Articles
ഉസ്താദുല്‍ അസാതീദ്: ചില ഓര്‍മകള്‍
“ഇല്‍മ് കൊണ്ടും നസബ കൊണ്ടും തികഞ്ഞ ആലിമാണ്. അങ്ങോട്ട് തന്നെ പോകണം.” ഇരുമ്പുചോലയിലെ നാല് വര്‍ഷത്തെ പഠനത്തിന് ശേഷം ചാലിയത്ത് ശൈഖുനാ ഒ കെ ഉസ്താദിന്റെ ദര്‍സിലേക്ക് പോകാന്‍ അനുമതി ചോദിച്ചപ്പോള്‍ മഹാനായ കൈപറ്റ ഉസ്താദ് പറഞ്ഞ വാക്കുകളാണിത്. സമകാലികരായ പണ്ഡിതന്‍മാരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റിയ ശൈഖുനാ ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍; 1916 മുതല്‍ 2002 വരെ നീണ്ടുകിടക്കുന്ന എട്ട് പതിറ്റാണ്ട് കാലത്തെ ആ ജീവിതത്തിലെ ഓരോ ഘട്ടവും നമുക്കിന്ന് പാഠമാണ്. അനാഥത്വത്തിന്റെ ഏകാന്തതയിലും ആ മനസ്സ് വെമ്പല്‍കൊണ്ടത് ഇല്‍മിന്റെ വഴിയിലിറങ്ങാനായിരുന്നു. കുഴിപ്പുറം പള്ളിയില്‍ അല്‍ഫിയക്കാരന്‍ കൈപറ്റ അമ്പലവന്‍ കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരില്‍ നിന്ന് നഹ്‌വിന്റെ ബാലപാഠങ്ങള്‍ കരസ്ഥമാക്കിയ ശൈഖുന, മറ്റത്തൂരില്‍ കൈപറ്റ മമ്മൂട്ടി മുസ്‌ലിയാരുടെ ദര്‍സിലേക്ക് ഓതാന്‍ പോയി. പിന്നീട് തലക്കടത്തൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളിലായി കെ കെ സ്വദഖത്തുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ പഠനം തുടര്‍ന്നു. പിന്നീട് കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ മൂന്ന് വര്‍ഷം പഠിച്ചു. അവിടെ നിന്നാണ് മഅ്ഖൂലാത്തിലെ അധിക കിതാബുകളും വൈദ്യശാസ്ത്രത്തിലെ കിതാബും ഓതിയത്. ശ്രദ്ധേയമായ ഒരു കാര്യം, അന്നത്തെ ഉസ്താദുമാരെല്ലാം പരസ്പരം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരായിരുന്നു എന്നതാണ്. അതുകൊണ്ട് തന്നെ അറിവിനായുള്ള ഈ പലായനങ്ങളെല്ലാം ഗുരുനാഥന്‍മാരുടെ ഗുരുത്വത്തോടെയായിരുന്നു. അതിനാല്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു.
1944ലാണ് ശൈഖുന വെല്ലൂരില്‍ ചേരുന്നത.്്. പന്നൂര്‍ സി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ബാപ്പുട്ടി മുസ്‌ലിയാര്‍ എന്നിവരെല്ലാം ബാഖിയാത്തിലെ സഹപാഠികളായിരുന്നു. വെല്ലൂര്‍ പ്രിന്‍സിപ്പലായിരുന്ന അബ്ദുര്‍റഹീം ഹസ്‌റത്തിനെ കുറിച്ച് പറയുമ്പോള്‍ അവിടുന്ന് പലപ്പോഴും വികാരാതീതനാകാറുണ്ട്. വെല്ലൂരില്‍ നിന്ന് സനദ് വാങ്ങിപ്പോരുമ്പോള്‍ അബ്ദുര്‍റഹീം ഹസ്‌റത്ത് പറഞ്ഞതാണ് എപ്പോഴും ഹദീസ് ദര്‍സ് നടത്തണം എന്ന്. അങ്ങനെ ഇഹ്‌യാഉസ്സുന്നയില്‍ ഉസ്താദ് വഫാത്ത് വരെ “മുസ്‌ലിം” ദര്‍സ് നടത്തിയിരുന്നു. ആശുപത്രിയില്‍ കിടക്കേണ്ട മൂന്നോ നാലോ ദിവസം മാറ്റിനിര്‍ത്തിയാല്‍ ഹദീസ് ക്ലാസ് മുടങ്ങിയിട്ടില്ല.
1946ലാണ് ശൈഖുന ദര്‍സാരംഭിക്കുന്നത്. അതും ജന്മനാടായ കുഴിപ്പുറത്ത്. അക്കാലത്ത് ആധ്യാത്മിക പ്രധാനിയായിരുന്ന കുമരനെല്ലൂര്‍ അറക്കല്‍ കുഞ്ഞുമരക്കാര്‍ മുസ്‌ലിയാര്‍ എന്ന അറക്കല്‍ മൂപ്പരാണ് നാട്ടില്‍ തന്നെ ദര്‍സാരംഭിക്കാന്‍ നിര്‍ദേശിക്കുകയും ദലാഇലുല്‍ ഖൈറാത്തിന്റെ ഇജാസത്ത് നല്‍കുകയും ചെയ്തത്. അങ്ങനെ സിറാജുല്‍ ഉലൂം ദര്‍സിന് കുഴിപ്പുറത്ത് തുടക്കം കുറിക്കപ്പെട്ടു. അതൊരു തുടക്കമായിരുന്നു. ആ ദര്‍സിന്റെ ഖ്യാതി ദിക്കുകള്‍ ഭേദിച്ചു. മുതഅല്ലിമുകളുടെ ഒരൊഴുക്ക് തന്നെ ദര്‍സിലേക്കുണ്ടായി. പിന്നീട് പല ഘട്ടങ്ങളിലായി കായംകുളം, ചെറുശോല, മാട്ടൂല്‍ വേദാമ്പ്രം, ചാലിയം, കിഴക്കേപ്പുറം, പൊടിയാട് തുടങ്ങിയ നാടുകളിലായി ശൈഖുനയുടെ സേവനം. പലപ്പോഴും ചെലവ് വീടുകളിലെ ദൗര്‍ലഭ്യം കാരണം എല്ലാ കുട്ടികളെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചില്ല. ഇക്കാലയളവിലെ ദര്‍സ് മാറ്റങ്ങളിലധികവും തന്റെയടുക്കല്‍ ഓതാന്‍ വരുന്ന നൂറുകണക്കിന് മുതഅല്ലിമീങ്ങളുടെ അസൗകര്യം മനസ്സിലാക്കിയായിരുന്നു.
അന്നും ശൈഖുനയെ എല്ലാ വിഭാഗം ജനങ്ങളും ആദരിച്ചിരുന്നു. അങ്ങാടിയിലെ പൊട്ടിത്തെറികളും ആര്‍പ്പുവിളികളും ആ ആഗമനത്തോടെ നിശബ്ദമാകും. ചാലിയം കടവ് കടന്ന് ശൈഖുന വരുമ്പോള്‍ ദൂരെ നിന്ന് നോക്കിയാല്‍ തന്നെ മനസ്സിലാകുമായിരുന്നു. ഇസ്തിരിയിട്ട ചുളിവ് വീഴാത്ത തൂവെള്ള വസ്ത്രത്തില്‍ സുഗന്ധം പൂശി വരുന്ന ശൈഖുനയുടെ ഗാംഭീര്യവും തേജസ്സും മനസ്സില്‍ നിന്ന് മായുന്നില്ല. ഒരു മുദര്‍രിസിന് ഇന്ന് കിട്ടുന്ന ഒരു നിലക്കുമുള്ള സുഖസൗകര്യങ്ങളും അവിടുന്ന് ആശിച്ചിട്ടില്ല, ആസ്വദിച്ചിട്ടുമില്ല. ചാലിയത്ത് പ്രാഥമികാവശ്യങ്ങള്‍ക്കായി ഒരു കിലോ മീറ്റര്‍ നടന്ന് ഖാളിയാരകത്തേക്ക് പോകണമായിരുന്നു. മൂന്ന് പതിറ്റാണ്ട് കാലം ചാലിയത്ത് ദര്‍സ് നടത്തിയിട്ടും ഒരിക്കല്‍ പോലും പള്ളിയുടെ പരിസരത്ത് ഒരു ബാത്‌റൂം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന ആഗ്രഹം പോലും പ്രകടിപ്പിച്ചില്ല.
ദര്‍സില്‍ എത്തിക്കഴിഞ്ഞാല്‍ ചൊല്ലിക്കൊടുക്കുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. അങ്ങനെത്തന്നെ ശിഷ്യരും വളര്‍ന്നു. നാട്ടില്‍ നടക്കുന്ന തര്‍ക്കങ്ങളോ രാഷ്ട്രീയ ചര്‍ച്ചകളോ ഒന്നും അവിടെ പ്രമേയമായില്ല. എപ്പോഴും ശൈഖുനയുടെ ഭാഗത്ത് നിന്നുള്ള പ്രചോദനവും പ്രോത്സാഹനവും അവര്‍ക്ക് ചാലകശക്തിയായി വര്‍ത്തിച്ചു. ശൈഖുന പറയാറുണ്ടായിരുന്നു, “എല്ലാവരും അല്‍ഫിയ്യയുടെ മത്‌ന് മാത്രം മനഃപാഠമാക്കിയിരുന്നു ഞാന്‍ മത്‌നും ശറഹും കൂടി മനഃപാഠമാക്കിയിരുന്നു.” ശിഷ്യന്മാരെല്ലാം അവിടുത്തെപോലെയാകാന്‍ മത്സരിച്ചു. എല്ലാവരുടെയും മുറബ്ബിയായി ശൈഖുനയുമുണ്ടാകും. ഉസ്താദ് എപ്പോഴും പ്രാര്‍ഥിക്കാറുണ്ടായിരുന്നു. “ഞങ്ങളുടെ തമ്പുരാനേ, ഞങ്ങളുടെ കാര്യങ്ങളുടെ നിയന്ത്രണം ഒരിക്കല്‍ പോലും ഞങ്ങളിലേക്കു തന്നെ നീ ഏല്‍പ്പിക്കരുതേ.” അല്ലാഹു ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കി. ശൈഖുനായുടെ ദര്‍സില്‍ എണ്ണമറ്റ ശിഷ്യന്മാരുണ്ടായിട്ടും വിചാരണയോ ശിക്ഷാവിധികളോ ഒന്നും തന്നെ അവിടെ അരങ്ങേറിയില്ല. ഒരിക്കല്‍ പോലും അനവസരത്തില്‍ രോഷാകുലനായി കാണപ്പെട്ടില്ല. ഉത്തമമല്ലാത്ത ഒരു പദപ്രയോഗവും ആ നാവില്‍ നിന്നു പുറത്തുവന്നില്ല. അതു കൊണ്ട് തന്നെ അവിടുന്ന് പറയുന്ന വാക്കുകളും ദീര്‍ഘവീക്ഷണങ്ങളും പുലര്‍ന്നു. ആ കൈകൊണ്ടു തേന്‍ കുപ്പി എടുത്തുവെച്ചാല്‍ ഉറുമ്പ് അരിക്കാറുണ്ടായിരുന്നില്ല.
ശിഷ്യന്മാര്‍ നല്‍കുന്ന സ്‌നേഹത്തിന് വിലകല്‍പ്പിച്ചു. ഞങ്ങള്‍ ദയൂബന്ദിലേക്ക് ഉപരിപഠനത്തിന് പോകുമ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ വരെ യാത്ര അയക്കാന്‍ വന്നിരുന്നു. ഞങ്ങള്‍ ട്രെയിന്‍ കയറി പോയതിന് ശേഷമാണ് മടങ്ങിയത്. ശിഷ്യന്മാരിലേക്കിറങ്ങിച്ചെന്ന് അവരുടെ സ്വഭാവം സംസ്‌കരിച്ചു. എന്തെങ്കിലും അനിഷ്ടമായ കാര്യം അവര്‍ ചെയ്താല്‍ അന്ന് ഒരു “സബ്ഖി”ല്‍ അയാളുടെ മുഖത്തേക്ക് നോക്കില്ല. അവരുടെ മനസ്സിനെ കിടിലം കൊള്ളിക്കാന്‍ ധാരാളമായിരുന്നു അത്. പിന്നീട് ആരും അത് ആവര്‍ത്തിക്കില്ല. പകലന്തിയോളം നീണ്ടുനില്‍ക്കുന്ന സബ്ഖുകള്‍. സിമന്റ് തറയില്‍ പായ വിരിച്ച് അതിന്മേലായിരുന്നു ഇരുത്തം. പ്രാഥമിക ആവശ്യത്തിനും നിസ്‌കാരത്തിനും അല്ലാതെ പുറത്തിറങ്ങില്ല. എന്നിട്ടും പ്രായാധിക്യത്തിന്റെ ആരോഗ്യക്കുറവ് മാറ്റിനിര്‍ത്തിയാല്‍ സദാ ആരോഗ്യവാനായിരുന്നു. ഈ ആരോഗ്യത്തില്‍ ശൈഖുന അല്ലാഹുവിനെ സദാ സ്തുതിക്കുമായിരുന്നു. തനിക്കു ലഭിച്ച രണ്ടനുഗ്രഹത്തെപ്പറ്റി ഇടക്കിടെ സ്മരിക്കും. ഒന്ന്, കാര്യമായ രോഗം കൊണ്ട് ദര്‍സ് മുടങ്ങേണ്ടി വന്നില്ല. രണ്ട്, ശിഷ്യഗണത്തില്‍ അധികമാരും പരാജയപ്പെട്ടില്ല. ഒരു സമയവും അവിടുന്ന് പാഴാക്കാറുണ്ടായിരുന്നില്ല. എന്നും പുലര്‍ച്ചെ മൂന്ന് മണിക്ക് ഉണരും. ഉളൂഅ് ചെയ്ത് അൗറാദുകളുമായി രാവിന്റെ ഇരുട്ടില്‍ ആകാശത്തേക്ക് നോക്കി സൂറത്ത് ആലു ഇംറാനിലെ അവസാന ആയത്തുകള്‍ പാരായണം ചെയ്യും. ഒരു ദിവസം പന്ത്രണ്ടോളം സബ്ഖുകള്‍. ഖുര്‍ആന്‍ പാരായണം. ഇങ്ങനെ പോകുന്നു ഉസ്താദിന്റെ ദിനചര്യ.
ഇല്‍മിന് മുന്നിലല്ലാതെ മറ്റൊരാള്‍ക്ക് മുന്നിലും ആ ശിരസ്സ് കുനിയേണ്ടി വന്നില്ല. ആരുടെയും ഔദാര്യം സ്വീകരിച്ചിരുന്നുമില്ല. ഹദിയയായി കൊടുക്കുന്നത് സന്തോഷത്തോടെ സ്വീകരിക്കും. ആവശ്യം വന്നാല്‍ കോളജിന്റെ ചെലവിന് കൊടുക്കുകയും ചെയ്യും. ചാലിയത്ത് ദര്‍സ് നടത്തുന്ന കാലത്ത് ഒരിക്കല്‍ പോലും ഒഴിവുകാലത്ത് അങ്ങോട്ട് പോയിരുന്നില്ല. “നാട്ടുകാര്‍ വല്ലതും തന്നാല്‍, അത് സ്വദഖയാകാം സക്കാത്താകാം അതൊന്നും സ്വീകരിക്കാന്‍ നമുക്ക് പറ്റില്ലല്ലോ” എന്ന ചിന്തയായിരുന്നു ശൈഖുനക്ക്. ശിഷ്യനായ മജീദ് മുസ്‌ലിയാരുമൊത്താണ് ആദ്യമായി ഹജ്ജിന് പോകുന്നത്. അവിടെ വെച്ച് നാമ്പിട്ട ആഗ്രഹത്തിനാലാണ് കൈയിലുള്ള ബാക്കി കാശുപയോഗിച്ച് പള്ളിക്കായി സ്ഥലം വാങ്ങുന്നതും നിര്‍മാണം ആരംഭിക്കുന്നതും. കാരണവന്മാര്‍ പലതും പറഞ്ഞ് പിന്തിരിപ്പിക്കാന്‍ നോക്കി. പക്ഷേ, ദീര്‍ഘവീക്ഷണവും തവക്കലും കൈമുതലാക്കി പള്ളി നിര്‍മാണവുമായി മുന്നോട്ട് പോയി.
പിന്നീട് ദര്‍സ് ഹാളിന്റെ നിര്‍മാണം വളരെ പ്രയാസപ്പെട്ടായിരുന്നു പൂര്‍ത്തീകരിച്ചത്. ചാലിയത്ത് നിന്ന് വീട്ടിലെത്തിയപ്പോള്‍ ഓട് വാങ്ങാന്‍ പണമില്ലാതെ വിഷമിച്ചിരുന്ന ശൈഖുനയുടെ കൈകളില്‍ അവിടുത്തെ പ്രിയപത്‌നി സ്വന്തം ആഭരണങ്ങള്‍ അഴിച്ചുകൊടുത്തു. അത് വിറ്റ് ഓട് വാങ്ങി പണി പൂര്‍ത്തീകരിച്ചു. ശൈഖുനയുടെ മനസ്സ് നിറഞ്ഞുപോയി. ദീനിന് വേണ്ടി ഇറങ്ങിത്തിരിച്ച നമ്മുടെ ശൈഖുനയെ ഒരു വാക്ക് കൊണ്ടെങ്കിലും കുളിരേകാന്‍ സാധിച്ചാല്‍ അത് അല്ലാഹു സ്വീകരിക്കുക തന്നെ ചെയ്യും. പലപ്പോഴും കോളജില്‍ കഞ്ഞി വെക്കാന്‍ അരിയില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ശൈഖുന സ്വന്തം കീശയില്‍ നിന്ന് പണമെടുത്ത് കൊടുക്കും. ചിലപ്പോള്‍ വീട്ടിലേക്ക് വാങ്ങിവെച്ച അരി കൊണ്ടുവന്ന് കോളജിലെ മുതഅല്ലിമീങ്ങള്‍ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്.
ദുന്‍യവിയായ ഒരു പ്രതിസന്ധിഘട്ടത്തിലും നിശ്ചയദാര്‍ഢ്യം കൈവിടാതിരുന്ന ശൈഖുന സ്വന്തം മകള്‍ മരിച്ചപ്പോഴും വിഷമങ്ങളെല്ലാം മനസ്സില്‍ ഒതുക്കിവെച്ച് കൂടെ നിന്നവരെ സമാധാനിപ്പിച്ചു. ആ മനോസ്ഥൈര്യം കണ്ട് കൂടി നിന്നവരുടെ കണ്ണ് നിറഞ്ഞുപോയി. ആ ശൈഖുനയുടെ കവിള്‍ തടം നിറഞ്ഞ രംഗമുണ്ടായത് ഏകദേശം ഒന്നര മാസത്തോളം ഇഹ്‌യാഉസ്സുന്ന പൂട്ടിയിടേണ്ടി വന്നപ്പോഴാണ്. “എന്തിനാണവര്‍ എന്നോടും സ്ഥാപനത്തോടും ഇങ്ങനെ ചെയ്യുന്നത്? ഞാന്‍ അവരെയൊന്നും നോവിച്ചിട്ടില്ലല്ലോ” എന്ന് ശൈഖുന ചോദിക്കും. അല്ലാഹു ശൈഖുനാക്കൊപ്പമുണ്ടായിരുന്നു. അവിടുത്തെ ആഗ്രഹം പോലെത്തന്നെ ഇഹ്‌യാഉസ്സുന്ന വളര്‍ന്നു സനദ് നല്‍കുന്ന വലിയ സ്ഥാപനമായി ഉയര്‍ന്നു. അവസാന നാളുകളില്‍ ക്ഷീണിതനായിരിക്കെ തന്നെ കോളജില്‍ വന്ന് ദര്‍സ് നടത്തിപ്പോകും. രോഗം മൂര്‍ഛിച്ചപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. എപ്പോഴും ആശുപത്രി അധികൃതരോട് ശാന്തമായി പെരുമാറാറുള്ള ശൈഖുന അന്ന് എല്ലാ ഉപകരണങ്ങളും അഴിച്ചുമാറ്റാന്‍ പറഞ്ഞു. കൂടെ വന്നവരെല്ലാം സൂറത്ത് യാസീന്‍ ഓതിക്കൊണ്ടിരിക്കെ 1423 ജമാദുല്‍ ആഖിര്‍ ആറിന് അവിടുന്ന് വഫാത്തായി.
നാടും നാട്ടുകാരും കുടുംബക്കാരും ശിഷ്യന്‍മാരും ശൈഖുനയെ സ്‌നേഹിച്ചു. ഗുരുക്കന്‍മാരൊക്കെയും അഭിനന്ദിച്ചു. അവരെല്ലാം അഭിമാനം കൊണ്ടു. ശിഷ്യന്‍മാരുടെ ഉയര്‍ച്ചയില്‍ അവിടുന്ന് അതിയായി സന്തോഷിച്ച് എല്ലാവര്‍ക്കും ഗുരുത്വം മാത്രം നല്‍കി. അവരെല്ലാം ഇന്ന് ഉയര്‍ന്ന നിലയിലാണ്. ഇല്‍മിനും ദീനിനും സേവനം ചെയ്തുകൊണ്ടിരിക്കുന്നു.. ശൈഖുനായുടെ ഇല്‍മില്‍ അല്ലാഹു ബറകത്ത് ചൊരിഞ്ഞിട്ടുണ്ട്. ആ ജീവിതം അവന്‍ സ്വീകരിച്ചെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടത്? ഇബ്‌നു അത്വാഇല്ലാഹിസ്സിക്കന്തരി “ഹികമി”ല്‍ പറഞ്ഞതുപോലെ അല്ലാഹു ഒരാളുടെ അമലുകള്‍ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ദുന്‍യാവില്‍ വെച്ച് തന്നെ അതിന്റെ ഫലം അവന്‍ അനുഭവിക്കല്‍. ശൈഖുനായുടെ കൂടെ അല്ലാഹു നമ്മെ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ. ആമീന്‍