Connect with us

National

കല്‍ക്കരി കേസ്: മന്‍മോഹന്‍ കോടതിയില്‍ ഹാജരാകേണ്ടെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിക്കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കോടതിയില്‍ ഹാജരാകേണ്ടെന്ന് സുപ്രീംകോടതി. ഏപ്രില്‍ എട്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി അയച്ച സമന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മന്‍മോഹന്‍ സിങ്ങിനെതിരായ വിചാരണാ നടപടികളും കോടതി സ്‌റ്റേ ചെയ്തു. സിബിഐക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് നാല് ആഴ്ചയ്ക്ക് ശേഷം വീണ്ടു പരിഗണിക്കും.
കാര്യങ്ങള്‍ ശരിയായി വിലയിരുത്താതെയാണ് കീഴ്‌ക്കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടി മന്‍മോഹന്‍ സിങ് നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. മുതിര്‍ന്ന അഭിഭാഷകനും മുന്‍കേന്ദ്രമന്ത്രിയുമായ കപില്‍ സിബലും മുന്‍കേന്ദ്ര നിയമമന്ത്രി അശ്വനി കുമാറും ഉള്‍പ്പെടെയുള്ളവരാണ് മന്‍ഹമോഹന് വേണ്ടി ഹാജരായത്.

ഹിന്‍ഡാല്‍കോ ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള, കല്‍ക്കരി വകുപ്പ് സെക്രട്ടറിയായിരുന്ന പി സി പരാഖ് എന്നിവുള്‍പ്പെടെ മറ്റു മൂന്നുപേര്‍ക്കുള്ള സമന്‍സും കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്‌. ഒഡീഷയിലെ കല്‍ക്കരിപ്പാടം നിയമവിരുദ്ധമായി അനുവദിച്ചെന്നും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതി മന്‍മാഹനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

വ്യവസായ പ്രമുഖനായ രാഷ്ട്രീയക്കാരന്‍ കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി സി പരേഖ് അടക്കം ആറ്‌പേരെയാണ് പ്രത്യേക കോടതി പ്രതിചേര്‍ത്തത്. ഏപ്രില്‍ എട്ടിന് കോടതിയില്‍ ഹാജരാകാനാണ് ഇവര്‍ക്ക് പ്രത്യേക സി ബി ഐ ജഡ്ജി ഭരത് പരാസര്‍ സമന്‍സ് അയച്ചത്. സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് വേണ്ടത്ര സുതാര്യത പാലിക്കാതെയാണെന്ന് സി ബി ഐ കോടതി വിലയിരുത്തിയിരുന്നു. ഒഡിഷയിലെ തലബീര11 കല്‍ക്കരിപ്പാടം 2005ല്‍ കുമാരമംഗലം ബിര്‍ളക്ക് അനുവദിച്ചതിലെ ക്രമക്കേടാണ് കേസിന് ആധാരം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ാം ഖണ്ഡിക ബി(ക്രിമിനല്‍ ഗൂഢാലോചന), 409(വിശ്വാസ വഞ്ചന), അഴിമതി നിരോധന നിയമം എന്നിവ അനുസരിച്ചാണ് കേസെടുത്തത്. ഇവര്‍ക്ക് പുറമെ ഹിന്‍ഡാല്‍കോ ലിമിറ്റഡ്, അതിലെ ഉദ്യോഗസ്ഥരായ സുബേന്ദു അമിതാഭ്, ഡി ഭട്ടാചാര്യ എന്നിവരേയും കോടതി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പരമാവധി ജീവപര്യന്തം തടവിന് വരെ ശിക്ഷിക്കാം.

ഒഡീഷയിലെ തലബീര11 കല്‍ക്കരിപ്പാടം 2005ല്‍ ഹിന്‍ഡാല്‍കോവിന് അനുവദിച്ചു കൊടുക്കുമ്പോള്‍ കല്‍ക്കരി വകുപ്പിന്റെ ചുമതല അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനായിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ സി ബി ഐ മന്‍മോഹന്‍ സിംഗിനെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് ചോദ്യം ചെയ്തിരുന്നു.

Latest