Kerala
എം എല്‍ എമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രഹരം, സഭ്യത വിട്ട സഭ സജീവ ചര്‍ച്ച
കോഴിക്കോട്: “അടി, പിടി, കടി, തെറി, കസേരയേറ്, കൂക്കിവിളി……. ഇവരാണോ ജനത്തിന്റെ പ്രതിനിധികള്‍…… കഞ്ഞിയില്‍ മുക്കി വടിവൊത്ത് നിര്‍ത്തിയ ഷര്‍ട്ടിനുള്ളില്‍ കയറി കൂടിയ ഈ മാന്യദേഹങ്ങളാണോ ജനത്തെ ഭരിക്കേണ്ടത്… സ്ഥാനത്തും അസ്ഥാനത്തും ഗുണ്ടാ ആക്‌ടെന്ന് വിളിച്ചു കൂവുന്ന ഇവര്‍ക്കെതിരെ ആര് എന്ത് കൊണ്ടു വരും..” സോഷ്യല്‍ മീഡിയയില്‍ വന്ന ഈ ഒരു പോസ്റ്റിന് കുറഞ്ഞ സമയത്തിനുള്ളില്‍ കിട്ടിയ ആയിരത്തിലധികം ലൈക്ക് ഭരണ പ്രതിപക്ഷ ദേദമില്ലാതെ എം എല്‍ എമാര്‍ക്ക് കിട്ടിയ പ്രഹരമാണ്.
ബജറ്റ് അവതരിപ്പിച്ചെന്ന് ഭരണപക്ഷവും ഇല്ലെന്ന് പ്രതിപക്ഷവും അവകാശവാദമുന്നയിക്കുമ്പോള്‍ സഭ്യത വിട്ട സഭ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സമീപ കാലത്തെ ഏറ്റവും വലിയ ചര്‍ച്ചക്കാണ് സോഷ്യല്‍ മീഡിയ വേദിയായത്. സ്പീക്കറുടെ ഇരിപ്പിടം തകര്‍ത്ത ഇടതു അംഗങ്ങളെയും വനിതാ എം എല്‍ എമാരെ കടന്നു പിടിച്ച വലതുപക്ഷ എം എല്‍ എമാരെയും പേരെടുത്ത് പറഞ്ഞും അല്ലാതെയും കൈകാര്യം ചെയ്യുന്നുണ്ട് സോഷ്യമീഡിയയില്‍. ഇരുമുന്നണികളുടെയും പിടിവാശി കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് ചര്‍ച്ചയായത്. തങ്ങള്‍ വോട്ടു നല്‍കി വിടുന്നവര്‍ അല്‍പ്പം കൂടി മാന്യത കാണിക്കണമെന്ന് വികാരം പങ്കുവെക്കുന്നവരും മലയാളികളെ നാണം കെടുത്തിയ ഇവര്‍ ഇനി സംസ്‌കാരത്തെ കുറിച്ചും സഭ്യതയെ കുറിച്ചുമൊന്നും സംസാരിക്കരുതെന്നും ഉപദേശിക്കുന്നുണ്ട്. സഭയിലെ ചിത്രങ്ങള്‍ നല്‍കിയതിനോടൊപ്പം ദേശീയ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകളും അറബ് പത്രങ്ങളില്‍ വന്ന വാര്‍ത്തയുമൊക്കെ ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ എം മാണി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.. പ്രമുഖരെല്ലാം വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ഉരുക്കു മുഷടിയില്‍ അഞ്ചു മിനുട്ട് കൊണ്ട് അവതരിപ്പിച്ച ബജറ്റ് ജനങ്ങളെ പ്രയാസപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ സരസമായി അവതരിപ്പിച്ചവരും ഏറെയാണ്. അരിക്ക് വില കൂടി. എം എല്‍ എമാരുടെ വിലപോയി, മാണി ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ചു, ഇടതുപക്ഷം ശിവന്‍കുട്ടിയെ മേശപ്പുറത്ത് വെച്ചു, മന്ത്രിമാരും എം എല്‍ എമാരും സഭയില്‍ തങ്ങുന്നതൊക്കെ കൊള്ളാം. വിലപിടിപ്പുള്ളതൊന്നും അടിച്ചു മാറ്റരുത്, മുണ്ടു മടക്കി കുത്തിയവരും മുണ്ടഴിക്കുന്നവരും, നിയമസഭ വളഞ്ഞ് എം എല്‍ എമാരെ നിയമസഭയുടെ തൂണില്‍ കെട്ടിയിട്ട് ചന്തിക്ക് പൂശിയാലെ ഇതിനൊക്കെ പരിഹാരമാകൂ, മാണി ജനങ്ങളോട് പ്രതികാരം ചെയ്തു. കണ്ണില്‍ കണ്ടതിനെല്ലാം വിലകൂട്ടി, തരം നോക്കി ഞാന്‍ ഒന്നേ പിടിച്ചൊള്ളൂ, പക്ഷേ തിരിഞ്ഞു കടിക്കുന്ന ഇനമാണെന്ന് അറിഞ്ഞില്ല… സോഷ്യല്‍ മീഡിയയിലെ ചില അമിട്ടുകളാണിവ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ വി ടി ബല്‍റാം എം എല്‍ എ തന്റെ ഇരിപ്പിടത്തില്‍ നിന്നു പോലും എഴുന്നേല്‍ക്കാത്തതും ചര്‍ച്ചയായി. ചോദ്യം ചെയ്യാന്‍ സോഷ്യല്‍ മീഡിയയുണ്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് ബല്‍റാം മാന്യത കാണിച്ചതെന്നാണ് നിരീക്ഷണം. ബല്‍റാമിനെ പോലെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാത്ത വി ഡി സതീശന്‍, ടി എ അഹമ്മദ് കബീര്‍, കെ ബി ഗണേശ്കുമാര്‍ എന്നിവരെ പ്രശംസിക്കുന്നവരും ഏറെയാണ്.