Connect with us

Kerala

ബാര്‍കോഴ: ആഭ്യന്തര വകുപ്പിനെതിരെ മാണിയും കേരള കോണ്‍ഗ്രസും

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി കെ എം മാണിയും കേരളാകോണ്‍ഗ്രസ് നേതാക്കളും ആഭ്യന്തര വകുപ്പിനെതിരെ ശക്തമായി രംഗത്തെത്തി.

കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് വിജിലന്‍സ് തള്ളിയ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണിയും ജനറല്‍ സെക്രട്ടറി ആന്റണി രാജുവും രംഗത്തെത്തിയത്. നിയമപരമായും ധാര്‍മികമായും തനിക്കെതിരെ കേസെടുക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് കെ എം മാണി നിലപാട് വ്യക്തമാക്കി. അനാവശ്യമായാണ് കേസെടുത്തത്.
തെളിവില്ലാത്ത കാര്യത്തിന് കേസെടുക്കാന്‍ സുപ്രിംകോടതി പോലൂം പറഞ്ഞിട്ടില്ല. കേസെടുത്തതില്‍ പരാതിയും പരിഭവവുമില്ല. മറ്റുള്ളവരുടെ പേരില്‍ കേസെടുക്കണമെന്നു താന്‍ പറയില്ല. ബാര്‍കോഴ ഗൂഢാലോചനക്ക് പിന്നിലെ മുഖ്യസൂത്രധാരനെ അറിയാം. എന്നായാലും അവര്‍ വെളിച്ചത്തുവരും. പുറത്തുപറയേണ്ടത് പറയേണ്ട സമയത്ത് പറയും. ഗൂഢാലോചനയുടെ ചുരുളഴിയുകയാണ്. താന്‍ നിരപരാധിയാണ്. തന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബാര്‍ കേസില്‍ രണ്ടുതരം നീതിയും നിയമവുമാണുണ്ടാവുന്നതെന്ന് ജനം പറയുന്നു. തനിക്കെതിരായ സമീപനം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇരട്ടത്താപ്പാണോയെന്ന് ജനം വിലയിരുത്തട്ടെ. കേസിനെ ഭയപ്പെടുന്നില്ല.
നിയമം നിയമത്തിന്റെ വഴിക്കുപോകും. അതേസമയം, ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായാണ് കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആന്റണി രാജു രംഗത്തെത്തിയത്. മാണിക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി ഇരട്ടത്താപ്പും അനീതിയുമാണെന്ന് ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മാണിക്കെതിരേ കോടതിയില്‍ രഹസ്യമൊഴി നല്‍കുകയോ അന്വേഷണ സംഘത്തിന് തെളിവും നല്‍കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ സുപ്രിംകോടതിയിലെ ലളിത കുമാരി കേസിലെ വിധിയുടെ പശ്ചാത്തലം കെ എം മണിക്ക് മാത്രം ബാധകമാവുന്നത് എങ്ങനെയെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണം. ബാര്‍ കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് പാര്‍ട്ടി നേരത്തെ പറഞ്ഞത് ബലപ്പെടുത്തുന്ന കാര്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും. കെ എം മാണിക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് വേറൊരു നീതിയുമാണ്. സാധാരണ പൗരന് കിട്ടേണ്ട നീതിപോലും മാണിക്ക് കിട്ടിയിട്ടില്ല. വിജിലന്‍സിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. മാണിക്കെതിരെ വായുവില്‍ നിന്ന് കേസെടുത്ത വിജിലന്‍സ് വ്യക്തമായ ആരോപണങ്ങളുന്നയിച്ചിട്ടും മറ്റുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. മാണിക്കെതിരെ കേസെടുത്തത് തെറ്റായിപ്പോയെന്ന വിജിലന്‍സിന്റെ കുറ്റസമ്മതമാണ് മറ്റു മന്ത്രിമാരുടെ കാര്യത്തില്‍ പുറത്തുവരുന്നത്. ആരുടെയും മൊഴിയെടുക്കുന്നതിന് മുമ്പുതന്നെ കെ എം മാണിയുടെ പേരില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വിജിലന്‍സ് ചെയ്തതെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു. ബാര്‍കോഴയില്‍ കെ എം മാണിക്കെതിരെ മാത്രം കേസെടുത്തതിനെതിരെ കേരളാ കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി രംഗത്തെത്തിയത് മുന്നണിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഉറപ്പായി.