Connect with us

Articles

കാശ്മീര്‍: സഖ്യസര്‍ക്കാറും പ്രതിസന്ധികളും

Published

|

Last Updated

മാര്‍ച്ച് ഒന്നിന് നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ജമ്മു സര്‍വകലാശാലയിലെ സൊരോവര്‍ സ്റ്റേഡിയത്തില്‍ നടന്ന പി ഡി പി- ബി ജെ പി സഖ്യസര്‍ക്കാര്‍ പ്രഖ്യാപനത്തെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് വിശേഷിപ്പിച്ചത് ഉത്തരധ്രുവവും ദക്ഷിണ ധ്രുവവും തമ്മിലുള്ള സമാഗമമെന്നാണ്. 49 ദിവസത്തെ അനിശ്ചിതാവസ്ഥക്ക് അന്ത്യം കുറിച്ചാണ് 24 അംഗ മന്ത്രിസഭ രൂപവത്കരണവും ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് നിര്‍മല്‍ സിംഗിന്റെ സ്ഥാനാരോഹണവും നടന്നത്. രാജ്യത്തെ ഇതര സര്‍ക്കാറുകളില്‍ നിന്നു വ്യത്യസ്തമായി ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടാകുക സ്വാഭാവികം. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും ഇരു ധ്രുവങ്ങളിലുള്ള രണ്ട് ചേരികള്‍ അധികാരത്തിന് വേണ്ടി മാത്രം ഭായ്-ഭായ് ആയത് ആറ് വര്‍ഷത്തെ സഖ്യ സര്‍ക്കാറിന്റെ നിലനില്‍പ്പിനെ കുറിച്ചുള്ള ആശങ്ക ആദ്യത്തിലേ പരത്തിയിരുന്നു. സ്വാഭാവികമായ അത്തരം ആശങ്കകള്‍ അസ്ഥാനത്തല്ല എന്ന് തെളിയിച്ച ഒരു മാസമാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ശേഷം കഴിഞ്ഞു പോയത്. വിഘടനവാദി നേതാവായ മസ്‌റത്ത് ആലം ഭട്ട് ജയില്‍ മോചിതനായതോടെ അരങ്ങേറിയ രാഷ്ട്രീയ തര്‍ക്കവിതര്‍ക്കങ്ങളാണ് സഖ്യങ്ങള്‍ തമ്മിലുള്ള പോര് രൂക്ഷമാക്കിയ അവസാന സംഭവം.
കാശ്മീരിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയായ മുഫ്തി മുഹമ്മദ് സഈദ് രണ്ടാം തവണയാണ് സംസ്ഥാനത്തെ നയിക്കുന്നത്. സൊരോവര്‍ സ്റ്റേഡിയത്തിലെ ഔദ്യോഗിക ചടങ്ങുകള്‍ക്കു ശേഷം സുദീര്‍ഘമായ ആറ് വര്‍ഷത്തെ ഭരണത്തിന് ശുഭാരംഭം കുറിക്കേണ്ട മുഖ്യമന്ത്രി മുഫ്തിയുടെ ആദ്യ പ്രസ്താവന തന്നെ വിവാദങ്ങള്‍ക്ക് വഴിതുറന്നു. ഒരു ജനതയുടെ ജനാധിപത്യാശ്ലേഷണമാണ് സമ്മതിദാനാവകാശ വിനിയോഗം എന്നിരിക്കെ 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പോളിംഗ് രേഖപ്പെടുത്തിയത് കാശ്മീരില്‍ വളര്‍ന്നുവരുന്ന ജനാധിപത്യാവബോധത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് നല്‍കിയത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ കൊടും തണുപ്പിനെ അവഗണിച്ച് പോളിംഗ് ബൂത്തിലെത്തിയത് 65.23 ശതമാനം വോട്ടര്‍മാരാണ്. അഞ്ച് ഘട്ടങ്ങളിലും വിഘടനവാദികളെയോ പ്രതിബന്ധങ്ങളെയോ ഗൗനിക്കാതെ വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളില്‍ എത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. അഞ്ചാം ഘട്ടത്തില്‍ മാത്രം രേഖപ്പെടുത്തിയ 76.25 ശതമാനം, 25 വര്‍ഷത്തെ കാശ്മീര്‍ ചരിത്രത്തില്‍ ആദ്യ സംഭവമാണ്. ഈ സംഭവബഹുലമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സമാധാനപരമായി വിജയിപ്പിക്കാന്‍ പാക്കിസ്ഥാനും വിഘടനവാദികളും മിലിറ്റന്റ്‌സും സഹായിച്ചു എന്നും അതിനവരോട് നന്ദിയുണ്ടെന്നും പറഞ്ഞ മുഫ്തിയുടെ പ്രസ്താവനയാണ് പി ഡി പി-ബി ജെ പി സഖ്യപൂട്ടിന് ആദ്യ വിള്ളല്‍ വീഴ്ത്തിയത്.
മുഖ്യമന്ത്രി മുഫ്തി നന്ദി പറഞ്ഞത് തിരഞ്ഞെടുപ്പ് സമയത്ത് വിഘടനവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ അക്രമപരമോ തീവ്രവാദപരമോ ആയ നീക്കങ്ങള്‍ നടത്താതെ വിട്ടുനിന്നതുകൊണ്ടാണ്. പക്ഷേ, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മൂന്ന് മാസത്തെ ഇടവേളയില്‍ പ്രകടിപ്പിക്കാത്ത നന്ദിപ്രകാശനം സത്യപ്രതിജ്ഞക്ക് ശേഷം നടത്തിയതിന് പിന്നില്‍ ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ നേതാക്കളും പയറ്റുന്ന ചില രാഷ്ട്രീയ കൗശലങ്ങളുണ്ട് എന്നതില്‍ തര്‍ക്കമില്ല. അതില്‍ കവിഞ്ഞ ദേശവിരുദ്ധതയൊന്നും ആ പ്രസ്താവനയിലില്ല. മറിച്ചാണെങ്കില്‍ 28 സീറ്റുകള്‍ ലഭിച്ച ഫലപ്രഖ്യാപനം വന്നയുടനെ, മുന്ന് മാസം മുമ്പ് തന്നെ നടത്തേണ്ടതായിരുന്നു ആ നന്ദി വാക്കുകള്‍. അങ്ങനെയൊന്ന് സംഭവിച്ചുമില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കിന് ഒരു വിപരീതാര്‍ഥമുണ്ട്. അക്രമം അഴിച്ചുവിടാതെ തിരഞ്ഞെടുപ്പിനെ സഹായിച്ചവര്‍ എന്നു പറയുമ്പോള്‍ അവര്‍ അക്രമകാരികളാണ് എന്ന സന്ദേശമാണ് മുഫ്തി കൈമാറിയത്. എന്നാല്‍ പുതിയ മുഖ്യമന്ത്രിയുടെ നന്ദി പ്രകടനം തെറ്റാണെന്ന് ബി ജെ പി തിരിച്ചടിക്കുമ്പോള്‍ അവരൊന്നും അക്രമകാരികളോ ഉപദ്രവകാരികളോ അല്ല എന്ന സന്ദേശമാണ് രാജ്യത്തിന് വ്യംഗ്യമായി കൈമാറിയത്. യഥാര്‍ഥത്തില്‍ വലിയൊരു വിവാദ കോലാഹലമാണ് മുഫ്തിയുടെ നന്ദി പ്രകാശനത്തോടെ ഉണ്ടായത്. ഇത് സഖ്യസര്‍ക്കാറിലെ രണ്ട് പാര്‍ട്ടികള്‍ക്കും തിരിച്ചടിയായി. ഒന്നാം വിവാദം അവസാനിച്ചപ്പോള്‍ പോയിന്റ് നിലയില്‍ മാറ്റമില്ല. ഒന്നേ ഒന്ന്… പക്ഷേ പോരിന് തുടക്കം കുറിച്ചെന്ന് മാത്രം.
2001 ഡിസംബറില്‍ നടന്ന പാര്‍ലിമെന്റ് ആക്രമണക്കേസില്‍ വധശിക്ഷ നല്‍കിയ അഫ്‌സല്‍ ഗുരുവിന്റെ ഭൗതികശരീരം വിട്ടുതരാന്‍ പി ഡി പി ആവശ്യപ്പെട്ടതാണ് സഖ്യകക്ഷികള്‍ക്കിടയില്‍ ഉയര്‍ന്ന രണ്ടാമത്തെ വിവാദം. ജമ്മു കാശ്മീരിലെ ബാരമുല്ല സ്വദേശിയായ അഫ്‌സല്‍ ഗുരുവിനെ അസ്വാഭാവികമായി പ്രതിചേര്‍ക്കപ്പെട്ട സംഭവത്തെ കുറിച്ച് വധശിക്ഷ നടന്ന 2013 ഫെബ്രുവരി വരെയും അതിന് ശേഷവും ചര്‍ച്ചകള്‍ ഏറെ നടന്നതാണ്. അഴിമതിയും ക്രമക്കേടും നിറഞ്ഞൊഴുകുന്ന സമയത്ത് ഒരു ഭരണകൂടം പത്തുവര്‍ഷം തികച്ച് തിരഞ്ഞെടുപ്പിനൊരുങ്ങുംമുമ്പെ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് 2013 ല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. വധശിക്ഷ അറിയിപ്പ് നല്‍കിയുള്ള തപാല്‍ കത്ത് അഫ്‌സല്‍ ഗുരുവിന്റെ കുടുംബത്തിനയച്ചത് സാങ്കേതിക വികാസം ഇത്രയേറെ പുരോഗമിച്ച കാലത്താണെന്നത് പരിഹാസത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ഈ പരിഹാസ്യമായ വധശിക്ഷയും അവ്യക്തതയും കാശ്മീരികള്‍ക്കിടയില്‍ ഒരു വികാരമായി ഇപ്പോഴും നിലനില്‍ക്കുന്നതു കൊണ്ടാണ്, പി ഡി പി തികച്ചും എളുപ്പത്തില്‍ സാധ്യമല്ലാത്ത ഒരാവശ്യം ഉയര്‍ത്തിയത്. ഭൗതികാവശിഷ്ടം വിട്ടു താരാന്‍ ആവശ്യപ്പെട്ട പി ഡി പി നിലപാടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണമെന്താണെന്ന് ചോദിക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മികമായി ഒരു അവകാശവുമില്ല. കാരണം അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ തെറ്റായിപ്പോയെന്നും കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും അഭിപ്രായപ്പെട്ട് ശശി തരൂരും മണിശങ്കര്‍ അയ്യരുമൊക്കെ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചത് ഈയിടെയാണ്. തെക്കേ ഇന്ത്യയിലെ കേരളത്തില്‍ നിന്നുള്ള ഒരു എം പിക്ക് അഫ്‌സല്‍ ഗുരുവിന്റ വധശിക്ഷയെ കുറിച്ചുള്ള അഭിപ്രായം ഔദ്യോഗിക ഭാഷ്യത്തിനപ്പുറമൊന്നാണെങ്കില്‍ ജന്മനാട്ടില്‍ നിന്ന് അത്തരമൊരു ആവശ്യം ഉയര്‍ത്തി പി ഡി പി രംഗത്തെത്തിയതില്‍ അനൗചിത്യമുണ്ടെന്ന് പറയുന്ന അതേ സ്വരത്തില്‍ അതിശയോക്തിയില്ല എന്നും പറയാം.
സഖ്യസര്‍ക്കാറിന്റെ നിലനില്‍പ്പിന് ഏറെ ഭീഷണി ഉയര്‍ത്തിയ മുന്നാമത്തെ വിവാദമാണ് മുസ്‌ലിം ലീഗ് പ്രസിഡന്റും വിഘടനവാദി നേതാവുമായ മസ്‌റത്ത് ആലം ഭട്ട് ജയില്‍ മോചിതനായ സംഭവം. ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതെ ജയിലുകളില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നാല് വര്‍ഷത്തിന് ശേഷം ആലം ഭട്ടിന് മോചനം ലഭിച്ചത്. പാര്‍ലിമെന്റിനകത്തും പുറത്തും വന്‍ പ്രതിഷേധത്തിനിടയാക്കിയ പി ഡി പി തീരുമാനത്തിനെതിരെ ലോക്‌സഭയില്‍ മോദി തന്നെ ശക്തമായി രംഗത്തുവന്നതോടെ പി ഡി പി-ബി ജെ പി ബന്ധം കൂടുതല്‍ വഷളായി. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ രൂപവത്കൃതമായ സര്‍ക്കാറില്‍ പി ഡി പി ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണെന്നും കേന്ദ്രവുമായി കൂടിയാലോചിക്കാതെയാണ് ഇപ്പോഴത്തെ പി ഡി പി തീരുമാനമെന്നും പ്രതികരിച്ച മോദിക്ക് മുഫ്ത്തി മറുപടിയും നല്‍കി. ഹുറിയത്ത് നേതാവായ അലിഷാ ഗീലാനിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് മസ്‌റത്ത് ആലം ഭട്ട്. താഴ്‌വരയില്‍ 112 ജീവനുകള്‍ക്ക് ഹാനി സംഭവിച്ച, നാല് മാസം നീണ്ടുനിന്ന കല്ലേറ് സമരത്തിന്റെ ബുദ്ധികേന്ദ്രമെന്ന് കണ്ടെത്തി 2010 ഒക്‌ടോബറിലാണ് ആലമിനെ കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നിരവധി തവണ ജാമ്യം കിട്ടിയെങ്കിലും പൊതുസുരക്ഷാ നിയമത്തിന്റെ പേരില്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 2010ല്‍ 112 പേര്‍ കൊല്ലപ്പെടാനിടയായ സംഭവത്തിന് പിന്നില്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയാണെന്ന് വിശ്വസിക്കുന്നയാളാണ് ആലം ഭട്ട്. സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കു നേരെ അന്നത്തെ മുഖ്യമന്ത്രിയായ ഉമര്‍ അബ്ദുല്ലയുടെ നിര്‍ദേശപ്രകാരം വെടിവെക്കുകയായിരുന്നു എന്നാണ് മസ്‌റത്തിന്റെ ആരോപണം.
ഇപ്പോള്‍ യഥാര്‍ഥ പ്രതികള്‍ക്കു പുറമെ ഉപജാപങ്ങളിലൂടെയും ഗൂഢാലോചനകളിലൂടെയും കള്ളക്കേസില്‍ കുടുക്കി അഴിക്കുള്ളില്‍ കഴിയാന്‍ നിര്‍ബന്ധിതരായ അനേകം നിരപരാധികള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കണ്ണും നട്ടിരിക്കുകയാണ് കാശ്മീരികള്‍. തടവുകാരായി വിവിധ ജയിലുകളില്‍ കഴിയുന്ന കാശ്മീരുകാരുടെ എണ്ണത്തെക്കുറിച്ച് സുപ്രീം കോടതിയില്‍ പരാതി സമര്‍പ്പിച്ചിട്ട് പോലും ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ലെന്ന് സുപ്രീം കോടതി അഭിഭാഷകനായ ബിം സിംഗ് കഴിഞ്ഞ ദിവസം ചുണ്ടിക്കാട്ടിയിരുന്നു.
ലഭ്യമായ കണക്കുകള്‍ അനുസരിച്ച് കാശ്മീരിന് പുറമെ വാരാണസി, അഹ്മദാബാദ്, മുംബൈ, അലഹബാദ്, വഡോദര, ജയ്പൂര്‍, ലക്‌നൗ തുടങ്ങിയ ജയിലുകളിലായി മുന്നൂറോളം കാശ്മീരികള്‍ തടവുകാരുണ്ട്. 2010 മാര്‍ച്ച് 14ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ വിഭാഗം (എ ടി എസ്) അറസ്റ്റ് ചെയ്ത ശ്രീനഗറിലെ റെയിനാവാരി സ്വദേശി ബശീര്‍ ബാബയുടെ ജയില്‍ മോചനവും കാത്തിരിക്കുകയാണ് കുടുംബം. കാശ്മീര്‍ പോലീസ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും ഗുജറാത്ത് പോലീസ്, അഞ്ച് വര്‍ഷമായി നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്കുനേരെ കണ്ണടച്ച് അറസ്റ്റ് നീട്ടുകയാണ്. ജയിലുകളില്‍ കഴിയുന്ന നിരപരാധികളുടെ ആധിക്യം കാരണം പുതുതായി അധികാരത്തിലേറുന്ന ഭരണകൂടങ്ങള്‍ക്കു മുമ്പാകെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉയര്‍ത്താറാണ് പതിവ്. ആലമിനെ പുറത്തിറക്കിയ നടപടിയെ സ്വാമി അഗ്നിവേശ് പ്രശംസിക്കുകയുണ്ടായി. സര്‍ക്കാര്‍ രൂപവത്കരണം നടക്കാത്തതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കാലയളവിലാണ് ജയില്‍ മോചനവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ആലം പൂര്‍ത്തിയാക്കിയത് എന്ന് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തായത് ബി ജെ പിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഏതായാലും തമിഴ്‌നാട്ടിലെ ജയലളിതയോ കേരളത്തിലെ പിള്ളയോ അല്ല കാശ്മീരിലെ ആലം ഭട്ട് എന്ന് വ്യക്തമായിരിക്കുന്നു..
അതിനിടെ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് മസ്‌റത്ത് ആലമിന്റെ മോചനവിഷയം ഉയര്‍ത്തിക്കാണിച്ച് പാര്‍ലിമെന്റിന്റെ ഇരു സഭകളിലും ബഹളമുണ്ടാക്കിനോക്കി. പക്ഷേ, ചരിത്രം കോണ്‍ഗ്രസിനെ വല്ലാതെ പ്രഹരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. 2002 മുതല്‍ 2008 വരെ ഭരിച്ച പി ഡി പി സര്‍ക്കാറിനെ പിന്തുണച്ച കോണ്‍ഗ്രസ് ഹുര്‍റിയത്ത് നേതാവായ അലിഷാ ഗീലാനി ഉള്‍പ്പെടെയുള്ള വിഘടനവാദികളെ വിട്ടയച്ചതിനെ പിന്തുണച്ചവരാണ്. പ്രായാധിക്യം കൂടും തോറും കോണ്‍ഗ്രസിന് മറവി സംഭവിക്കുകയാണെന്ന് തിരിച്ചടിച്ച പി ഡി പി. എം പി ഫയാസ് അഹ്മദിന്റെ രൂക്ഷമായ വിമര്‍ശം രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചതല്ല. 2002ല്‍ പി ഡി പിയേയും 2008ല്‍ എന്‍ സിയേയും പിന്തുണച്ച കേണ്‍ഗ്രസ് 2014ല്‍ ഒറ്റക്ക് മത്സരിച്ച് നേടിയതാകട്ടെ 87 ല്‍ വെറും 12 സീറ്റും.
രാഷ്ട്രീയവും ഭരണപരവുമായ പ്രതിസന്ധിയില്ലാതെ സുഗമമായ ഭരണത്തുടര്‍ച്ചയാണ് കാശ്മീര്‍ ആവശ്യപ്പെടുന്നത്. ആറ് വര്‍ഷം ജനാഭിലാഷമറിഞ്ഞ് ഭരിക്കേണ്ട സഖ്യ സര്‍ക്കാറിന്റെ കെട്ടുറപ്പിന് തുടക്കത്തില്‍ തന്നെ ഭംഗം വന്നിരിക്കുകയാണ്. ഇത് പ്രതീക്ഷാവഹമല്ല. ദേശീയതലത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനായി കാശ്മീര്‍ കരുവാക്കപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ. ഭരണം മുപ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും വിവാദങ്ങള്‍ വേട്ടയാടി എന്നത് ശരിയാണെങ്കിലും കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉമര്‍ അബ്ദുല്ല ഊര്‍ജ പ്രതിസന്ധിയെ കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയെ കുറിച്ചും കാലോചിതമായ വികസനത്തെക്കുറിച്ചും സംസാരിച്ചത് സക്രിയമായ ഭരണത്തിലേക്ക് സംസ്ഥാനം തിരിച്ചുവരുന്നതിന്റെ സൂചനയാണ്.
കാശ്മീര്‍ പ്രശ്‌നത്തില്‍ മൂന്നാമതൊരു കക്ഷിക്ക് സ്ഥാനമില്ല എന്ന നിലപാട് നിലനിര്‍ത്തി വിഘടനവാദികളെ ചര്‍ച്ചക്കിരുത്താതിരുന്നാല്‍ എത്രത്തോളം ഫലദായകമാകുമെന്ന് കണ്ടറിയുക തന്നെ വേണം. ഭരണത്തിലിരുന്ന ആറു വര്‍ഷത്തെ ഉമര്‍ അബ്ദുല്ലയുടെ പൊതുവേദികളിലെ പ്രഭാഷണങ്ങളുടെ ഉള്ളടക്കം ചര്‍ച്ച മാത്രമാണ് പ്രശ്‌ന പരിഹാരത്തിനുള്ള പോംവഴിയെന്നാണ്. എന്നാല്‍ വിഘടനവാദികളുമായി ചര്‍ച്ചക്കിരിക്കണോ എന്ന കാര്യത്തില്‍ പി ഡി പിയോളം വ്യക്തമല്ല നാഷനല്‍ കോണ്‍ഫറന്‍സിന്റെ നിലപാട് എന്നതാണ് വസ്തുത. മാവോയിസ്റ്റുകളെ നേരിടുന്നതുപോലെ വിഘനടവാദികളെയും സായുധമായി നേരിടുന്ന വിഡ്ഢിത്തം കൂടുതല്‍ അശാന്തതക്കാണ് വഴിയൊരുക്കുക. കടിച്ചും തൂങ്ങിയും പി ഡി പിയോട് തോളുരുമ്മി ഭരണത്തില്‍ തുടരുന്നുവെങ്കിലും രാഷ്ട്രീയ കാലാവസ്ഥ പ്രതികൂലമാകുമ്പോള്‍ നേരത്തെ തന്നെ സ്വയം പാലം വലിച്ച് “ദേശീയ വികാരം” അനുകൂലമാക്കാനുള്ള നീക്കം ബി ജെ പിയില്‍ നിന്ന് എപ്പോഴും പ്രതീക്ഷിക്കാം. കാശ്മീര്‍ ആകുമ്പോള്‍ പ്രത്യേകിച്ചും.