Gulf
'ക്ഷയരോഗ ബാധിതര്‍ ഏറ്റവും കുറഞ്ഞ രാജ്യം യു എ ഇ'
അല്‍ ഐന്‍: ക്ഷയരോഗ നിര്‍മാര്‍ജന ദിനവുമായി ബന്ധപ്പെട്ട് അല്‍ ഐന്‍ എമിറേറ്റ്‌സ് സര്‍വകലാശാല ആരോഗ്യ വിജ്ഞാന സെമിനാര്‍ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു ഗവേഷകര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സെമിനാറില്‍ സംഗമിച്ചു. ആഗോളതലത്തില്‍ നടക്കുന്ന ക്ഷയരോഗ നിര്‍മാര്‍ജന യജ്ഞത്തില്‍ ഗുണകരമായ രീതിയില്‍ സംവദിക്കാനുള്ള എമിറേറ്റ്‌സ് സര്‍വകലാശാലയുടെ പ്രതിബന്ധതയുടെ ഭാഗമായിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചതെന്ന് ആരോഗ്യ വിഭാഗം അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അല്‍ ഔഖാനി അഭിപ്രായപ്പെട്ടു.
ക്ഷയരോഗത്തെക്കുറിച്ചും അതിന്റെ വിപത്തിനെക്കുറിച്ചും രാജ്യത്തെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യ വിഭാഗം എന്നും പ്രതിബദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ആഗോളതലത്തിലും പ്രാദേശികതലത്തിലും ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സര്‍വകലാശാലയുടെ പങ്ക് ശ്രദ്ധേയമാണെന്നും വര്‍ഷം തോറും ദശലക്ഷക്കണക്കിന് മനുഷ്യ ജീവന്‍ കവരുന്ന ഗുരുതരമായ ഈ രോഗത്തെ നേരിടുന്നതില്‍ രാജ്യത്തെ ആരോഗ്യവിഭാഗം വലിയ സേവന പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഡോ. മഹ്മൂദ് ചൂണ്ടിക്കാട്ടി. 2015 വര്‍ഷാവസാനത്തോടെ രോഗ ബാധിതരുടെ എണ്ണവും അതുമൂലമുള്ള മരണവും പൂജ്യത്തില്‍ എത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ഡോക്ടര്‍ വിശദീകരിച്ചു.
1990നു ശേഷം ആരോഗ്യരംഗത്തെ മുന്നേറ്റത്തിലൂടെ 40 ശതമാനത്തോളം രോഗവ്യാപനം തടയാന്‍ സാധിച്ചതായി സര്‍വകലാശാല ആരോഗ്യ വിഭാഗം പ്രൊഫ. ഡോ. മഹ്മൂദ് ശൈഖ് ഹുസൈന്‍ വ്യക്തമാക്കി. ലോകത്ത് ഏറ്റവും ക്ഷയരോഗം കുറഞ്ഞ രാജ്യങ്ങളുടെ കൂട്ടത്തില്‍ യു എ ഇയാണ് മുന്‍പന്തിയില്‍ എന്നും വിശിഷ്യാ 25 വര്‍ഷത്തിനിടെ രോഗ വ്യാപനം ഗണ്യമായ രീതിയില്‍ കുറച്ചു കൊണ്ടുവരുവാന്‍ ആരോഗ്യവിഭാഗത്തിനു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24ന് ആയിരുന്നു ലോക ക്ഷയരോഗ ദിനം ആചരിച്ചത്.