Connect with us

Kerala

വാളയാര്‍ ചെക്ക് പോസ്റ്റ് പ്രശ്‌നം: ലോറികളുടെ അനിശ്ചികാല സമരം തുടരുന്നു

Published

|

Last Updated

പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റിലെ ഗതാഗതകുരുക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തി ലോറി ഉടമകളുടെ നേതൃത്വത്തില്‍ആരംഭിച്ച അനിശ്ചികാല സമരം തുടരുന്നു. ഓള്‍ ഇന്ത്യമോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്(എഐഎംടിസി) ന്റെ ആഭിമുഖ്യത്തിലാണ് സമരം.
ഇതോടെ പാലക്കാടുവഴിയുള്ള ചരക്കുനീക്കം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ചൊവ്വാഴ്ച അര്‍ധരാത്രിമുതലാണ് വാളയാര്‍ ഉള്‍പ്പടെയുള്ള ജില്ലയിലെ ഏഴു ചെക്കുപോസ്റ്റുകളില്‍ സമരം തുടങ്ങിയത്. കേരളത്തിലേക്കും പുറത്തേക്കും ഇതോടെ ചരക്കുനീക്കം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ഇന്നലെ വാളയാര്‍ ചെക്കുപോസ്റ്റിന്റെ രണ്ടു ഭാഗങ്ങളിലും ചരക്കുലോറികള്‍ കെട്ടികിടന്നിരുന്നു. സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ള നോട്ടീസുകളും ലോറികളില്‍ പതിപ്പിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി എത്തിചേര്‍ന്നിരുന്ന ചരക്കുലോറികള്‍ മാത്രമാണ് ക്ലിയറന്‍സ് ലഭ്യമായതിനെ തുടര്‍ന്ന് ചെക്കുപോസ്റ്റു കടന്നുപോയത്. കേരളത്തില്‍നിന്നും പത്തുശതമാനത്തോളം ലോറികള്‍മാത്രമാണ് ഇത്തരത്തില്‍ പോയിട്ടുള്ളതെന്നും വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സാധാരണ ദിവസങ്ങളില്‍ വാളയാറിലൂടെ മാത്രം 2500 ഓളം ചരക്കുലോറികളാണ് കടന്നുപോകാറുള്ളത്.ജില്ലയിലെ മറ്റു അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ വാളയാര്‍, വേലന്താവളം, ഗോപാലപുരം, കോഴിപ്പാറ,മീനാക്ഷിപുരം,നടുപ്പുണി തുടങ്ങിയ ചെക്ക് പോസ്റ്റുകള്‍ വഴിയും ചരക്കുനീക്കം നിലച്ചു.
കേരളത്തിലേക്കും പുറത്തേക്കും ചരക്ക് ലോറികള്‍ കടക്കാത്തതിനാല്‍ നിത്യേപയോഗസാധനങ്ങളുടെ വിലവര്‍ധിക്കുമോ എന്ന ആശങ്ക ജനങ്ങളില്‍ പരന്നിട്ടുണ്ട്.വണ്ടികള്‍ക്ക് വേഗം ക്ലിയറന്‍സ് ലഭിക്കാനായി ചെക്ക് പോസ്റ്റില്‍ സ്‌കാനിംഗ് മെഷീനും കാമറകളും സ്ഥാപിക്കുക, സുഗമമായ ചരക്ക് നീക്കത്തിന് ഗ്രീന്‍ ചാനല്‍ സംവിധാനം നടപ്പാക്കുക, വാഹനം പാര്‍ക്കുചെയ്യാന്‍ സൗകര്യമൊരുക്കുക, വാളയാര്‍ ചെക്കുപോസ്റ്റിന് സമീപം സംയുക്ത പരിശോധനയ്ക്കായി സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത സ്ഥലത്ത് ഇന്റഗ്രേറ്റഡ് ചെക്കുപോസ്റ്റ് തുടങ്ങുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ചെക്ക് പോസ്റ്റിലെത്തുന്ന ലോറി ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ നിര്‍മിക്കുക തുടങ്ങിയവയാണ് ലോറി ഉടമകളുടെ ആവശ്യം.
കഴിഞ്ഞദിവസവും ധനമന്ത്രി കെ എം മാണിയുടെ നേതൃത്വത്തില്‍ ചര്‍ച്ച തീരുമാനിച്ചിരുന്നെങ്കിലും ലോറി ഉടമകള്‍ ബഹി ഷ്‌കരിക്കു കയായിരുന്നു. കാലങ്ങളായുള്ള ആവശ്യം പൂര്‍ണമായും നടപ്പിലാക്കണമെന്നാണ് ഇവരുടെ നിലപാട്.

---- facebook comment plugin here -----

Latest