Connect with us

Articles

ബീഫും ഭാരതീയ പാരമ്പര്യവും

Published

|

Last Updated

കമ്മ്യൂണിസത്തിന്റെ സ്ഥാപകാചാര്യനായ കാറല്‍ മാര്‍ക്‌സ് മിക്കവാറും ഞായറാഴ്ചകളിലെല്ലാം മദ്യപിക്കുക പതിവായിരുന്നു. ഇക്കാര്യം മാര്‍ക്‌സിന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നു കരുതി മാര്‍ക്‌സിന്റെ ജീവിതത്തിന്റെ പ്രധാന പ്രമേയവും സന്ദേശവും എന്നത് “എല്ലാ മനുഷ്യരും ഞായറാഴ്ചകളില്‍ മദ്യപിക്കുന്നവരാകണം” എന്നതായിരുന്നു എന്നു പറയു ക വയ്യല്ലോ.
ഇതുപോലെ ഗാന്ധിജി ഗോഹത്യ നിരോധിക്കണം എന്ന അഭിപ്രായമുള്ള ആളായിരുന്നു. പശു ഇറച്ചി പോയിട്ട് പശുവിന്റെ പാല്‍ പോലും ഉപയോഗിക്കുന്ന ശീലം മഹാത്മജിക്ക് ഇല്ലായിരുന്നു എന്നതും നേര് തന്നെ. എന്നു കരുതി ഗാന്ധിജിയുടെ വലിയ ജീവിതത്തിന്റെ സുപ്രധാന ദൗത്യവും സന്ദേശവും എന്നത് ഗോഹത്യാ നിരോധം ആയിരുന്നു എന്നു പറയുക സാധ്യമല്ല. പക്ഷേ, ബി ജെ പിക്കാര്‍ ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് ഗാന്ധിജിയുടെ ജീവിതത്തിന്റെ സുപ്രധാന ദൗത്യവും സന്ദേശവും ഗോഹത്യാ നിരോധമായിരുന്നു എന്നേത്ര. ഗാന്ധിജി ആഗ്രഹിച്ചതു നടപ്പാക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ചില നേതാക്കള്‍ പറയുന്നുണ്ട്.
ഇതൊക്കെ കേട്ടാല്‍ തോന്നുക “മാടുകളെ കൊല്ലരുത്; കൊന്നേ തീരൂ എന്നുണ്ടെങ്കില്‍ മുസ്‌ലിംകളെ കൊല്ലുക” എന്നതായിരുന്നു ഗാന്ധിജിയുടെ നിലപാട് എന്നാണ്.! ഇതില്‍ കൂടുതല്‍ ഗാന്ധിജി എന്ന വലിയ ജീവിതത്തിന്റെ സന്ദേശത്തെ വക്രീകരിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും ഉമ്മന്‍ ചാണ്ടിമാരായാല്‍ പോലും സാധ്യമാകുകയില്ല.
ഗാന്ധിജി ഇപ്പോള്‍ ജീവിച്ചിരുന്നു എന്നു വെയ്ക്കുക. കേരളത്തില്‍ ഗോഹത്യക്കെതിരായ പ്രക്ഷോഭവും ഗുജറാത്തില്‍ മുസ്‌ലിംവിരുദ്ധ കലാപവും നടക്കുന്നു എന്നും വെയ്ക്കുക. ഗാന്ധിജി എങ്ങോട്ടായിരിക്കും ആദ്യം ഓടിച്ചെല്ലുക? ഈ ചോദ്യത്തിനു, ഗാന്ധിജിയുടെ ജീവിതം വായിച്ചറിഞ്ഞിട്ടുള്ള ഏതൊരാള്‍ക്കും നല്‍കാനാവുന്ന മറുപടി, ഗാന്ധിജി ഗുജറാത്തിലേക്ക് പോകുകയും; എന്നിട്ട് “എന്നെ കൊന്നിട്ട് നിങ്ങള്‍ മുസ്‌ലിം സഹോദരങ്ങളെ ഉപദ്രവിക്കുക” എന്ന് ഹിന്ദുക്കളോട് പറയുകയും ചെയ്യും എന്നു തന്നെയാണ്.
അങ്ങനെ പറയുകയും ചെയ്യുകയും ചെയ്തിരുന്നു ഗാന്ധിജി എന്നതിനാലാണല്ലോ ഹിന്ദുരാഷ്ട്രവാദിയായ നാഥുറാം ഗോദ്‌സെ ഗാന്ധിജിയെ വെടിവെച്ചുകൊന്നത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം മുസ്‌ലിംകളും ഇന്ത്യക്കാരുമായ മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. അല്ലാതെ ഗോമാതാവിന് വേണ്ടിയായിരുന്നില്ല. ഇത് തെളിയിക്കുന്നത് ഗാന്ധിജിയുടെ അഹിംസാദര്‍ശനം ഗോഹത്യക്കെതിരായിരുന്നു എന്നതിനെക്കാള്‍ നൂറിരട്ടി ശക്തിയില്‍ നരഹത്യക്കെതിരായിരുന്നു എന്നത്രേ. നരഹത്യെക്കതിരായിരുന്ന ഗാന്ധിജിയെ ഗോഹത്യക്കെതിരായിരുന്ന ആളാക്കി ചിത്രീകരിച്ച് ലഘൂകരിക്കാനാണ് ബി ജെ പിക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരായ പ്രതിഷേധം കൂടിയാണ് “ബീഫ് ഫെസ്റ്റിവല്‍” പോലുള്ള നൂതന സമര മുറകളിലൂടെ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ രാജ്യമെമ്പാടും നടത്തിക്കൊണ്ടിരിക്കുന്നത്.
മാടിനെ കൊല്ലുന്ന ക്രൂരതയെക്കാള്‍ വളരെ വലുതാണ് മനുഷ്യന്‍ മുസ്‌ലിമോ ക്രിസ്ത്യാനിയോ കമ്മ്യൂണിസ്റ്റോ ആയിപ്പോയാല്‍ അവരെ കൊല്ലണം എന്നു ആക്രോശിക്കുന്ന ക്രൂരത. ഇപ്പറഞ്ഞ മഹാക്രൂരതയുടെ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ഹിന്ദു രാഷ്ട്ര വാദികളായ സംഘ്പരിവാരക്കാര്‍. അയോധ്യയും ഗുജറാത്തും ഒഡീഷയും മുസഫര്‍ നഗറും ഒക്കെ തെളിയിച്ചത് അതാണല്ലോ. അതിനാല്‍, മാടിനെ കൊല്ലരുതെന്ന് വാശി പിടിക്കുന്നതും അതേസമയം മുസ്‌ലിമിനെ കൊല്ലുന്നതില്‍ കൈയറപ്പ് വേണ്ടതില്ലെന്ന് തെളിയിക്കുന്നതുമായ വികൃതി വിരോധാഭാസത്തിന്റെ പേരാണ് ഹിന്ദു രാഷ്ട്രവാദ പ്രസ്ഥാനം എന്നു പറയാം. ഇതിനെതിരെ സന്ധിയില്ലാ സമരം ചെയ്തു പാരമ്പര്യമുള്ള സി പി എമ്മിനെ പോലുള്ള ജനാധിപത്യ മതേതര ബഹുജന പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രസക്തിയില്ലെന്ന് പറയുന്ന കെ വേണുവിനെ പോലുള്ളവര്‍, അവരറിയാതെ ഹിന്ദു രാഷ്ട്ര വാദികള്‍ക്ക് ചൂട്ട് പിടിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. നമുക്ക്, ഗോഹത്യാവിരോധി എന്നതിനേക്കാള്‍ നരഹത്യാ വിരോധിയായിരുന്ന മഹാത്മജി രാഷ്ട്രപിതാവായ ഭാരതത്തെ നിലനിര്‍ത്താന്‍ സി പി എമ്മിനെ പോലുള്ള പ്രസ്ഥാനങ്ങള്‍ അത്യാവശ്യമാണ്.
ഇന്ത്യക്കാര്‍ പശുവിനെ സ്‌നേഹിച്ചിരുന്നു. കാമധേനു എന്നൊക്കെ വിശേഷിപ്പിച്ച് പശുവിനെ ആദരിക്കുന്ന പാരമ്പര്യവും ഇന്ത്യക്കാര്‍ക്കുണ്ടായിരുന്നു. ഇതൊക്കെ ഇരിക്കേ തന്നെ പശുവിന്റെ പാലും മാംസവും മൂത്രവും വരെ ആഹാരമായും ഔഷധമായും ഉപയോഗിക്കുന്ന പതിവും ഇന്ത്യയില്‍ നിലനിന്നിരുന്നു. ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടെ ഏത് ആര്‍ എസ് എസ് നേതാവിനെക്കാളും വേദവേദാന്ത പാരംഗതനായിരുന്നു മനുസ്മൃതിയുടെ രചയിതാവെന്നു പറഞ്ഞാല്‍, ഒരു ആര്‍ എസ് എസുകാരനും അതിനോട് വിയോജിക്കുകയില്ലെന്ന് തീര്‍ച്ച. അതിഥിയെ മനുസ്മൃതി വിശേഷിപ്പിക്കുന്നത് “ഗോഘ്‌നന്‍” എന്നാണ്. “ഗോഘ്‌നന്‍” എന്നാല്‍ “പശു ഘാതകന്‍” എന്നര്‍ഥം. എന്താണ് ഈ വിശേഷണത്തിലൂടെ മനു പ്രകാശിപ്പിക്കുന്നത്? അതിഥി വീട്ടില്‍ വന്നാല്‍ അയാള്‍ക്ക് സല്‍ക്കാരത്തിനായി പശുവിനെ കൊല്ലുന്ന പതിവ് ഇന്ത്യയിലെ ബ്രാഹ്മണ ഗൃഹങ്ങളില്‍ പതിവായിരുന്നു എന്ന് തന്നെയാണ് മനു വ്യക്തമാക്കുന്നത്. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവര്‍ ദശരഥ മഹാരാജാവിന്റെ മക്കളായി പിറവിയെടുത്തത് അശ്വമേധം, പുത്രകാമേഷ്ടി തുടങ്ങിയ യാഗങ്ങള്‍ വിധിയാംവണ്ണം നടത്തിയതിന്റെ സദ്ഫലമായിട്ടാണെന്ന് വാല്‍മീകി രാമായണത്തില്‍ വായിക്കാം. ശ്രീരാമ ജനനത്തിന് വഴിയൊരുക്കാനായി വസിഷ്ഠന്‍, വാമദേവന്‍, ഋഷ്യശൃംഗന്‍ തുടങ്ങിയ മഹര്‍ഷി പുംഗവന്‍മാരുടെ നേതൃത്വത്തില്‍ അയോധ്യാപതിയായ ദശരഥ മഹാരാജാവ് നടത്തിയ അശ്വമേധാദി യാഗക്രിയകളില്‍ മുന്നൂറു പശുക്കളെ അറുത്തു ഹോമിച്ചിരുന്നു എന്നും വാല്‍മീകി രാമായണത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. ബി ജെ പിക്കാരുടെ ദേശീയ പുരുഷനായ ശ്രീരാമചന്ദ്രന്റെ ജനനാര്‍ഥം അനുഷ്ഠിക്കപ്പെട്ട യാഗത്തില്‍ തന്നെ മുന്നൂറ് ഗോമാതാക്കള്‍ അറുത്തു ഹോമിക്കപ്പെട്ടു എന്നു വാല്‍മീകി മഹര്‍ഷി എഴുതിവെച്ചിരിക്കേ, എങ്ങനെയാണ് തീര്‍ത്തും ഗോഹത്യാവിരുദ്ധമായിരുന്നു ഭാരതീയ സാംസ്‌കാരിക പാരമ്പര്യം എന്നു പറയുക?
ഇത്രയും സൂചിപ്പിച്ചത് പശുവിനെ ആദരിക്കല്‍ മാത്രമല്ല, ആവശ്യത്തിന് അറുക്കലും ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നെന്നു സൂചിപ്പിക്കാനാണ്. ഗോഹത്യ ഭാരതീയ പാരമ്പര്യത്തിന് കടകവിരുദ്ധമാണെന്നൊക്കെ ആക്രോശിക്കുന്നതിനു മുമ്പ് കുറഞ്ഞ പക്ഷം വാല്‍മീകി രാമായണമെങ്കിലും വായിക്കാന്‍ ബി ജെ പി, ശിവസേനാ നേതൃത്വം തയ്യാറാകേണ്ടിയിരുന്നു. സ്വാമി വിവേകാനന്ദന്‍ മനുവിനെയും വാല്‍മീകിയേയും ഒക്കെ നന്നായി വായിച്ചറിഞ്ഞ മഹാനായ ഹിന്ദു സന്ന്യാസിയായിരുന്നു. അതുകൊണ്ട് തന്നെ വിവേകാനന്ദ സ്വാമികള്‍ ഗോമാംസത്തിനെതിരായിരുന്നില്ല. അദ്ദേഹം എഴുതി: “ഞാന്‍ ഇങ്ങനെ പറയുന്നതു കൊണ്ട് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ബീഫ് കഴിക്കാത്തയാള്‍ നല്ല ഹിന്ദുവല്ല. (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, വാള്യം 3, പേജ് 536)
അതിനാല്‍ മനു, വാല്‍മീകി, മഹാത്മജി, വിവേകാനന്ദന്‍ തുടങ്ങിയവരെ ആധാരമാക്കി ഭാരതീയ പാരമ്പര്യത്തെ കണ്ടെത്തുന്ന എല്ലാ ഹിന്ദുവിനും മുസ്‌ലിംകളായ മനുഷ്യരെ കൊല്ലാം, പക്ഷേ, മാടുകളെ കൊല്ലരുത് എന്നതിലേക്ക് ഭാരതീയ പാരമ്പര്യത്തെ ചെറുതാക്കുന്ന ബി ജെ പി നിലപാടിനെ തള്ളിക്കളയേണ്ടിവരും. നമ്മുടെ രാജ്യത്തിപ്പോള്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Latest