Connect with us

Ongoing News

ബാര്‍കോഴ: മാണിക്ക് ക്ലീന്‍ചിറ്റ് ഉടന്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴയില്‍ കേസെടുത്തതിന്റെ പേരില്‍ കെ എം മാണി ഇടഞ്ഞതോടെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ തിരക്കിട്ട ശ്രമം. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയും സമാന ആരോപണം ഉയര്‍ന്നതോടെ എത്രയും വേഗം പ്രശ്‌നപരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. മാണിയെ ഉടന്‍ കുറ്റവിമുക്തനാക്കിയാല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരായ അന്വേഷണം ഒഴിവാക്കാമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.

കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ലെന്ന ചോദ്യം കേരളാ കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഉയര്‍ന്നതോടെ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന ആശങ്കയിലാണ് മുന്നണി നേതൃത്വം. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി, കെ എം മാണിയുമായി ഇന്നലെ ഫോണില്‍ സംസാരിച്ചു. തനിക്കെതിരെ ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ക്വിക്ക്‌വെരിഫിക്കേഷന്‍ ഉത്തരവിടുകയും പിന്നീട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തവര്‍ ഇപ്പോള്‍ മറിച്ചൊരു നിലപാട് സ്വീകരിക്കുന്നതിലെ അതൃപ്തി മുഖ്യമന്ത്രിയെ മാണി അറിയിച്ചു. ബാര്‍ കോഴയില്‍ രണ്ട് തരം നീതിയാണെന്ന് കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. അതേസമയം, കേരളാ കോണ്‍ഗ്രസിന്റെ വാദത്തില്‍ കഴമ്പില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും കോണ്‍ഗ്രസിലെ ഐ വിഭാഗത്തിന്റെയും വാദം.
മാണി നിലപാട് കടുപ്പിച്ചതോടെയാണ് അനുനയ നീക്കങ്ങള്‍. തനിക്കെതിരെ ധാര്‍മികമായോ നിയമപരമായോ കേസെടുക്കേണ്ടിയില്ലായിരുന്നുവെന്ന മാണിയുടെ പ്രസ്താവനയെ പരോക്ഷമായി ഇന്നലെ മുഖ്യമന്ത്രി ശരിവെക്കുകയും ചെയ്തു. ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധി അടിസ്ഥാനമാക്കിയാണ് മാണിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, നിയമവൃത്തങ്ങളില്‍ നിന്ന് തന്നെ കേസെടുക്കേണ്ടതില്ലെന്ന അഭിപ്രായവും ഉയര്‍ന്നതായി മുഖ്യമന്ത്രി പറഞ്ഞു. മാണി കോഴ വാങ്ങിയെന്നതിന് നേരിട്ടുള്ള മൊഴിയോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പോകുന്നത് കണ്ടുവെന്നും കൊടുക്കാന്‍ പിരിച്ചെന്നുമാണ് മൊഴി. അതിനാല്‍, മാണിക്കെതിരെ കുറ്റപത്രം നല്‍കുന്ന സാഹചര്യം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ ഉറപ്പിച്ചുപറയുന്നത്. അന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വിജിലന്‍സും നടപടികള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ട്. ഇന്നലെ ആര്‍ ബാലകൃഷ്ണ പിള്ളയുടെ മൊഴിയെടുത്ത വിജിലന്‍സ്, ഈസ്റ്റര്‍ കഴിഞ്ഞാലുടന്‍ കെ എം മാണിയെ ചോദ്യം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുക്കാനും ശ്രമിക്കുന്നുണ്ട്. കോടതിയില്‍ ബിജു രമേശ് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുതിയ തലങ്ങളിലേക്ക് നീക്കേണ്ടതാണെങ്കിലും രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ മാത്രം കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് വിജിലന്‍സിന്റെ ശ്രമം.
കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയും ബിജു രമേശ് മൊഴി നല്‍കിയതോടെ അക്കാര്യം ചൂണ്ടിക്കാട്ടി വിലപേശല്‍ ശ്രമം നടത്തുകയാണ് കേരളാ കോണ്‍ഗ്രസ്. രണ്ട് തരം നീതിയെന്ന കേരളാ കോണ്‍ഗ്രസിന്റെ വിമര്‍ശം ലക്ഷ്യമിടുന്നതും ഇത് തന്നെ. മാണി ലക്ഷ്യമിടുന്നത് ആഭ്യന്തര മന്ത്രിയെയാണെന്ന് വ്യക്തമായതോടെ പ്രതിരോധവുമായി ഐ ഗ്രൂപ്പും രംഗത്തുണ്ട്.
മാണിക്കെതിരെ ഉയര്‍ന്ന ആരോപണവും ഇപ്പോള്‍ പുറത്തുവന്ന ശബ്ദരേഖയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. വി എസ് കൈമാറിയ ശബ്ദരേഖയില്‍ ഒന്നും വ്യക്തമല്ലെന്നും അതുകൊണ്ടാണ് അന്വേഷിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചതെന്നും വിജിലന്‍സും വിശദീകരിക്കുന്നു.

Latest