാകെ പ്രശ്‌നമാകും. അതുണ്ടാക്കുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും ഉമ്മന്‍ ചാണ്ടിയും മാണിയും ചെന്നിത്തലയും ആയിരിക്കും ഉത്തരവാദികള്‍. ബജറ്റ് ദിനം കേരളചരിത്രത്തിലെ പങ്കില ദിനമാകാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് ഇനിയും സമയമുണ്ട്. ശാന്തമായി ആലോചിച്ചു തീരുമാനിക്കൂ. മാണി തന്നെ ഇവിടെ പറഞ്ഞതുപോലെ “അന്തിക്രിസ്തു ആവേശിച്ചിരിക്കുന്നതുകൊണ്ട് അദ്ദേഹം വല്ലാത്ത മാനസിക വിക്ഷോഭത്തിലാണ്. അദ്ദേഹത്തിന്റെ മുഖത്തെ ചോരയോട്ടം നിലച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പേശികള്‍ ഇപ്പോള്‍ത്തന്നെ വലിഞ്ഞുമുറുകുന്നുണ്ട്. ഹൃദയമിടിപ്പിന് തമ്പേറിന്റെ മുഴക്കമാണ്. ഹൊ! എന്തൊരു പരീക്ഷണമാണ്? എന്തിനാണ് മാണിയെ ഇങ്ങനെ കുരിശില്ലാതെ കുരിശിലേറ്റുന്നത്?
മാണി അവതരിപ്പിക്കാന്‍ പാടില്ലെന്ന് എന്തെങ്കിലും രാഷ്ട്രീയവിരോധം കൊണ്ട് ഞങ്ങള്‍ പറയുന്നതല്ല. ധനമന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് കോഴ വാങ്ങുകയും ബജറ്റ് നിര്‍ദേശം തന്നെ മുന്‍കൂറായി ബിസിനസുകാര്‍ക്ക് ചോര്‍ത്തി നല്‍കി, അവരെ ഭീഷണിപ്പെടുത്തി കാശുവാങ്ങുകയും ചെയ്തയാളാണെന്ന ആരോപണത്തിന് വിധേയനാവുകയും അങ്ങനെയുള്ള കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് അവതരിപ്പിക്കാന്‍ പാടില്ല എന്ന് ഞങ്ങള്‍ ശഠിക്കുന്നത്.
മാണി എന്ന മന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ എന്താണ് പറഞ്ഞിട്ടുള്ളത്? “ഞാന്‍, നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഞാന്‍ ഭാരതത്തിന്റെ പരമാധികാരവും, അഖണ്ഡതയും നിലനിര്‍ത്തുമെന്നും, ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടും മനസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വഹിക്കുമെന്നും ഭരണഘടനയും, നിയമവും അനുസരിച്ച് ഭീതിയോ, പക്ഷപാതമോ, പ്രീതിയോ, വിദ്വേഷമോ കൂടാതെ എല്ലാത്തരത്തിലുമുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നും ദൈവത്തിന്റെ നാമത്തില്‍ സത്യം ചെയ്യുന്നു.”
ഞാന്‍ മാണിയോടും ഉമ്മന്‍ ചാണ്ടിയോടും ചോദിക്കുകയാണ്. ഈ സത്യപ്രതിജ്ഞാ വാചകത്തിലെ ഏതെങ്കിലും ഒരു ഭാഗത്തോട് മാണി ലവലേശമെങ്കിലും നീതി പുലര്‍ത്തിയിട്ടുണ്ടോ? കോഴ ചോദിച്ചുവാങ്ങുന്നതും ബജറ്റ് വിറ്റ് കാശാക്കുന്നതും കോഴപ്പണം എണ്ണാന്‍ യന്ത്രം വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നതും മന്ത്രി എന്ന നിലയില്‍ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടും മനഃസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വഹിക്കുന്നതാണോ? പറയണം മാണി, മറുപടി. പറയണം ഉമ്മന്‍ ചാണ്ടി മറുപടി. ഈ കൊള്ളില്ലായ്മകള്‍ കാട്ടിയ മാണി ഭീതിയോ, പക്ഷപാതമോ, പ്രീതിയോ, വിദ്വേഷമോ കൂടാതെയാണോ മന്ത്രിപ്പണി ചെയ്തിട്ടുള്ളത്? മാണി മന്ത്രിപ്പദവി സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും കൈക്കൂലി നല്‍കിയവര്‍ക്കും വേണ്ടി, ഭരണഘടന വിഭാവനം ചെയ്യുന്ന ബജറ്റ് ചോര്‍ത്തിക്കൊടുത്തില്ലേ? ഇത്തരക്കാരോട് പ്രീതി കാട്ടുകയല്ലേ മാണി ചെയ്തത്? ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നല്ലേ മന്ത്രി ചൊല്ലിയ സത്യപ്രതിജ്ഞയില്‍ പറയുന്നത്? ഇങ്ങനെ ചെയ്യുക വഴി സത്യപ്രതിജ്ഞയില്‍ പറയുന്നതുപോലെ എല്ലാ തരത്തിലുമുള്ള ജനങ്ങള്‍ക്കും മന്ത്രി എന്ന നിലയില്‍ മാണി നീതി ചെയ്‌തോ? എന്താണ് ഇതിന്റെ അര്‍ഥം? ഈ വക വൃത്തികേടുകള്‍ ചെയ്യുക വഴി മാണി സത്യപ്രതിജ്ഞാലംഘനമല്ലേ നടത്തിയിരിക്കുന്നത്? ഒരു മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയാല്‍ എന്ത് ചെയ്യണം? അത്തരം മന്ത്രിയെ കഴുത്തിന് പിടിച്ച് പുറത്താക്കേണ്ടേ? എന്തേ ഉമ്മന്‍ചാണ്ടി അത് ചെയ്യാത്തത്? ചെയ്താല്‍ ചാണ്ടിയുടെ കസേര തെറിക്കും.
ഉമ്മന്‍ചാണ്ടിക്ക് മാണിയെ പുറത്താക്കാന്‍ എങ്ങനെ കഴിയും? പെരുമന്തന്‍ ഉണ്ണിമന്തനെ ഊശിയാക്കുന്നതു പോലെയല്ലേ ഉമ്മന്‍ചാണ്ടി അഴിമതിയുടെ പേരില്‍ മാണിക്കെതിരെ തിരിഞ്ഞാല്‍ ഉണ്ടാകുന്നത്. ഉമ്മന്‍ചാണ്ടി തന്നെ അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ് കൈയും കാലുമിട്ടടിക്കുകയാണ്. മാണിയോട് അഴിമതി ചോദിക്കാന്‍ ഉമ്മന്‍ചാണ്ടി ചെന്നാല്‍ മാണി പറയും, ആദ്യം തന്റെ ശരീരത്തില്‍ കട്ടപിടിച്ചിരിക്കുന്ന അഴിമതിയുടെ കറയെല്ലാം കഴുകിക്കളഞ്ഞിട്ട് എന്റെ അഴിമതിയെക്കുറിച്ച് പറയാമെന്ന്. ഉമ്മന്‍ചാണ്ടിക്കാണെങ്കില്‍ സ്വന്തം ശരീരത്തില്‍ പിടിച്ചിരിക്കുന്ന അഴിമതി ഒരു കാലത്തും കഴുകിക്കളയാന്‍ കഴിയാത്തതുമാണ്. ഇതാണ് പ്രശ്‌നം. ഇങ്ങനെയുളള മാണി ബജറ്റ് അവതരിപ്പിക്കുന്നത് കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ പാര്‍ലമെന്ററി ചരിത്രത്തിലെ കളങ്കമായ അധ്യായമായിരിക്കും. ഈ സാക്ഷരസുന്ദര കേരളത്തിന്റെ നെറുകയില്‍ അത്തരമൊരു കളങ്കം കെട്ടിവെക്കണോ? അതുകൊണ്ടാണ് മാണി ഒരു കാരണവശാലും ബജറ്റ് അവതരിണ്‍പ്പിച്ചൂകൂടാ എന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുന്നത്.
ഞാന്‍ വീണ്ടും ബൈബിള്‍ ഉദ്ധരിക്കുന്നതില്‍ ക്ഷമിക്കണം. സോളമന്റെ സുഭാഷിതങ്ങളിലെ ആറാം ഖണ്ഡത്തിലെ 12 മുതല്‍ 19 വരെയുള്ള സൂക്തങ്ങള്‍ ഇങ്ങനെ പറയുന്നു : നിര്‍ഗുണനായ ദുഷ്ടന്‍ കുടില സംസാരവുമായി ചുറ്റി നടക്കുന്നു. അവന്‍ കണ്ണുകൊണ്ട് അടയാളം കാട്ടുകയും കാലുകൊണ്ട് തോണ്ടുകയും വിരലുകൊണ്ട് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അവന്‍ തുടര്‍ച്ചയായി അനൈക്യം വിതച്ചുകൊണ്ട് വഴിപിഴച്ച ഹൃദയത്തോടെ തിന്മക്ക് കളമൊരുക്കുന്നു. തന്മൂലം പെട്ടെന്ന് അവന്റെ മേല്‍ അത്യാഹിതം നിപതിക്കും. നിമിഷത്തിനുള്ളില്‍ അവന്‍ പ്രതിവിധിയില്ലാത്ത വിധം തകര്‍ന്നുപോകും. ഗര്‍വു കലര്‍ന്ന കണ്ണ് വ്യാജം പറയുന്ന നാവ് നിഷ്‌കളങ്കളായ രക്തം ചൊരിയുന്ന കൈ ദുഷ്‌കൃത്യങ്ങള്‍ നിനയ്ക്കുന്ന ഹൃദയം തിന്മയിലേക്കു പായുന്ന പാദങ്ങള്‍ അസത്യം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി സഹോദരര്‍ക്കിടയില്‍ ഭിന്നത വിതയ്ക്കുന്നവന്‍”. ബൈബിളിലെ സോളമന്റെ ഈ ജ്ഞാനസൂക്തം മാണി ഒന്നുകൂടി മനസ്സുെവച്ചു വായിച്ചാല്‍ അദ്ദേഹം ഈ ദുഷ്‌ചെയ്തികളില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കും എന്നെനിക്ക് ഉറപ്പാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കൊള്ളരുതായ്മകളെക്കുറിച്ച് ഇന്നലെയും പുത്തന്‍ വെളിപ്പെടുത്തലുകള്‍ വന്നില്ലേ? ചില സുന്ദര കളേബരന്മാരായ മന്ത്രി പുങ്കവന്മാര്‍ അപ്പുറത്ത് ദാ തലകുമ്പിട്ടിരിക്കുകയാണ്. എന്താ കാര്യം. കോഴ, കോഴ, ബാര്‍ കോഴ, കോടികളുടെ കോഴ. ഒന്നു പറഞ്ഞുകൊടുക്കണം ഇത് വൃത്തികേടാണ്, ലജ്ജാകരമാണ്. കേരളത്തെ മുഴുവന്‍ നാണംകെടുത്തുന്നതാണ്. എന്ത് കഷ്ടമാണ് മന്ത്രിമാര്‍ ഓരോരുത്തരും ഞാന്‍ മുമ്പ്.. ഞാന്‍ മുമ്പ് എന്ന ഭാവത്തില്‍ കോഴ വാങ്ങുകയല്ലേ. നേരത്തേ കേരള മന്ത്രിസഭയുടെ ചരിത്രം പറയുമ്പോള്‍ ഇഎം എസ് മന്ത്രിസഭ, അച്യുതമേനോന്‍ മന്ത്രിസഭ എന്നൊക്കെയാണ് പറയുന്നത്. ഇനി ഇപ്പോള്‍ ഈ യു ഡി എഫ് സര്‍ക്കാരിന്റെ കാര്യം പറയാന്‍ കോഴമന്ത്രിസഭ എന്നുപറഞ്ഞാല്‍ മതി. അങ്ങനെ പറഞ്ഞാല്‍ പി എസ് സി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് പോലും അറിയാം അത് ഉമ്മന്‍ ചാണ്ടിയുടെയും മാണിയുടെയും മന്ത്രിസഭയാണെന്ന്.
ഈ കോഴയെപ്പറ്റി പറഞ്ഞുപറഞ്ഞ് ഞങ്ങളാകെ വിഷമിച്ചു. ഇനി ഞാന്‍ കൂടുതലോന്നും പറയുന്നില്ല. ബജറ്റ് വിറ്റ് കാശാക്കുകയും ആ കാശു കൊണ്ട് മദിച്ചു നടക്കുകയും കേരള ജനതയുടെ അഭിമാനത്തിന്റെ തിരുമുറ്റത്ത് കാര്‍ക്കിച്ച് തുപ്പുകയുമാണ് മാണി ചെയ്തിരിക്കുന്നത്. അങ്ങനെയുള്ള മാണി ബജറ്റ് അവതരിപ്പിക്കുന്നത് കേരളീയരുടെ അഭിമാനബോധത്തിന്മേലുള്ള ബലാത്കാരമാണ്. അത് ഞങ്ങള്‍ അനുവദിക്കില്ല.

 

Latest